എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ സിപിഎമ്മിനെയും എൽഡിഎഫിനെയും എത്തിച്ചതാര്? പരാജയം മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റന്റേയും

Tuesday 04 June 2024 2:27 PM IST

തിരുവനന്തപുരം: എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ സിപിഎം. ഭരണവിരുദ്ധ വികാരം ഉണ്ടാകുമെന്ന് കണക്കുകൂട്ടിയെങ്കിലും അത് ഇത്രത്തോളം കടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻപോലും കരുതിക്കാണില്ല. ശക്തമായ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ച വടകര ഉൾപ്പടെയുള്ള മണ്ഡലങ്ങളിൽപ്പോഴും എൽഡിഎഫും സിപിഎമ്മും തകർന്നടിയുകയായിരുന്നു. കൊല്ലത്തും വയനാട്ടിലും ഇടുക്കിയിലും ചിത്രത്തിലേ ഇല്ലാത്ത അവസ്ഥയിലായി ഇടതുമുന്നണി.

ന്യൂനപക്ഷങ്ങളെ പരമാവധി തങ്ങളോട് അടുപിച്ച് നിറുത്തി കഴിയാവുന്നത്ര വോട്ടുകൾ അനുകൂലമാക്കാനായിരുന്നു സിപിഎം ശ്രമം. പക്ഷേ അത് വിജയിച്ചില്ലെന്ന് മാത്രമല്ല ഭൂരിപക്ഷവും ന്യൂനപക്ഷവും എതിരാവുകയായിരുന്നു എന്നാണ് ലീഡ് നില വ്യക്തമാക്കുന്നത്. കണ്ണൂരിൽ പാർട്ടിയുടെ ഉറച്ച കോട്ടകളെന്ന് വിശേഷണമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിൽപ്പോലും ഇടതുമുന്നണി പിന്നാക്കം പോയതിന്റെ കാരണം ഭരണ വിരുദ്ധ വികാരം തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉൾപ്പടെയുള്ളവർ ചൂണ്ടിക്കാണിക്കുന്നത്.

സർക്കാരിന്റെ നയങ്ങളോട് ജീവനക്കാരുൾപ്പടെയുള്ളവർക്ക് ശക്തമായ എതിർപ്പുണ്ടായിരുന്നു. കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച് തങ്ങൾക്ക് ശമ്പളം കിട്ടാത്ത അവസ്ഥയിലേക്ക് എത്തിക്കുമോ എന്നും ജീവനക്കാർ ഭയന്നു. കെഎസ്ആർടിസി ജീവനക്കാർക്ക് സമയത്ത് ശമ്പളം കിട്ടാത്തതും പെൻഷൻ വൈകുന്നതും ഉദാഹരണമായിമുന്നിലുള്ളത് അവരുടെ ആശങ്ക വർദ്ധിപ്പിച്ചു എന്നുവേണം കരുതാൻ.

പിഎസ്‌സിയെ നോക്കുകുത്തിയാക്കി പാർട്ടിക്കാർക്കും ബന്ധുക്കൾക്കുമായി പിൻവാതിൽ നിയമങ്ങൾ നടത്തിയത് യുവജനങ്ങളെ സർക്കാരിനെതിരാക്കി. അത് വോട്ടെടുപ്പിലും പ്രതിഫലിച്ചു. നേരത്തേ യുവജനങ്ങൾ ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ടിരുന്ന സിപിഎമ്മിനെയും എൽഡിഎഫിനെയും അവർ കൈയൊഴിഞ്ഞു.വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്ഐക്കാർ പ്രതിസ്ഥാനത്ത് എത്തിയതും അവരെ ന്യായീകരിക്കാനും രക്ഷിക്കാനും സിപിഎം നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും എത്തിയതും അണികൾക്കിട‌യിൽപ്പോലും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയിരുന്നു. കരുവന്നൂരിൽ നടന്നതുപോലെ സിപിഎം നിയന്ത്രണത്തിലുള്ള സംഘങ്ങളിലെ വൻ തട്ടിപ്പുകൾ പുറത്തുവന്നതും നേതാക്കളുടെ പുറകേ കേന്ദ്ര അന്വേഷണ സംഘങ്ങൾ കൂടിയതും തട്ടിപ്പുകാർ എന്ന ലേബൽ പാർട്ടിക്കാർക്ക് ചാർത്തിക്കിട്ടാൻ കാരണമായി. കേന്ദ്രത്തിനെ കുറ്റംപറഞ്ഞ് ഇതിൽനിന്ന് രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും അത് ആരും വിശ്വാസത്തിലെടുത്തില്ല.

ക്ഷേമപെൻഷനുകൾ മുടങ്ങിയതും അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും മാവേലി സ്റ്റോറുകളിൽ ഉൾപ്പടെ അവശ്യസാധനങ്ങൾ ലഭിക്കാത്തതും തിരിച്ചടിയായെന്ന് കരുതാതെ വയ്യ. കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് പറയുമ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തിയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ കൈയിലെടുക്കാൻ കോടികൾ ചെലവിട്ട് നവകേരള യാത്ര നടത്തിയതും ജനങ്ങുടെ എതിർപ്പ് ഉച്ചസ്ഥായിലാക്കി.

മറ്റുനേതാക്കൾ ഉണ്ടായിരുന്നെങ്കിലും കേരളത്തിൽ എൽഡിഎഫിന്റെ പ്രചാരണം നയിച്ചത് പിണറായി വിജയനായിരുന്നു. മറുവശത്ത് പ്രധാനമന്ത്രിയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തിറങ്ങിയപ്പോഴായിരുന്നു ഇത്. എന്നാൽ ക്യാപ്റ്റനായും അദ്ദേത്തിന്റെ പ്രചാരണത്തെയും ജനങ്ങൾ നിരാകരിച്ചു എന്ന് തെളിയിക്കുന്നതാണ് കേരളത്തിലെ യുഡിഎഫിന്റെ ഗംഭീര മുന്നേറ്റം.

പ്രതികൂല ഘടകങ്ങൾ നിരവധി ഉണ്ടായിട്ടും പ്രചാരണത്തിൽ വ്യക്തമായി മുന്നേറിക്കൊണ്ടിരുന്ന എൽഡിഎഫിന് അപ്രതീക്ഷ തിരിച്ചടിയായിരുന്നു ഇപി വിവാദം. വോട്ടെടുപ്പിന് തൊട്ടമുമ്പുള്ള ദിവസങ്ങളിൽ പുകഞ്ഞുതുടങ്ങിയ വിവാദം വോട്ടെടുപ്പ് നാളിൽ രാവിലെ ഇപി നടത്തിയ വെളിപ്പെടുത്തലോടെ ആളിക്കത്തി. എൽഡിഎഫിനെ താേൽപ്പിക്കാൻ ബിജെപിയുമായുണ്ടാക്കിയ ധാരണപ്രകാരമായിരുന്നു വോട്ടെടുപ്പ് ദിവസം തന്നെ വെളിപ്പെടുത്തൽ നടത്താൻ ഇപി തിരഞ്ഞെടുത്തതെന്ന് പാർട്ടി അണികൾ ഉൾപ്പടെയുള്ളവർ കരുതി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുളളവർ പ്രശ്നത്തെ ലഘൂകരിക്കാൻ രംഗത്തെത്തിയെങ്കിലും അതും വിജയിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.

Advertisement
Advertisement