രഹസ്യരേഖാ കേസ്: ഇമ്രാൻ കുറ്റവിമുക്തൻ

Tuesday 04 June 2024 7:39 AM IST

കറാച്ചി : രഹസ്യ രേഖാ കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ (പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ്) പാർട്ടി നേതാവുമായ ഇമ്രാൻ ഖാനെ (71) കുറ്റവിമുക്തനാക്കി ഇസ്ലാമാബാദ് ഹൈക്കോടതി. കേസിൽ മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിയുടെ ശിക്ഷയും റദ്ദാക്കി.

യു.എസിലെ പാക് അംബാസഡർ അയച്ച രഹസ്യ നയതന്ത്ര രേഖകൾ ഇമ്രാൻ ചോർത്തി പരസ്യപ്പെടുത്തിയെന്നും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്നുമാണ് കേസ്. കേസിൽ ഇമ്രാനും ഖുറേഷിക്കും ജനുവരിയിൽ പത്ത് വർഷം തടവ് വിധിച്ചിരുന്നു.

മറ്റ് കേസുകളിൽ ശിക്ഷ അനുഭവിക്കുന്നതിനാൽ ഇരുവരും ജയിൽ മോചിതരാകില്ല. എന്നാൽ, അധികം വൈകാതെ ഇമ്രാന് പുറത്തെത്താനാകുമെന്ന് പാർട്ടി ചെയർമാൻ ഗോഹാർ അലി ഖാൻ പറഞ്ഞു. ഇമ്രാൻ കഴിഞ്ഞ ഓഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ്.

 അഴിക്കുള്ളിൽ

 നിലവിൽ, ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമായി വിവാഹിതരായതിന് ഇമ്രാനും ഭാര്യ ബുഷ്റയും 7 വർഷവും വീതം തടവ് അനുഭവിക്കുന്നു

ഭൂമി അഴിമതിക്കേസിൽ ഇമ്രാനും ബുഷ്‌റയ്ക്കും കഴി‌ഞ്ഞ മാസം ജാമ്യം ലഭിച്ചു

 പ്രധാനമന്ത്രിയായിരിക്കെ വിദേശത്ത് നിന്നുൾപ്പെടെ ലഭിച്ച ഉപഹാരങ്ങൾ കോടികളുടെ ലാഭത്തിന് മറിച്ചുവിറ്റെന്ന തോഷാഖാന കേസിൽ ഇരുവർക്കും ലഭിച്ച 14 വർഷം കഠിന തടവ് ഇസ്ലാമാബാദ് ഹൈക്കോടതി ഏപ്രിലിൽ മരവിപ്പിച്ചു

Advertisement
Advertisement