''ഇന്നാട്ടിലെ നല്ല മനുഷ്യർക്ക് ആരെയും കളിയാക്കി വിടാനാവില്ല, ചിരി മായാതെ മടങ്ങൂ ടീച്ചർ'', ശൈലജയോട് രമ

Tuesday 04 June 2024 1:17 PM IST

വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയ്‌ക്ക് ഫേസ്ബുക്ക് സന്ദേശവുമായി കെ.കെ.രമ. രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം. വരും തിരഞ്ഞെടുപ്പുകളിൽ മതമല്ല, മനുഷ്യനാണ് ഇവിടെ പ്രവർത്തിക്കുക എന്ന പ്രതീക്ഷയോടെ ചിരി മായാതെ മടങ്ങൂ ടീച്ചർ എന്നാണ് രമ കുറിച്ചത്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

ചിരി മായാതെ മടങ്ങൂ ടീച്ചർ.. മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്... ഇവിടുന്ന് മടങ്ങുമ്പോൾ അങ്ങനെയേ മടങ്ങാവൂ.. മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണിത്. മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേർത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യർക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേർത്തു പിടിച്ച് യാത്രയാക്കുകയാണ്... രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം... വരും തിരഞ്ഞെടുപ്പുകളിൽ മതമല്ല, മനുഷ്യനാണ് ഇവിടെ പ്രവർത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാൻ ഇന്നാട് ബാക്കിയുണ്ട്.. സ്വന്തം, കെ.കെ.രമ

ശക്തമായ പോരാട്ടം പ്രവചിക്കപ്പെട്ടിരുന്ന വടകരയിൽ വോട്ടെണ്ണൽ ആരംഭിച്ച് തുടക്കം മുതൽ തന്നെ ഷാഫി പറമ്പിൽ മേൽക്കൈ നേടിയിരുന്നു. ഏറ്റവുമൊടുവിൽ 72569 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി. ഇതുവരെ ആകെ 395950 വോട്ടുകൾ ലഭിച്ചു. 322381 വോട്ടുകളാണ് കെ.കെ ശൈലജയ‌്ക്ക് ലഭിച്ചത്. എൻഡിഎ സ്ഥാനാർത്ഥി പ്രഭുൽകൃഷ്‌ണന് 79399 വോട്ടുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.