ക്ലൈമാക്സിലും പൊടിപാറുമോ?

Tuesday 04 June 2024 12:36 AM IST

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മുൻപുള്ള അവസാനമണിക്കൂറിലും പ്രതീക്ഷയിലും തികഞ്ഞ ആത്മവിശ്വാസത്തിലുമാണ് മുന്നണികൾ. സ്ഥാനാർത്ഥികൾക്കും ശുഭാപ്തി വിശ്വാസം തന്നെ. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാർ ഇന്നലെ നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം തിരഞ്ഞെടുപ്പ് ചർച്ചകളിലായിരുന്നെങ്കിൽ, യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ വൈകിട്ട് തൃശൂരിലെത്തിയ ശേഷം പ്രവർത്തകരോടൊപ്പമായിരുന്നു.

ഇന്നലെ ക്ഷേത്രദർശനം പൂർത്തിയാക്കി, ഇന്ന് ഉച്ചയോടെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി തൃശൂരിലെത്തും. ഇന്ന് വിജയികളുടെ ആരവവും വിജയം കൈവിട്ടവരുടെ കണക്കുകൂട്ടലും വിലയിരുത്തലും കൊണ്ട് കളം നിറയും. മത്സരത്തിന്റെ തീച്ചൂടും പ്രചാരണത്തിന്റെ നീണ്ടകാലയളവും കാരണം ഏറെ നാളായി സംസ്ഥാനത്താകെ ചർച്ചയായ മണ്ഡലമാണ് തൃശൂർ. അതുകൊണ്ട് തൃശൂരിലെ വിജയിയെ ഇന്ന് അറിയുമ്പോൾ അത് സംസ്ഥാനതലത്തിൽ മാത്രമല്ല, ദേശീയതലത്തിലും ചർച്ചയാകും.

തോറ്റാൽ കലങ്ങിമറിയും

മൂന്ന് സ്ഥാനാർത്ഥികളിൽ ആര് തോറ്റാലും പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും അത് കലങ്ങിമറിയും. പരാജയത്തിന്റെ കയ്പുനീർ കോൺഗ്രസിനാണെങ്കിൽ പല നേതാക്കളുടെയും തല തെറിച്ചേക്കും. നേതാക്കൾക്കെതിരെ പ്രചാരണസമയത്ത് ആക്ഷേപം ഉയർന്നിരുന്നു. ഇത് പരസ്യമാകുമെന്നുറപ്പാണ്. എൽ.ഡി.എഫ് തോറ്റാൽ കരുവന്നൂർ വിഷയം ഇടതുമുന്നണിക്ക് തിരിച്ചടിയായെന്ന വിലയിരുത്തലാകും പൊതുവേ ഉയർന്നുവരിക. സി.പി.എം പ്രതിക്കൂട്ടിലാകുമ്പോൾ മുന്നണി ബന്ധങ്ങളും ഉലയും. ബി.ജെ.പിയിലും പ്രചാരണസമയത്ത് പ്രവർത്തകർ സജീവമാകുന്നില്ലെന്ന വിമർശനമുണ്ടായിരുന്നു. തോൽവി സംഭവിച്ചാൽ സംസ്ഥാന നേതൃത്വം തന്നെ പ്രതിക്കൂട്ടിലാകും. ജില്ലയിലെ പല നേതാക്കളുടെ ഭാവിയും തുലാസിലായേക്കും.

പൊടിപാറിച്ച് മത്സരം

തൃശൂരിൽ നടന്നത് ചരിത്രത്തിലെ വാശിയേറിയ ത്രികോണമത്സരം
പ്രധാനമന്ത്രി മൂന്നുതവണ സന്ദർശനം നടത്തിയ ഒരേയൊരു മണ്ഡലം
യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ. മുരളീധരൻ വന്നപ്പോഴുള്ള ട്വിസ്റ്റ്
പ്രചാരണം നയിച്ചത് മോദിയും ഖാർഗെയും ഡി.കെ. ശിവകുമാറും പിണറായിയും


പ്രതിച്ഛായയുടെ വിജയം?

തൃശൂരിൽ ഉൾപ്പെടെ മൂന്ന് മണ്ഡലങ്ങളിലും മികച്ച പ്രതിച്ഛായയുള്ള സ്ഥാനാർത്ഥികളെയാണ് മുന്നണികൾ അണിനിരത്തിയത്. പാർട്ടി വോട്ടുകൾക്കപ്പുറം പ്രതിച്ഛായയ്ക്ക് ലഭിക്കുന്ന അംഗീകാരം കൂടിയാകും ചാലക്കുടിയിലെയും ആലത്തൂരിലെയും വിജയം. ആലത്തൂരിൽ മന്ത്രി കെ. രാധാകൃഷ്ണനും സിറ്റിംഗ് എം.പി രമ്യ ഹരിദാസും ടി.എൻ. സരസുവും ചാലക്കുടിയിൽ മുൻമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ബെന്നി ബഹനാനും കെ.എ. ഉണ്ണിക്കൃഷ്ണനുമെല്ലാം പ്രതിച്ഛായയിൽ മുന്നിലായിരുന്നു. ചുരുക്കത്തിൽ ആര് ജയിച്ചാലും അത് മുന്നണിയുടെ നേട്ടത്തിനൊപ്പം പ്രതിച്ഛായയുടെ വിജയം കൂടിയാകും.

Advertisement
Advertisement