മത്സരിച്ചത് 37 പേർ കോയമ്പത്തൂരിലെ ഫലം വൈകും

Tuesday 04 June 2024 12:35 AM IST

ചെന്നൈ: തമിഴ്നാട്ടിൽ ദേശീയ ശ്രദ്ധ ആകർഷിച്ച കോയമ്പത്തൂരിൽ ഫലം വരാൻ രാത്രി 8.30വരെയായേക്കും. സ്ഥാനാർത്ഥികളുടെ എണ്ണം കൂടിയതുകൊണ്ടാണിത്. 37 സ്ഥാനാർഥികളാണ് മത്സരിച്ചത്. 38-ാമതായി നോട്ടയുമുണ്ട്. 'കൺട്രോൾ യൂണിറ്റ്' മെഷീൻ ഓണാക്കി ആകെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം പ്രദർശിപ്പിക്കണം. ഓരോ സ്ഥാനാർത്ഥിക്കുമുള്ള വോട്ടുകൾ പ്രദർശിപ്പിക്കുന്നതിന് 38 തവണ ബട്ടൺ അമർത്തുകയും വേണം. അതുകൊണ്ട് തന്നെ ഒരു റൗണ്ടിന്റെ വോട്ടെണ്ണൽ പൂർത്തിയാകാൻ 25 മിനിറ്റ് വേണ്ടിവരുമെന്നാണ് തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ വിലയിരുത്തൽ. 24 റൗണ്ടുകൾ വരെ എണ്ണേണ്ടി വരുന്ന നിയോജക മണ്ഡലങ്ങളുണ്ട്. ഇതിനാകെ 12 മണിക്കൂർ ആവശ്യമാണ്.

ജി.സി.ടി കോളേജിൽ രാവിലെ 8ന് വോട്ടെണ്ണൽ ആരംഭിക്കും. കോയമ്പത്തൂർ ലോക്സഭാ മണ്ഡലത്തിൽ പല്ലടം,സുള്ളൂർ,സിംഗനല്ലൂർ എന്നീ മണ്ഡലങ്ങളിൽ 24 റൗണ്ടുകൾ വീതവും കൗണ്ടംപാളയംകോയമ്പത്തൂർ നോർത്ത് മണ്ഡലം 22 റൗണ്ടുകൾ വീതവും കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ 18 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ. ഇവിടെ 373 ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ മത്സരിക്കുന്ന മണ്ഡലമായതിനാലാണ് ദേശീയ ശ്രദ്ധ നേടുന്നത്. ഡി.എം.കെ സ്ഥാനാർത്ഥി ഗണപതി പി.രാജ്‌കുമാറും അണ്ണാ ഡി.എം.കെ സ്ഥാനാർത്ഥിയായി ജി.രാമചന്ദ്രനും അണ്ണാമലൈയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്തിയിരുന്നു.എക്സിറ്റ് പോൾ പ്രവചനങ്ങൾ ഡി.എം.കെ സ്ഥാനാർത്ഥിക്ക് അനുകൂലമായിരുന്നു.

തമിഴ്നാട്ടിൽ ആവേശം

ആർക്കുമില്ല

എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തു വന്ന ശേഷം തമിഴ്നാട്ടിൽ ഒരുരാഷ്ട്രീയ കക്ഷികൾക്കും വലിയ ആവേശമില്ല. പുറത്തുവന്ന ഫലങ്ങൾ ഡി.എം.കെയ്ക്ക് അനുകൂലമാണെങ്കിലും ദേശീയതലത്തിൽ 'ഇന്ത്യ' മുന്നണി അധികാരിത്തിലെത്തില്ലെന്ന സൂചന ഡി.എം.കെ നിരാശപ്പെടുത്തുന്നത്. ബി.ജെ.പിക്ക് വ്യക്തമായ വിജയം നേടാവുന്ന മണ്ഡലം ഒന്നോ രണ്ടോ ആയത് അവരിലും ആവേശമുണ്ടാക്കുന്നില്ല. അണ്ണാ ഡി.എം.കെയ്ക്കും പ്രതീക്ഷകളൊന്നുമില്ല.

Advertisement
Advertisement