പുന്നമടയിൽ ഗുണ്ടാവി​ളയാട്ടം; മൂന്ന് പേർക്ക് പരിക്ക്

Tuesday 04 June 2024 1:18 AM IST

ആലപ്പുഴ: പുന്നമട ഫിനിഷിംഗ് പോയിന്റിൽ ഹൗസ്ബോട്ട് മേഖലയിൽ പ്രവർത്തിക്കുന്ന യുവാക്കൾ ഏറ്റുമുട്ടിയതിനെത്തുടർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. വിനോദസഞ്ചാരികളെ ഹൗസ് ബോട്ടിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട് ഒരുമാസം മുമ്പുണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് ആക്രമണം. കമ്പിവടി കൊണ്ടുള്ള അടിയിൽ താടിയെല്ല് തകർന്ന ആകാശ് എന്ന യുവാവിനെ ആലപ്പുഴ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ലിബിൻ, അഖിൽ എന്നിവർക്കും പരിക്കേറ്റു. അഞ്ചുപേർക്കെതിരെ നോർത്ത് പൊലീസ് കേസെടുത്തു. ഷിജിൻ, പ്രജീഷ്, കൊച്ചുമോൻ, വിമൽ എന്നീ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹൗസ്ബോട്ട് ടെർമിനലിന് സമീപം കായലിനോട് ചേർന്നുള്ള സ്വകാര്യഹോട്ടലിന്റെ പ്രദേശത്തായിരുന്നു ആക്രമണം. ഞായറാഴ്ച ഉച്ചക്ക് 2.30നാണ് സംഭവങ്ങൾക്ക് തുടക്കം. തർക്കം നടക്കുന്നതറിഞ്ഞ് നോർത്ത് പൊലീസ് സ്ഥലത്തെത്തി. ഇവർ മടങ്ങിയതിന് പിന്നാലെ വൈകിട്ട് 5.30ന് കൂടുതൽ പേരെത്തി സംഘം ചേർന്ന് യുവാക്കളെ മർദിക്കുകയായിരുന്നു. കമ്പിവടി, പൈപ്പ് തുടങ്ങിയവ ഉപയോഗിച്ച് വളഞ്ഞിട്ടായിരുന്നു ആക്രമണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

Advertisement
Advertisement