പ്രാദേശിക കക്ഷികൾക്ക് നിർണായകം ഈ വിധി

Tuesday 04 June 2024 1:23 AM IST

ന്യൂഡൽഹി: തെക്കെ ഇന്ത്യയിലടക്കം ബി.ജെ.പി കരുത്തു തെളിയിച്ചാൽ,

പ്രാദേശിക പാർട്ടികളുടെ മേൽ നേടുന്ന വിജയം കൂടിയാകും. ബി.ജെ.പി പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ മറികടക്കുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ. മമതാ ബാനർജിയുടെ തൃണമൂൽ കോട്ട തകർന്നാൽ, ബംഗാൾ രാഷ്ട്രീയത്തിന്റെ തലവര മാറാം.

മമത സംസ്ഥാനത്ത്അധികാരം പിടിച്ചപ്പോൾ സി.പി.എമ്മിന്റെ തലവരയാണ് മാറിപ്പോയത്. ആ വിധി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മമതയെ കാത്തിരിക്കുകയാണോ എന്നതിന്റെ സൂചന കൂടിയാവും ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലം.

ടി.ഡി.പിയുടെ ചന്ദ്രബാബു നായിഡുവിനൊപ്പം ആന്ധ്രയിൽ നേടുന്ന വിജയം വൈ.എസ്.ആർ. കോൺഗ്രസിന്റെയും ജഗൻ മോഹൻ റെഡ്‌ഡിയുടെയും നിലനിൽപ്പിനെ ബാധിച്ചേക്കാം. 24 വർഷമായി ഒഡീഷ ഭരിക്കുന്ന നവീൻ പട്നായിക്കിന്റെയും ബി.ജെ.ഡിയുടെയും ഭാവിയും ഇന്നറിയാം. ബി.ജെ.ഡിയുടെ മുൻ ഭരണ പങ്കാളിയായ

ബി.ജെ.പി ഒറ്റയ്‌ക്ക് സംസ്ഥാനം ഭരിക്കുമോയെന്നും കോൺഗ്രസിന്റെ തിരിച്ചുവരവുണ്ടാകുമോയെന്നും അറിയാം.

ഇന്ത്യ മുന്നണിയിലെ പ്രധാന കക്ഷികളിലൊന്നായ ഡി.എം.കെയ്‌ക്കും എം.കെ. സ്റ്റാലിനും എതിരാളിയായി

ബി.ജെ.പി വളരുമോ എന്നതും അറിയാനാവും.

അണ്ണാ ഡി.എം.കെ ദുർബലമായ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബി.ജെ.പിയുടെ വളർച്ച ഡി.എം.കെയ്‌ക്ക് ആശങ്കയുണ്ടാക്കും. യു.പിയിൽ അഖിലേഷ് യാദവിന്റെ സമാജ‌്‌വാദി പാർട്ടി, മായാവതിയുടെ ബി.എസ്.പി, ബിഹാറിൽ എൻ.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.യു, ലാലു പ്രസാദിന്റെ ആർ.ജെ.ഡി തുടങ്ങിയ കക്ഷികളും ഉദ്വേഗത്തോടെയാണ് വോട്ടെണ്ണലിനെ കാണുന്നത്.

Advertisement
Advertisement