"പത്ത് ലക്ഷത്തിന്റെ കിരീടവുമായി മാതാവിന്റെയടുത്ത് ഞാൻ വരും"; സുരേഷ് ഗോപി അന്ന് പറഞ്ഞത് ചർച്ചയാകുന്നു

Tuesday 04 June 2024 2:08 PM IST

തിരുവനന്തപുരം: തൃശൂരിൽ സുരേഷ് ഗോപി വിജയം ഉറപ്പിച്ചുകഴിഞ്ഞു. നാല് ലക്ഷത്തിലധികം വോട്ടുകളാണ് എൻ ഡി എ സ്ഥാനാർത്ഥിയായ സുരേഷ് ഗോപി നേടിയത്. രണ്ട് മണിവരെയുള്ള കണക്കുപ്രകാരം എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാറിനേക്കാൾ 73,148 വോട്ടിന്റെ ഭൂരിപക്ഷമാണ് സുരേഷ് ഗോപി നേടിയത്. യു ഡി എഫ് ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന കെ മുരളീധരന് 3,19,380 വോട്ടുകളാണ് ലഭിച്ചത്.

സുരേഷ് ഗോപിയുടെ ഭൂരിപക്ഷം അമ്പതിനായിരം പിന്നിട്ടപ്പോൾ തന്നെ ബി ജെ പി പ്രവർത്തകർ ആഘോഷം തുടങ്ങിയിരുന്നു. ഈ വേളയിൽ സുരേഷ് ഗോപിയുടെ പഴയൊരു വീഡിയോയാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡ‌ിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.


'ഒരു മുഹൂർത്തം തീർച്ചയായിട്ടും സൃഷ്ടിക്കപ്പെടും. വിജയമെന്ന് തന്നെ ഞാൻ വിചാരിക്കുന്നു. വിജയമാണെങ്കിൽ വിജയം. അല്ലെങ്കിൽ അതിനപ്പുറത്ത് മറ്റൊരു മുഹൂർത്തം വരും. അതെപ്പോഴാണെന്ന് എനിക്ക് പറയാൻ പറ്റില്ല. എനിക്ക് സിനിമ ചെയ്യണം. ഞാൻ സിനിമ ചെയ്തുകൊണ്ട് എംപിയായി പ്രവർത്തിക്കും. നിങ്ങൾ വിജയിപ്പിച്ചാൽ. ഇനി അങ്ങനെയൊരു മുഹൂർത്തമാണ് വരുന്നതെങ്കിൽ അതിനുമുമ്പ് ഞാൻ പത്ത് ലക്ഷം രൂപയ്ക്ക് ഒരു വൈരക്കല്ലെങ്കിലും പതിപ്പിച്ചുകൊണ്ട് മാതാവിന് കിരീടവുമായി ഞാൻ വരും. ഇത് എന്റെ ഹൃദയത്തിന്റെ കുടുംബ വേദനയിൽ നിന്ന് വരുന്ന മറ്റൊരു നേർച്ച മാത്രമാണ്.'- എന്നായിരുന്നു സുരേഷ് ഗോപി അന്ന് പറഞ്ഞത്.

Advertisement
Advertisement