രണ്ടാംനിരയ്ക്ക് ചുമതല നൽകി കേജ്‌രിവാൾ, ഡൽഹി സർക്കാരിൽ ഭരണ ഏകോപനം അതിഷിക്ക്

Tuesday 04 June 2024 12:28 AM IST

 പാർട്ടി ഏകോപനം സന്ദീപിന്

 സുനിത ചുമതലകളില്ല

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കഴിഞ്ഞ ദിവസം വീണ്ടും ജയിലിൽ പോയത് രണ്ടാംനിര നേതാക്കൾക്ക് സർക്കാരിന്റെയും പാർട്ടിയുടെയും ചുമതല നൽകിയ ശേഷം. ആംആദ്മി പാർട്ടി ദേശീയ കൺവീനറുമാണ് കേജ്‌രിവാൾ.

വിദ്യാഭ്യാസ മന്ത്രി അതിഷിക്കാണ് സർക്കാർ പ്രവർത്തനങ്ങളുടെ ചുമതല. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പഥക് സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഡൽഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ്, നേതാക്കളായ ദുർഗേഷ് പതക്, സഞ്ജീവ് ഝാ, ദിലീപ് പാണ്‌ഡെ എന്നിവർ സന്ദീപ് പതകിനെ സഹായിക്കും.

അതേസമയം, പാർട്ടിയുടെ രാജ്യസഭാ എം.പി. സഞ്ജയ് സിംഗിന് പ്രത്യേക ചുമതലകൾ നൽകിയിട്ടില്ലെന്നാണ് വിവരം. സ്വാതി മലിവാൾ വിഷയത്തിൽ സഞ്ജയ് സിംഗ് സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

കേജ്‌രിവാളിന്റെ ഭാര്യ സുനിതയ്ക്കും പ്രത്യേക ഉത്തരവാദിത്വം നൽകിയിട്ടില്ല. സുനിതയ്‌ക്ക് സജീവ രാഷ്ട്രീയത്തോട് താത്പര്യമില്ലെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും കേജ്‌രിവാൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രമുഖർ ജയിലിൽ;

വേണം രണ്ടാംനിര

മദ്യനയക്കേസിൽ സുപ്രീംകോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിച്ച ഞായറാഴ്ച കേജ്‌രിവാൾ തിഹാർ ജയിലിൽ തിരിച്ചെത്തിയിരുന്നു. പാർട്ടി പ്രവർത്തകർക്ക് ഊർജ്ജം പകരാനും, സംഘടനാ പ്രവർത്തനങ്ങൾ തടസമില്ലാതെ മുന്നോട്ടുപോകാനുമാണ് രണ്ടാംനിര നേതാക്കളെ വളർത്തിയെടുക്കുന്നത്. ഒന്നാംനിര നേതാക്കളായ മനീഷ് സിസോദിയ, സത്യേന്ദർ ജെയ്ൻ എന്നിവരും ജയിലിലാണ്. ഭരണ കാര്യങ്ങളിലും വീഴ്ച വരാതെ നോക്കണം. സർക്കാരിൽ കേജ്‌രിവാളിന്റെ ഏറ്റവും വിശ്വസ്തയാണ് അതിഷി. ഫയലുകൾ ജയിലിൽ എത്തിച്ച് കേജ്‌രിവാൾ ഒപ്പിടുന്നത് സുപ്രീംകോടതി വിലക്കിയിരുന്നു.

കേജ്‌രിവാൾ സമർപ്പിച്ച ജാമ്യാപേക്ഷയിൽ നാളെയാണ് ഡൽഹി റോസ് അവന്യു കോടതി വിധി പറയുന്നത്. മോശം ആരോഗ്യസ്ഥിതിയും,​ മെഡിക്കൽ പരിശോധനകൾ നടത്തണമെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ.

Advertisement
Advertisement