അക്ഷരമുറ്റത്ത് പ്രവേശനോത്സവം വർണാഭം

Tuesday 04 June 2024 12:41 AM IST

തൃശൂർ: കുതിരപ്പുറത്തേറിയ വിദ്യാർത്ഥി, ഒപ്പം ബാൻഡ് വാദ്യവുമായി സഹപാഠികൾ... വിവിധ കലാരൂപങ്ങളുടെ വേഷപ്പകർച്ചയിൽ മറ്റ് വിദ്യാർത്ഥിക്കൂട്ടം. തെയ്യവും നാടൻ കലാരൂപങ്ങളുമൊക്കെയായി വർണാഭമായ റാലിയോടെ ജില്ലാതല സ്കൂൾ പ്രവേശനോത്സവം. നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാതല പ്രവേശനോത്സവം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.

വിദ്യാർത്ഥികളെ വരവേൽക്കാൻ റോബോട്ടിക് ആനയും ഒട്ടകവും സ്‌കൂൾ കവാടത്തിൽ തന്നെ ഉണ്ടായിരുന്നു.

കുരുന്നുകൾക്ക് പഠനോപകരണങ്ങളും മധുരവും വിതരണം ചെയ്തു. പരിഷ്‌കരിച്ച പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും ഈ വർഷം മുതലാണ് നടപ്പാക്കുന്നത്. പുസ്തകങ്ങൾ മുഴുവൻ കുട്ടികളിലേക്കും എത്തിച്ചു. വിവര സാങ്കേതിക വിദ്യ, നിർമിത ബുദ്ധി, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, കലാ വിഭ്യാഭ്യാസം എന്നിവയിൽ മികച്ച പഠനാനുഭവം കുട്ടികൾക്ക് നൽകുന്നതിനായി ഒന്നുമുതൽ പത്താം ക്ലാസ് വരെയുള്ള അദ്ധ്യാപകർക്ക് അഞ്ച് ദിവസത്തെ അവധിക്കാല പരിശീലനം പൂർത്തിയാക്കി. ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ പരിശീലനം ജൂൺ മാസത്തിൽ പൂർത്തിയാകും. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി അദ്ധ്യാപകർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിൽ പ്രത്യേക പരിശീലനവും പൂർത്തിയായി.

തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അദ്ധ്യക്ഷനായി. ടി.എൻ. പ്രതാപൻ എം.പി മുഖ്യാതിഥിയായി. ഡി.പി.സി: എൻ.ജെ. ബിനോയ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ ദിലീപ്, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, ബ്ലോക്ക് അംഗം വിജയലക്ഷ്മി വിനയചന്ദ്രൻ, മാത്യു പാറേക്കാടൻ, കെ. പ്രമോദ്, വി. സുഭാഷ്, ടി.എം. ലത, വി.ജെ. ജോളി, എം.സി. നിഷ, ഗോഡ്‌വിൻ, എം.കെ. പ്രീതി, പി.എ. റൊസീന, സെബാസ്റ്റ്യൻ ജോസഫ്, ഹെഡ്മിസിട്രസ് ഒ.ആർ. ബിന്ദു, എ.എ. ജോഷി തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement