വോട്ടെണ്ണൽ കേന്ദ്ര പരിധിയിൽ നിരോധനാജ്ഞ: ഇന്ന് പുലർച്ചെ 5 മുതൽ വൈകിട്ട് 7 വരെ

Tuesday 04 June 2024 12:39 AM IST

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ഭാഗമായി ജൂൺ നാല് പുലർച്ചെ 5 മുതൽ വൈകിട്ട് 7 വരെ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് 100 മീറ്റർ പരിധിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും കളക്ടറുമായ വി.ആർ. കൃഷ്ണതേജ ഉത്തരവിട്ടു. 2011 ലെ പൊലീസ് ആക്ട് ചട്ടം 81 പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ സമയത്ത് വോട്ടെണ്ണൽ കേന്ദ്രത്തിന് 100 മീറ്റർ പരിധിയിൽ താഴെ പറയുന്നവ അനുവദിക്കില്ല.


*നിയമവിരുദ്ധമായ സംഘം ചേരൽ, പൊതുയോഗം / റാലികൾ.

*ഏതെങ്കിലും തരത്തിലുള്ള ഉച്ചഭാഷിണികൾ.

*ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളുടെ പ്രദർശനം, അഭിപ്രായ സർവേകളോ മറ്റെന്തെങ്കിലും തരത്തിലുള്ള തിരഞ്ഞെടുപ്പ് സർവേകളുടെയോ സംപ്രേഷണം.

*വോട്ടെണ്ണൽ കേന്ദ്രത്തിൽ നിരീക്ഷകർ, സൂക്ഷ്മ നിരീക്ഷകർ, ക്രമസമാധാന പാലന ചുമതലയുള്ളവർ എന്നിവർ ഒഴികെയുള്ളവരുടെ സെല്ലുലാർ, കോർഡ്‌ലെസ് ഫോണുകൾ, വയർലെസ് സെറ്റുകൾ എന്നിവയുടെ ഉപയോഗം.

*വോട്ടെണ്ണൽ കേന്ദ്രത്തിൽ 200 മീറ്റർ പരിധിയിൽ രാഷ്ട്രീയപാർട്ടികളോ മറ്റും ബൂത്തുകൾ സജ്ജീകരിക്കൽ.

*ജനപ്രാതിനിധ്യ നിയമം സെക്‌ഷൻ 134 ബി പ്രകാരം ആയുധം കൈവശം വയ്ക്കാൻ അനുമതിയുള്ളതിൽ ഒഴികെയുള്ളവർ വോട്ടെണ്ണൽ കേന്ദ്രത്തിനോ സമീപ പ്രദേശങ്ങളിലോ ആയുധം പ്രദർശിപ്പിക്കൽ, കൈവശം വയ്ക്കൽ.

ഷോപ്പിംഗ് മാൾ, വ്യാപാര കേന്ദ്രങ്ങൾ, സിനിമ തിയറ്റർ, മറ്റു വിനോദ കേന്ദ്രങ്ങൾ, വിവാഹം/ മരണം പോലുള്ള ചടങ്ങുകൾ, സ്വകാര്യ പരിപാടികൾ തുടങ്ങിയ ഇടങ്ങളിലെ സമാധാനത്തിന് ഭംഗം വരാത്ത, ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട ഒത്തുചേരലുകൾക്ക് ഉത്തരവ് ബാധകമല്ല. അവശ്യസേവന വിഭാഗം ജീവനക്കാർ, ക്രമസമാധാന ജോലിയുള്ളവർ എന്നിവർക്കും നിരോധനം ബാധകമല്ല.

Advertisement
Advertisement