വെടിനിറുത്തൽ കരാർ: ആദ്യഘട്ടം ഇസ്രയേൽ നടപ്പാക്കിയേക്കും

Tuesday 04 June 2024 8:24 AM IST

ടെൽ അവീവ്: ഗാസയിലെ വെടിനിറുത്തലിനായി യു.എസിന്റെ മദ്ധ്യസ്ഥതയിൽ ആവിഷ്കരിച്ച പദ്ധതിയുടെ ആദ്യ ഘട്ടത്തോട് ഇസ്രയേൽ അനുകൂലമെന്ന് റിപ്പോർട്ട്. ആദ്യ ഘട്ടം ഏറ്റെടുക്കാമെന്നും ചർച്ചകൾക്ക് ശേഷം രണ്ടാം ഘട്ടത്തെ പറ്റി ആലോചിക്കാമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ പാർലമെന്ററി യോഗത്തിൽ പറഞ്ഞെന്നാണ് വിവരം.
എന്നാൽ യുദ്ധം അവസാനിപ്പിക്കണമെന്ന ഹമാസിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും വ്യക്തമാക്കി.

ചില പ്രാദേശിക മാദ്ധ്യമങ്ങൾ പുറത്തുവിട്ട വാർത്ത സ്ഥിരീകരിക്കാൻ ഇസ്രയേൽ ഉദ്യോഗസ്ഥർ തയാറായില്ല.

കഴിഞ്ഞ ആഴ്ച യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ് മൂന്ന് ഘട്ടങ്ങളുള്ള കരാർ വെളിപ്പെടുത്തിയത്. തങ്ങളുടേതെന്ന പേരിൽ അവതരിപ്പിച്ച കരാർ അപൂർണമാണെന്നും തങ്ങൾ വെടിനിറുത്തലിന് സമ്മതിച്ചതെന്ന യു.എസ് വാദം തെറ്റാണെന്നും നെതന്യാഹു വ്യക്തമാക്കി.


6 ആഴ്ച നീളുന്ന വെടിനിറുത്തൽ, ഗാസയിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ നിന്ന് ഇസ്രയേൽ പിൻവാങ്ങൽ, ഏതാനും ബന്ദികളുടെയും പാലസ്തീൻ തടവുകാരുടെയും മോചനം, ഗാസയിലേക്ക് ദിവസവും 600 സഹായ ട്രക്കുകൾ തുടങ്ങിയ വ്യവസ്ഥകൾ ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നു. രണ്ടാം ഘട്ടത്തിൽ ഗാസയിൽ സ്ഥിരം വെടിനിറുത്തലും മൂന്നാം ഘട്ടത്തിൽ ഗാസയുടെ പുനർനിമ്മാണവും വ്യവസ്ഥ ചെയ്യുന്നു.


ഹമാസിനെ പൂർണമായും തകർക്കാതെ കരാറിന് നെതന്യാഹു അംഗീകാരം നൽകിയാൽ മന്ത്രിസഭ വിടുമെന്നും സഖ്യസർക്കാരിനെ തകർക്കുമെന്നും രണ്ട് തീവ്ര വലതുപക്ഷ മന്ത്രിമാർ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ കരാർ നെതന്യാഹു അംഗീകരിക്കുമെന്ന് ഉറപ്പാണെന്ന് യു.എസ് ഇന്നലെ പ്രതികരിച്ചു. ഇസ്രയേൽ അനുകൂലമെങ്കിൽ ഹമാസ് സഹകരിക്കുമെന്ന് ഈജിപ്റ്റും അറിയിച്ചു.

 മരണം 37,000


ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 37,000 കടന്നു. തെക്കൻ നഗരമായ റാഫയിൽ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 10 ലക്ഷം കടന്നു.

 സിറിയയിൽ ആക്രമണം


സിറിയയിലെ അലെപോയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 12 മരണം. ഇന്ത്യൻ സമയം, ഇന്നലെ പുലർച്ചെ 2.50ന് ഒരു ഫാക്ടറിക്ക് നേരെയായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവർ ഇറാൻ അനുകൂല സായുധ ഗ്രൂപ്പ് അംഗങ്ങളാണ്.

Advertisement
Advertisement