വിജിലൻസ് അന്വേഷണം: കുഴൽനാടന്റെ ഹർജി 18ന്

Tuesday 04 June 2024 1:25 AM IST

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്‌ക്കുമെതിരെ അന്വേഷണം നടത്തണമെന്ന പരാതി വിജിലൻസ് കോടതി തള്ളിയതിനെതിരെ മാത്യു കുഴൽനാടൻ എം.എൽ.എ ഫയൽ ചെയ്ത ഹ‌ർജി സമാന ആവശ്യം ഉന്നയിക്കുന്ന ഹർജിക്കൊപ്പം പരിഗണിക്കാൻ മാറ്റി. ജൂൺ 18ന് രണ്ട് ഹർജികളിലും പ്രാഥമികവാദം കേൾക്കും. കളമശ്ശേരി സ്വദേശി ഗിരീഷ്ബാബുവാണ് സമാന ആവശ്യവുമായി ഹർജി നൽകിയിരുന്നത്. അദ്ദേഹം നിര്യാതനായതിനാൽ കോടതി അമിക്കസ് ക്യൂറിയെ വച്ച് നടപടി തുടരുകയാണ്.

വീണയുടെ സ്ഥാപനം സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് ഇല്ലാത്ത സേവനത്തിന് പ്രതിഫലം കൈപ്പറ്റിയെന്ന ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ട് പ്രകാരമാണ് കുഴൽനാടന്റെ ഹർജി.

ഇതിൽ സർക്കാരിനെ കക്ഷിയാക്കിയില്ലെന്നും വിജിലൻസ് കോടതിയിൽ സർക്കാർ നൽകിയ വിശദീകരണത്തെക്കുറിച്ച് പറയുന്നില്ലെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വാദിച്ചു.
പ്രഥമദൃഷ്ട്യാ കേസുണ്ടോ എന്ന് പരിശോധിച്ച് തീരുമാനമെടുക്കുന്നതിന് പകരം തിരുവനന്തപുരം വിജിലൻസ് കോടതി കേസിന്റെ മെരിറ്റിലേക്ക് കടന്നത് തെറ്റാണെന്ന് കുഴൽനാടൻ വാദിച്ചു. കോടതി ആവശ്യപ്പെടുന്ന അധിക രേഖകൾ ഹാജരാക്കാമെന്നും വ്യക്തമാക്കി.
ഗിരീഷ്ബാബുവിന്റെ ഹർജിയിൽ മുഖ്യമന്ത്രിക്ക് പുറമെ യു.ഡി.എഫ് നേതാക്കളെയും എതിർകക്ഷിയാക്കിയിട്ടുണ്ട്.
അന്വേഷണാവശ്യം തള്ളിയ ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാൻ വിജിലൻസ് കോടതിയോട് നിർദ്ദേശിക്കണമെന്നാണ് രണ്ട് ഹർജികളിലെയും ആവശ്യം.

Advertisement
Advertisement