ലീഡ് നിലയിൽ രാഹുലിനോട് അടുക്കാനാകാതെ മോദി; വയനാട്ടിലും റായ്‌ബറേലിയിലും ഗാന്ധി തരംഗം

Tuesday 04 June 2024 4:19 PM IST

ന്യൂഡൽഹി: ഉത്തർപ്രദേശ് റായ്‌ബറേലിയിൽ ചരിത്രവിജയത്തിലേയ്ക്ക് കുതിക്കുകയാണ് രാഹുൽ ഗാന്ധി. മൂന്ന് ലക്ഷത്തിലധികം വോട്ടിനാണ് രാഹുൽ ഗാന്ധി ലീഡ് ചെയ്യുന്നത്. 6,79,173 വോട്ടാണ് അദ്ദേഹം ഇതുവരെ നേടിയത്. രണ്ടാമത്തെ മണ്ഡലമായ വയനാട്ടിലും രാഹുൽ മാജിക് പ്രതിഫലിക്കുന്നുണ്ട്. വയനാട്ടിലും മൂന്ന് ലക്ഷത്തിലധികം വോട്ടിനാണ് അദ്ദേഹം ലീഡ് ചെയ്യുന്നത്. 6,37,028 വോട്ടാണ് ഇതുവരെ നേടിയത്.

റായ് ബറേലിയിൽ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമ്മ സോണിയാ ഗാന്ധി നേടിയ ഭൂരിപക്ഷം മറികടന്നാണ് രാഹുലിന്റെ കുതിപ്പ്. 2004 മുതൽ റായ്‌‌ബറേലിയെ സ്വന്തം തട്ടകമാക്കി മാറ്റിയ സോണിയ ഗാന്ധി 2019ൽ 1.67 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അന്ന് ബിജെപിയുടെ ദിനേഷ് പ്രതാപ് സിംഗിനെ പിന്നിലാക്കിയായിരുന്നു സോണിയ റായ് ബറേലി പിടിച്ചെടുത്തതെങ്കിൽ അഞ്ചുവർഷം പിന്നിടുമ്പോൾ ഇതേ ദിനേഷ് പ്രതാപ് സിംഗിനെ പിന്തള്ളിയാണ് രാഹുൽ ഗാന്ധി റായ് ബറേലി നിലനിർത്തുന്നത്.

ഗാന്ധി തരംഗം മോദി തരംഗത്തെ പിന്നിലാക്കുന്ന കാഴ്‌ചയാണ് കാണുന്നത്. രാഹുൽ ഗാന്ധി ഉയർത്തിയ ലീഡ് നില ഉത്തർപ്രദേശിലെ വരാണസിയിൽ നരേന്ദ്ര മോദിക്ക് ഉയർത്താനായിട്ടില്ല. ഒരു ലക്ഷത്തിനുപുറത്ത് ലീഡ് ഉയർത്താൻ മാത്രമാണ് മോദിക്ക് സാധിച്ചത്. 6,09,735 വോട്ടാണ് മോദി ഇതുവരെ നേടിയത്. പിന്നാലെയുള്ള കോൺഗ്രസിന്റെ അജയ് റായ് 4,58,681 വോട്ടും നേടി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ 400ൽ അധികം സീറ്റുകൾ നേടി വിജയിക്കുമെന്ന് പ്രഖ്യാപിച്ച എൻഡിഎയ്ക്ക് ഇതുവരെ 293 സീറ്റുകൾ മാത്രമാണ് നേടാനായത്. 234 സീറ്റുമായി ശക്തികാട്ടി ഇന്ത്യാ സഖ്യം പിന്നാലെയുണ്ട്.

Advertisement
Advertisement