ഹൈദരാബാദിൽ നിന്ന് ഒഴിവാകൽ, കോർപ്പറേഷനുകൾ ഉൾപ്പെടെ ആന്ധ്രയ്ക്ക് വിഭജനം ബാക്കി

Tuesday 04 June 2024 12:30 AM IST

ഹൈദരാബാദ്: ഹൈദരാബാദ് തെലങ്കാനയുടെ മാത്രം തലസ്ഥാനമായി മാറിയ സ്ഥിതിക്ക് തുടർ നടപടികൾ സ്വീകരിക്കുക ഇന്ന് ഭരണം പിടിക്കുന്ന പുതിയ ആന്ധ്രാസർക്കാരാവും. ആന്ധ്രാവിഭജനത്തിന്റെ പത്തു വർഷം ഞായറാഴ്ച പൂർത്തിയായിരുന്നു. തുടർന്നാണ് 2014ലെ ആന്ധ്രപ്രദേശ് പുനഃസംഘടനാനിയമമനുസരിച്ച് ഹൈദരാബാദ് തെലങ്കാനയ്ക്ക് മാത്രമായത്. അമരാവതിയാണ് ആന്ധ്രാ തലസ്ഥാനം.

2016ൽ ടി.ഡി.പി അദ്ധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡു ആന്ധ്ര മുഖ്യമന്ത്രിയായിരുപ്പോൾ സെക്രട്ടേറിയറ്റും സംസ്ഥാന ഭരണവും അമരാവതിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ വിവിധ സ്ഥാപനങ്ങളുടെയും കോർപ്പറേഷനുകളുടെയും വിഭജനമുൾപ്പെടെ പൂർത്തിയാക്കിയിരുന്നില്ല.

പുനഃസംഘടനാ നിയമമനുസരിച്ച്, 89 സർക്കാർ കമ്പനികളും കോർപ്പറേഷനുകളും ഒമ്പതാം ഷെഡ്യൂളിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സീഡ്സ് ഡെവലപ്‌മെന്റ് , അഗ്രോ ഇൻഡസ്ട്രിയൽ, വെയർഹൗസിംഗ് കോർപ്പറേഷനുകളും വിവിധ ആന്ധ്രാ സർക്കാർ കമ്പനികളും ഇതിലുൾപ്പെടുന്നു.

നിയമത്തിന്റെ പത്താം ഷെഡ്യൂളിൽ എ.പി കോ-ഓപ്പറേറ്റീവ് യൂണിയൻ, എൻവയൺമെന്റ് പ്രൊട്ടക്‌ഷൻ ട്രെയിനിംഗ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഫോറസ്റ്റ് അക്കാഡമി, സെന്റർ ഫോർ ഗുഡ് ഗവേണൻസ്, ആന്ധ്ര പൊലീസ് അക്കാഡമി തുടങ്ങിയ 107 സ്ഥാപനങ്ങളും ഉൾപ്പെടുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ആസ്തി സംബന്ധിച്ച തർക്കത്തിനും പരിഹാരമായിട്ടില്ല.

തെലങ്കാനയ്ക്ക് ചിഹ്നമായില്ല

തെലങ്കാന സംസ്ഥാന ചിഹ്നത്തിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ചിഹ്നത്തിൽ നിന്ന് ചാർമിനാറും കാകതീയ കമാനവും നീക്കം ചെയ്യാൻ നിർദ്ദേശിച്ചത് വിവാദമായിരുന്നു. ചിഹ്നത്തിന് അഞ്ഞൂറിലധികം മോഡലുകളാണ് സർക്കാരിന്റെ പക്കലുള്ളത്. അതേസമയം, സംസ്ഥാനത്തിനായുള്ള പോരാട്ടത്തിന് ആവേശം പകർന്ന ജയ ജയഹേ... എന്ന ഗാനം സംസ്ഥാന ഗാനമായി മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. രണ്ടര മിനിറ്റിന്റെ ഹ്രസ്വ ഗാനവും 13.3 മിനിറ്റുള്ള പൂർണ്ണ പതിപ്പും പുറത്തിറക്കി. ആന്ദേസ്രി എഴുതിയ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഓസ്‌കാർ അവാർഡ് ജേതാവ് എം.എം. കീരവാണിയാണ്.

Advertisement
Advertisement