എൽഡിഎഫിനെ തകർത്തതും ബിജെപിയെ കൈപിടിച്ചുയർത്തിയതും ഇപി ജയരാജനോ?

Tuesday 04 June 2024 12:15 PM IST

തിരുവനന്തപുരം: തൃശൂരിൽ സുരേഷ് ഗോപി വിജയത്തോട് അടുക്കുമ്പോഴും കേരളത്തിൽ എൽഡിഎഫ് തകർന്ന് തരിപ്പണമാകുന്നഘട്ടത്തിലെത്തിയപ്പോഴും ചർച്ചയാകുന്ന ഒരു പേര് ഇടതുമുന്നണി കൺവീനറായ ഇപി ജയരാജന്റേതാണ്. വോട്ടെടുപ്പ് ദിവസം രാവിലെ പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞത് സിപിഎം അണികൾ ഉൾപ്പടെയുള്ള വോട്ടർമാർക്കിടയിൽ ഇപി ഉണ്ടാക്കിയ ആശയക്കുഴപ്പം ചെറുതായിരുന്നില്ല. ഇത് മറികടക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ലളവർ എത്തിയെങ്കിലും അതൊന്നും ഏശിയില്ല എന്നാണ് ലീഡ് നില വ്യക്തമാക്കുന്നത്.

തൃശൂരിൽ സുരേഷ് ഗോപിയെ ജയിക്കാൻ സഹായിച്ചാൽ അതിന് പ്രത്യുപകാരം മറ്റൊരുതരത്തിൽ ഉണ്ടാകുമെന്ന് ജാവദേക്കർ കൂടിക്കാഴ്ചയ്ക്കിടെ പറഞ്ഞുവെന്നും അത് അപ്പോൾത്തന്നെ താൻ തള്ളിക്കളഞ്ഞുവെന്നുമാണ് ഇപി പറഞ്ഞത്. എന്നാൽ ഇരുമുന്നണികളെയും പിന്നിലാക്കി സുരേഷ് ഗോപി വ്യക്തമായ ലീഡുമായി മുന്നേറുമ്പോൾ സംശയത്തിന്റെ വിരൽ ചൂണ്ടുന്നത് ഇപി ജയരാജനുനേരെ തന്നെയാവും.

രഹസ്യ കൂടിക്കാഴ്ചയെക്കുറിച്ച് തുറന്നുപറയാൻ വോട്ടെടുപ്പ് ദിവസം തന്നെ ഇപി തിരഞ്ഞെടുത്തത് ബിജെപിയുമായുണ്ടാക്കിയ രഹസ്യ ധാരണപ്രകാരമായിരുന്നോ എന്ന് പലർക്കും സംശയമുണ്ടായിരുന്നു. ചിലർ ഇത് പരസ്യമായി തന്നെ പറയുകയും ചെയ്തു.അന്ന് ജാവദേക്കർ ആവശ്യപ്പെട്ടതുതന്നെ ഇപ്പോൾ തൃശൂരിൽ സംഭവിച്ചിരിക്കുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉൾപ്പടെയുള്ള പലരും ചൂണ്ടിക്കാണിക്കുന്നത്. സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും വോട്ട് കുറഞ്ഞോ എന്നറിയാൻ കണക്കുകൾ പുറത്തുവരേണ്ടതുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയാകാൻ കഴിയാത്തതിന്റെ നീരസത്തിലായിരുന്ന ഇപി ജയരാജൻ പാർട്ടി പരിപാടികളിൽപ്പോലും സജീവമായിരുന്നില്ല. എൽഡിഎഫ് കൺവീണർ സ്ഥാനത്ത് ഇപി വേണ്ടത്ര ശോഭിക്കുന്നില്ല എന്ന് സിപിഐ ഉൾപ്പടെയുള്ള ഘടക കക്ഷികൾ എൽഡിഎഫ് യോഗത്തിൽ തന്നെ ചൂണ്ടിക്കാണിച്ചിരുന്നതാണ്.

ഫലം പ്രതികൂലമാകുന്ന അവസ്ഥയിലേക്ക് എത്തിയതോടെ ജയരാജന്റെ രാഷ്ട്രീയ ഭാവിയും ഉടൻ തീരുമാനിക്കപ്പെടും. പാർട്ടിയുടെ ദയനീയ പരാജയത്തിന്റെയും തൃശൂരിലെ ബിജെപിയുടെ മിന്നും പ്രകടനത്തിന്റെയും പ്രധാന ഉത്തരവാദിയായി ഇപിയായി മുദ്രകുത്തപ്പെടും എന്ന് ഉറപ്പായിരിക്കുകയാണ്. വിവാദത്തിന്റെ തുടക്കത്തിൽ തന്നെ ജയരാജനെ അത്രയ്ക്കങ്ങ് ഏറ്റെടുക്കാതെയും പൂർണമായും തള്ളാതെയുമുളള അഭിപ്രായപ്രകടനങ്ങളാണ് സിപിഎം നേതാക്കൾ നടത്തിരുന്നത് .

ബിജെപിയുമായി പോരിനിറങ്ങുന്ന പാർട്ടിയാണ് സിപിഎം എന്ന ജനങ്ങളുടെ വിശ്വാസം ഇപിയുടെ വെളിപ്പെടുത്തലോടെ തകർന്നുവെന്നാണ് നേതാക്കൾ സൂചിപ്പിക്കുന്നത്. ഒട്ടേറെ പ്രമുഖർ ബിജെപിയിലേക്ക് ഒഴുകിയെങ്കിലും ശക്തമായി പിടിച്ചുനിൽക്കാൻ കോൺഗ്രസിന് ആയെന്നതും സിപിഎമ്മിലെ ഏറെ കുഴക്കുന്നുണ്ട്. താേൽവിയുടെ കാരണവും ബിജെപിയുടെ ഇതുവരെയില്ലാത്ത പ്രകടത്തിന് കാരണവും അണികൾക്കിടയിൽ വിശദീകരിക്കാൻ സിപിഎം നേതൃത്വം ഏറെ കഷ്ടപ്പെടേണ്ടിവരും. അടുത്തുവരും തദ്ദേശ തിരഞ്ഞെടുപ്പിലും നിയസഭാ തിരഞ്ഞെടുപ്പിലും ദയനീയ തകർച്ച ഉണ്ടാവാതിരിക്കാൻ പുതുവഴികളും കണ്ടെത്തേണ്ടിവരും.

Advertisement
Advertisement