പ്രതീക്ഷിച്ച മുന്നേറ്റം നടത്താനാകാതെ എൻഡിഎ; തകർന്ന് പ്രതിരോധ ഓഹരികൾ, നേരിടുന്നത് വൻ ഇടിവ്

Tuesday 04 June 2024 2:57 PM IST

മുംബയ്: ലോക്‌സഭാ തിരഞ്ഞടുപ്പ് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേയ്ക്ക് അടുക്കുമ്പോൾ എൻഡിഎ സർക്കാരിന് പ്രതീക്ഷിച്ച മുന്നേറ്റം നടത്താനാകാത്തതിൽ ഓഹരി വിപണയിൽ തിരിച്ചടി. പ്രതിരോധ കമ്പനികളാണ് പ്രതിസന്ധി നേരിടുന്നത്. പ്രതിരോധ കമ്പനികളുടെ ഓഹരികൾ കൂട്ടത്തോടെ വിറ്റൊഴിയുകയാണ് നിക്ഷേപകർ.

പതിനൊന്ന് ശതമാനം ഇടിവാണ് പ്രതിരോധ ഓഹരികളിൽ രേഖപ്പെടുത്തുന്നത്. ഭാരത് ഇലക്‌ട്രോണിക്‌‌സ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ്, ഭാരത് ഡൈനാമിക്‌സ്, കൊച്ചിൻ ഷിപ്പ്‌യാർഡ് എന്നിവയുടെ ഓഹരികളിലാണ് വൻ ഇടിവുണ്ടായിരിക്കുന്നത്.

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന്റെ (ബിഇഎൽ) ഓഹരികൾ 19.36 ശതമാനത്തിലധികം ഇടിഞ്ഞു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് 14.29 ശതമാനത്തിലധികം ഇടിഞ്ഞ് ഒരു ഷെയറിന് 260.45 രൂപയായി. ഭാരത് ഡൈനാമിക്‌സ് ഓഹരികളിൽ 10 ശതമാനം ഇടിവും കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരികളിൽ ഒൻപത് ശതമാനം ഇടിവും രേഖപ്പെടുത്തി. ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് ഇരട്ടിയിലേറെ നേട്ടം നൽകിയവയാണ് ഇപ്പോൾ തിരിച്ചടി നേരിടുന്നത്.

ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ ഉത്‌പാദനത്തിൽ കേന്ദ്രം ശ്രദ്ധയൂന്നിയതിന് പിന്നാലെ മോദി ഭരണകാലത്ത് പ്രതിരോധ ഓഹരികൾ ഗണ്യമായ ഉയർച്ചയാണ് ഉണ്ടായിരുന്നത്. മൂന്നാം വട്ടവും എൻഡിഎ സർക്കാരെന്ന എക്‌സിറ്റ് പോൾ ഫലങ്ങളെത്തുടർന്ന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ്, ഭാരത് ഡൈനാമിക്‌സ്, ഭാരത് ഇലക്‌ട്രോണിക്‌സ് എന്നിവയുടെ ഓഹരികൾ പത്ത് ശതമാനം ഉയർന്ന് റെക്കാഡ് വർദ്ധനവിൽ എത്തിയിരുന്നു. പ്രതിരോധ ഓഹരികൾക്ക് പുറമെ പൊതുമേഖലാ ബാങ്ക് ഓഹരികളും 10 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തുകയാണ്.

Advertisement
Advertisement