പിരിമുറുക്കം ഉള്ളിലൊതുക്കി കൂളായി സ്ഥാനാർത്ഥികൾ

Tuesday 04 June 2024 1:27 AM IST

തിരുവനന്തപുരം: തിര‌ഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള പിരിമുറുക്കം ഉള്ളിലൊതുക്കി ഇന്നലെയും സംസ്ഥാനത്തെ ലോക്സഭാ സ്ഥാനാർത്ഥികളിൽ മിക്കവരും പൊതുപരിപാടികളിലടക്കം സജീവമായിരുന്നു. അവസാനവട്ട കൂട്ടലും കിഴിക്കലും നടത്തി.

കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് മൂവാറ്റുപുഴ ഇടവകപള്ളിയിലെ പതിവ് പ്രാർത്ഥന മുടക്കിയില്ല. എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ഇടവക പള്ളിയായ എസ്.എച്ച് മൗണ്ട് ദേവാലയത്തിലെ കുർബാനയിൽ പങ്കുകൊണ്ടു. എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി ഇന്നലെ കണിച്ചുകുളങ്ങരയിലെ വീട്ടിലുണ്ടായിരുന്നു. എസ്.എൻ.ഡി.പി യോഗത്തിന്റെയും ബി.ഡി.ജെ.എസിന്റെയും നേതാക്കളുമായി ചർച്ചകൾ നടത്തി.

തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ പുത്തൂരിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണച്ചടങ്ങിൽ പങ്കെടുത്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാർ സി.പി.ഐ ജില്ലാകമ്മിറ്റി ഓഫീസിൽ സജീവമായിരുന്നു. എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി കോട്ടയം ഏറ്റുമാനൂർ ക്ഷേത്രത്തിലും എരുമേലിയിലെ രണ്ടു ക്ഷേത്രങ്ങളിലും ദർശനം നടത്തി.

ചേലക്കരയിലെ സ്കൂൾ പ്രവേശനോത്സവ പരിപാടികളിൽ ആലത്തൂർ എൽ.ഡി.എഫ് സ്ഥാനാർത്ഥി മന്ത്രി കെ.രാധാകൃഷ്ണൻ പങ്കെടുത്തു. യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് തൃശൂരിൽ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിലും. വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ ഇന്നലെ കോഴിക്കോട്ട് വിവിധ പരിപാടികളിൽ പങ്കെടുത്തു.വിവാഹ ചടങ്ങുകളിലും മരണ വീടുകളിലും പോയി.

കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ ഡി.സി.സി ഓഫീസിൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ജയരാജൻ പാർട്ടി യോഗങ്ങളിലടക്കം സജീവമായിരുന്നു. പാലക്കാട്ടെ ഇടതു സ്ഥാനാർത്ഥി എ.വിജയരാഘവൻ തൃശൂരിൽ പാർട്ടി പരിപാടികളുടെ തിരക്കിലായിരുന്നു.

എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ മകൾ ക്ലാരയെ കളമശേരി രാജഗിരി സ്‌കൂളിലാക്കാൻ കുടുംബ സമേതം പോയിരുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ.ഷൈൻ ലണ്ടനിൽ വെടിയേറ്റ പത്തുവയസുകാരി ലിസേൽ മരിയയുടെ ഗോതുരുത്തിലെ വീട് സന്ദർശിച്ചു.

കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷ് ഔദ്യോഗിക പരിപാടികളുടെ തിരക്കിലായിരുന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ ചില മരണ വീടുകളിലടക്കം സന്ദർശനം നടത്തി.

ഡൽഹിയിലായിരുന്ന ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാൽ രാത്രിയോടെ മണ്ഡലത്തിലെത്തി. ഇടതു സ്ഥാനാർത്ഥി എ.എം.ആരിഫ് ഇന്ന് സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിൽ പ്രവർത്തകർക്കൊപ്പമിരുന്നാവും ഫലം കാണുക. എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഇന്നലെ ആലപ്പുഴയിലെത്തി.

പാർട്ടി ഓഫീസിലും വീട്ടിലും

തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ, ആറ്റിങ്ങലിലെ സ്ഥാനാർത്ഥി അടൂർ പ്രകാശ് എന്നിവർ ഇന്നുരാവിലെ കൗണ്ടിംഗ് സ്‌റ്റേഷനിലെത്തും. തുടർന്ന് തരൂർ ശാസ്തമംഗലത്തെ വീട്ടിലും അടൂർ പ്രകാശ് കെ.പി.സി.സി ഓഫീസിലുമിരുന്നാകും ഫലം വീക്ഷിക്കുക. എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ പന്ന്യൻ രവീന്ദ്രൻ പട്ടം പി.എസ് സ്മാരകത്തിലും വി.ജോയി ജില്ലാകമ്മിറ്റി ഓഫീസിലും ബി.ജെ.പി സ്ഥാനാർത്ഥികളായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ എന്നിവർ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലുമുണ്ടാവും.

മുഖ്യമന്ത്രി തലസ്ഥാനത്ത്

മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിലും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കന്റോൺമെന്റ് ഹൗസിലുമിരുന്നാകും തിരഞ്ഞെടുപ്പ് ഫലം വീക്ഷിക്കുക. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എ.കെ.ജി സെന്ററിലും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തിരുവനന്തപുരത്ത് മാരാർജി ഭവനിലും. കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ, എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ എന്നിവർ കണ്ണൂരിലാണ്. യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ഇന്ദിരാഭവനിലുണ്ടാകും.

Advertisement
Advertisement