മാദ്ധ്യമപ്പട മുഴുവൻ സുരേഷ് ഗോപിയുടെ വസതിക്ക് മുന്നിൽ, സിനിമയിൽ പോലും കാണാത്ത മാസ് എൻട്രി ഉണ്ടായേക്കും

Tuesday 04 June 2024 11:34 AM IST

തിരുവനന്തപുരം: അടങ്ങാത്ത ആത്മവിശ്വാസം, തോറ്റ് പിൻതിരിയാത്ത മനസ്, കരുത്തനായ പോരാളി.... സുരേഷ് ഗോപി ഈ വിശേഷണങ്ങൾക്കെല്ലാം അർഹനാണ്. അതുകൊണ്ടുതന്നെയാണ് ചരിത്രം കുറിച്ചുകൊണ്ട് ബിജെപിക്ക് കേരളത്തിൽ നിന്നും പാർലമെന്റിൽ അക്കൗണ്ട് തുറക്കാനുള്ള നിയോഗം അദ്ദേഹത്തിനുണ്ടാകാൻ പോകുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ സുരേഷ് ഗോപി ലീഡ് ചെയ‌്തുകൊണ്ടേയിരുന്നത് തൃശൂരിലെ ജനങ്ങൾ അദ്ദേഹത്തെ ഹൃദയം കൊണ്ട് സ്വീകരിച്ചു എന്നതിന് തെളിവാണ്. ഏറ്റവും ഒടുവിലായി വിവരം ലഭിക്കുമ്പോൾ 40625 വോട്ടുകളുടെ ഭൂരിപക്ഷം സുരേഷിനുണ്ട്.

തൃശൂരില്‍ 20000 വോട്ടിന്റെ സുരേഷ് ഗോപി വിജയിക്കുമെന്ന് ബിജെപി ജില്ലാ നേതൃത്വം വിലയിരുത്തിയത്. എന്നാൽ ഈ കണക്കുകളൊക്ക നിഷ്‌പ്രഭമാക്കുന്ന പ്രകടനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ജില്ലയിലെ ഹിന്ദുവോട്ടുകൾ മുഴുവൻ സുരേഷിലേക്ക് കേന്ദ്രീകരിച്ചുവെന്നു വേണം കരുതാൻ. കെ മുരളീധരന് ഒരു ഘട്ടത്തിൽ പോലും മുന്നിൽ വരാൻ കഴിയാത്തത് ഇത് അടിവരയിടുന്നു.

മത്സ്യത്തൊഴിലാളികളുടെ പ്രധാന മേഖലയായ നാട്ടികയില്‍ നിന്നും കൂടുതല്‍ വോട്ടുകള്‍ സമാഹരിക്കാൻ സുരേഷിന് കഴിഞ്ഞതായും വിലയിരുത്തലുണ്ട്. കരുവന്നൂർ അഴിമതിക്കേസിലെ ഇടപെടലും തുണയായിട്ടുണ്ടെന്നതിൽ സംശയമില്ല. മാത്രമല്ല 2019ൽ തോൽവിയേറ്റെങ്കിലും മണ്ഡലം നിറഞ്ഞുനിന്ന സുരേഷ്, ജനങ്ങളുടെ വിവിധ ആവശ്യങ്ങളിൽ ശക്തമായി ഇടപെട്ടിരുന്നു. കഴിഞ്ഞ തവണ മണ്ഡലത്തില്‍ ആകെ സുരേഷ് ഗോപിയ്ക്ക് 2,93,822 വോട്ടുകളാണ് ലഭിച്ചത്.

നിലവിൽ സുരേഷ് ഗോപി തിരുവനന്തപുരത്താണ്. മാദ്ധ്യമപ്പട മുഴുവൻ അദ്ദേഹത്തിന്റെ വസതിക്ക് മുന്നിലുണ്ട്. സിനിമയിൽ പോലും കാണാത്ത മാസ് എൻട്രിയോടെയായിരിക്കും തൃശൂരിലേക്കുള്ള സുരേഷിന്റെ യാത്ര.

Advertisement
Advertisement