തമിഴ്നാട്ടിൽ ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റുമോ?; പ്രതീക്ഷ ആറ് സീറ്റുകൾ, ആദ്യം ഫലം പുറത്തുവരുമ്പോൾ

Tuesday 04 June 2024 9:37 AM IST

ചെന്നൈ: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബി ജെ പി ഏറ്റവും പ്രതീക്ഷ വച്ചുപുലർത്തിയ സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. 39 ലോക്‌സഭാ മണ്ഡലങ്ങളുള്ള തമിഴ്നാട്ടിൽ ആറ് സീറ്റ് വരെ നേടാനാകുമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ.

രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യ ഫലസൂചനങ്ങൾ പുറത്തുവന്നപ്പോൾ ഇന്ത്യ സഖ്യത്തിന് തന്നെയാണ് മുൻതൂക്കം. 39 ൽ പത്തൊമ്പത് സീറ്റിലും ഡി എം കെയാണ് ലീഡ് ചെയ്യുന്നത്. തിരുനെൽവേലി, മയിലാടുംതുറൈ അടക്കമുള്ള ഏഴ് മണ്ഡലങ്ങളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു.രണ്ട് സീറ്റുകളിൽ എൻ ഡി എ സഖ്യം ലീഡ് ചെയ്യുന്നു.


എൻഡിഎയിൽ 19 സീറ്റുകളിൽ ബിജെപിയും 10 സീറ്റുകളിൽപട്ടാളി മക്കൾ കച്ചിയും (പിഎംകെ) മത്സരിക്കുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തമിഴാനാട്ടിലായിരിക്കും ബി ജെ പിക്ക് ഏറ്റവും കൂടുതൽ സീറ്റ് നേടാനാവുക എന്നാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. എട്ട് സീറ്റ് വരെ കിട്ടുമെന്ന് പ്രവചനങ്ങളുണ്ട്.

സംസ്ഥാനത്ത് ഡി എം കെ, എ ഐ എ ഡി എം കെ എന്നിവയുമായി സഖ്യത്തിലേർപ്പെടാതെയാണ് ബിജെപി ഇത്തവണ മത്സരിക്കുന്നത്. 'ഞങ്ങൾ കുറഞ്ഞത് ആറ് സീറ്റുകൾ പ്രതീക്ഷിക്കുന്നു. ഇത് 10 സീറ്റുകളിലേക്ക് വരെ ഉയരാം. പി എം കെയും എ എം എം കെയും ഉൾപ്പെടെയുള്ള ഞങ്ങളുടെ സഖ്യകക്ഷികളും മികച്ച പ്രകടനം കാഴ്ചവയ്ക്കും.' -തമിഴ്നാട് ബിജെപി വക്താവ് എ എൻ എസ് പ്രസാദ് ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ മുഖ്യമന്ത്രിയുമായ ഒ പനീർശെൽവവും മത്സരരംഗത്തുണ്ട്.

കഴിഞ്ഞ വർഷം, ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ അന്നത്തെ സഖ്യകക്ഷിയായ എ ഐ എ ഡി എം കെയുമായി തർക്കമുണ്ടായിരുന്നു. വാക്‌പോരിനൊടുവിൽ 2023 സെപ്തംബർ 25ന് എൻഡിഎയുമായുള്ള ബന്ധം ബി ജെ പി ഉപേക്ഷിക്കുകയും ചെയ്‌തിരുന്നു. കോയമ്പത്തൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് അണ്ണാമലൈ.

തമിഴ്‌നാട്ടിൽ എൻഡിഎയ്ക്ക് ജൂൺ നാലിന് ചരിത്ര വിജയമുണ്ടാകുമെന്നതിൽ ആത്മവിശ്വാസമുണ്ടെന്നും. ബിജെപിയുടെ സീ​റ്റുകളുടെ എണ്ണം മുൻപുളളതിനെക്കാൾ വർദ്ധിക്കുമെന്നും നേരത്തെ അണ്ണാമലൈ പ്രതികരിച്ചിരുന്നു.

ഏപ്രിൽ 19 ന് (ഒന്നാം ഘട്ടം) തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്തെ ആകെ 6,18,90,348 വോട്ടർമാരാണുള്ളത്. 69.72% ആണ് ആകെ പോളിംഗ്. എക്‌സിറ്റ് പോൾ പ്രവചനങ്ങൾ പ്രകാരം ബി ജെ പി 6-8 എട്ട് സീറ്റുകൾ നേടിയാൽ, ഇതുവരെ ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും ആധിപത്യം പുലർത്തിയിരുന്ന തമിഴ്നാട്ടിലെ മുഖ്യധാരാ രാഷ്ട്രീയത്തിൽ വലിയ മാറ്റം ഉണ്ടായേക്കും.

Advertisement
Advertisement