 ചൂട് പാഠം പഠിപ്പിച്ചുവെന്ന് തിര. കമ്മിഷൻ പൊതുതിര. ഏപ്രിലിൽ പൂർത്തിയാക്കും

Tuesday 04 June 2024 1:22 AM IST

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന 33 ജീവനക്കാർ ചൂടേറ്റ് മരിച്ച സാഹചര്യത്തിൽ ഇനി മുതൽ പൊതുതിരഞ്ഞെടുപ്പ് ഏപ്രിൽ മാസത്തിൽ പൂർത്തിയാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ. രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ വിദേശ സഹായത്തോടെ ചില ശ്രമങ്ങൾ നടക്കുന്നതായും വോട്ടെടുപ്പിന്റെ തലേന്നാൾ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം വിശദീകരിച്ചു.

വോട്ടെണ്ണൽ അടക്കം തിരഞ്ഞെടുപ്പ് പ്രക്രിയകളെല്ലാം സുതാര്യമാണ്. ഈ പൊതുതിരഞ്ഞെടുപ്പിൽ തങ്ങൾ പഠിച്ച വലിയൊരു പാഠമാണ് ചൂടത്ത് വോട്ടെടുപ്പ് നടത്തരുതെന്ന്. തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ടവർ ചൂടേറ്റ് മരിച്ചത് ഞങ്ങളെ പാഠം പഠിപ്പിച്ചു. അടുത്ത പൊതുതിരഞ്ഞെടുപ്പ് ഏപ്രിലിനുള്ളിൽ തീർക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറ‌ഞ്ഞു.

അതേസമയം, വോട്ടെടുപ്പ് സമയത്ത് വിവിധ കക്ഷികൾ ഉന്നയിച്ച പരാതികളെല്ലാം പരിഹരിച്ചു. വോട്ടെടുപ്പ് സംവിധാനം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാണെങ്കിലും ചില കോണുകളിൽ നിന്ന് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. പ്രത്യേക രീതിയിൽ,പ്രത്യേക രൂപകല്പനയോടെ വിദേശ സഹായത്തോടെയാണത്. 2019ലെ തിരഞ്ഞെടുപ്പ് സമയത്തും സമാനമായ പ്രചാരണമുണ്ടായി.

പോളിംഗ് വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ കാലതാമസം വരുത്തുകയോ അതിൽ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ല. എന്നിട്ടും ക്രമക്കേടുകളുണ്ടെന്ന് പറയുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയേണ്ടതുണ്ട്. അടുത്ത തവണ അത്തരം ശ്രമങ്ങളെയും നേരിടും.

മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളുമായി ബന്ധപ്പെട്ട 495 പരാതികളിൽ 90 ശതമാനവും തീർപ്പാക്കി. ആർജ്ജിത ബുദ്ധി(എ.ഐ) ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജ ഉള്ളടക്കങ്ങൾ തടയാൻ കഴിഞ്ഞു. തപാൽ വോട്ടുകൾ എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന പ്രതിപക്ഷ ആവശ്യം പ്രായോഗികമല്ല. അതിനാൽ തപാൽ ബാലറ്റ് ആദ്യം എണ്ണി അരമണിക്കൂറിനുള്ളിൽ വോട്ടിംഗ് യന്ത്രങ്ങളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കാശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ ഉടൻ ആരംഭിക്കും. സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പോളിംഗാണ് രേഖപ്പെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് കാലത്ത് ഏകദേശം 10,000 കോടിയുടെ കള്ളപ്പണം പിടികൂടി. തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ,സുഖ്‌ബീർ സിംഗ് സന്ധു എന്നിവരും പങ്കെടുത്തു.

വോട്ടു ചെയ്‌തത്

64.2 കോടി വോട്ടർമാർ

ഏഴു ഘട്ടമായി നീണ്ട ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 31.2കോടി സ്ത്രീകൾ ഉൾപ്പെടെ 64.2 കോടി വോട്ടർമാരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചതെന്ന് രാജീവ് കുമാർ അറിയിച്ചു. ഇത് ലോക റെക്കാഡാണ്. ജി7 രാജ്യങ്ങളിലെ വോട്ടർമാരുടെ ഒന്നര മടങ്ങും 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ രണ്ടര ഇരട്ടിയുമാണിത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സൂക്ഷ്മമായ പ്രവർത്തനം മൂലം റീപോളുകൾ കുറച്ചുവെന്നും മുഖ്യ തിര. കമ്മിഷണർ പറഞ്ഞു. 2019 ലെ 540ൽ നിന്ന് ഇക്കൊല്ലം 39 ഇടത്ത് മാത്രമാണ് വീണ്ടും വോട്ടെടുപ്പ് നടന്നത്. അതിൽ 25ഉം രണ്ടു സംസ്ഥാനങ്ങളിൽ.

Advertisement
Advertisement