93ൽ മർഡോക്കിന് അഞ്ചാം കെട്ട്

Tuesday 04 June 2024 7:39 AM IST

ലോസ് ആഞ്ചലസ് : മാദ്ധ്യമ ഭീമനും ശതകോടീശ്വരനുമായ റുപർട്ട് മർഡോക് (93)​ അഞ്ചാമതും വിവാഹിതനായി. മുൻ റഷ്യൻ മോളിക്യുലാർ ബയോളജിസ്​റ്റ് എലന സുക്കോവയാണ് (67) വധു. ശനിയാഴ്ച കാലിഫോർണിയയിലെ മർഡോക്കിന്റെ മൊറാഗ വൈൻയാർഡ് എസ്റ്റേറ്റിൽ വച്ചായിരുന്നു വിവാഹം. ഇരുവരുടെയും വിവാഹനിശ്ചയം മാർച്ചിലായിരുന്നു.

പാട്രിഷ്യ ബുക്കർ, അന്ന മരിയ ടോർവ്, വെൻഡി ഡെംഗ്, അമേരിക്കൻ നടി ജെറി ഹാൾ എന്നിവരാണ് മർഡോകിന്റെ മുൻ ഭാര്യമാർ. 6 മക്കളുണ്ട്. 2016ൽ വിവാഹിതരായ ജെറി ഹാളും മർഡോകും 2022ലാണ് ബന്ധം വേർപെടുത്തിയത്. പ്രശസ്ത റോക്ക് ബാൻഡായ റോളിംഗ് സ്റ്റോണിലെ മുൻനിര ഗായകൻ മിക്ക് ജാഗറുടെ പങ്കാളിയായിരുന്നു ജെറി ഹാൾ. മർഡോകും ഗായികയും റേഡിയോ ആങ്കറുമായ ആൻ ലെസ്‌ലി സ്മിത്തും (67) തമ്മിലെ വിവാഹം നിശ്ചയം കഴിഞ്ഞ വർഷം നടന്നെങ്കിലും വേർപിരിഞ്ഞു.

കാലിഫോർണിയ യൂണിവേഴ്സി​റ്റിയിലെ മെഡിക്കൽ റിസർച്ച് യൂണി​റ്റിലായിരുന്നു എലനയ്ക്ക് ജോലി. എലനയുടെ മൂന്നാം വിവാഹമാണിത്. ആദ്യ വിവാഹത്തിലെ മകൾ ഡാഷ, റഷ്യൻ കോടീശ്വരൻ റോമൻ എബ്രമോവിചിന്റെ മുൻ ഭാര്യയാണ്.

ഓസ്‌ട്രേലിയയിൽ ജനിച്ച യു.എസ് പൗരനായ മർഡോക് 1996ൽ യു.എസിലെ ഏറ്റവും ജനപ്രിയ ന്യൂസ് ചാനലുകളിലൊന്നായ ഫോക്സ് ന്യൂസ് സ്ഥാപിച്ചു. ഫോക്സ് ന്യൂസ്, വാൾ സ്ട്രീ​റ്റ് ജേണൽ, ദ സൺ, ദ ടൈംസ്, ഹെറാൾഡ് സൺ, ദ ഓസ്ട്രേലിയൻ തുടങ്ങി നിരവധി മാദ്ധ്യമ സ്ഥാപനങ്ങളുടെ നിയന്ത്രണം മർഡോകിന്റെ ന്യൂസ് കോർപ്, ഫോക്സ് കോർപറേഷൻ എന്നിവയ്ക്കാണ്. കഴിഞ്ഞ വർഷം മർഡോക് ഇരുകമ്പനികളുടെയും ചെയർമാൻ സ്ഥാനം ഒഴിഞ്ഞതോടെ മകൻ ലോക്‌ലൻ മർഡോക് പദവി ഏറ്റെടുത്തിരുന്നു.

Advertisement
Advertisement