കോഴിക്കോട്ടുക്കാർക്ക് 'മൊഹബത്ത്' രാഘവേട്ടനോടാണ്; കാത്തിരുന്ന വിജയം വീണ്ടും കോൺഗ്രസിനൊപ്പം

Tuesday 04 June 2024 4:54 PM IST

കോഴിക്കോട്: വീണ്ടും കോൺഗ്രസിന്റെ കൈക്കുമ്പിളിലാണ് കോഴിക്കോട് മണ്ഡലമെന്ന് തെളിയിക്കുന്ന തരത്തിലുളള ലീഡ് വിവരങ്ങളാണ് പുറത്തുവരുന്നത്. കഴിഞ്ഞ മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും കോഴിക്കോടിനെ കൈവിടാതെ പിടിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയായ എം കെ രാഘവൻ തന്നെയാണ് ഇത്തവണയും വിജയക്കുതിപ്പ് നടത്തിയിരിക്കുന്നത്.

2009, 2014, 2019 എന്നീ വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ മികച്ച ഭൂരിപക്ഷം നേടി ജയിച്ച ജനകീയനായ നേതാവാണ് രാഘവൻ. കോഴിക്കോട്ടുകാരനെല്ലങ്കിലും കോഴിക്കോട്ടുക്കാർക്ക് പ്രിയപ്പെട്ടവനായി മാറിയ അദ്ദേഹം എല്ലാ പ്രശ്നങ്ങളിലും സജീവമായി നിന്ന നേതാവ് കൂടിയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലം പുറത്തുവന്നപ്പോൾ തന്നെ രാഘവന് വ്യക്തമായ ലീഡ് ഉണ്ടായിരുന്നു. ഒന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ഇത്തവണയും വിജയം ഉറപ്പിക്കാനൊരുങ്ങുന്നത്. ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ പ്രതീക്ഷിച്ചിരുന്നുളളൂവെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യപ്രതികരണം. വീണ്ടും മികച്ച ഒരു പാ‌ർലമെന്റേറിയൻ എന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം.

അതേസമയം,​ രാഘവനെതിരെ മികച്ച സ്ഥാനാർത്ഥികളെയാണ് സിപിഎമ്മും ബിജെപിയും കളത്തിലിറക്കിയത്. രാജ്യസഭാ എം പിയായ എളമരം കരീമും ബിജെപിയിലെ പ്രമുഖ നേതാക്കളിലൊരാളായ എം ടി രമേശുമായിരുന്നു രാഘവന്റെ എതിരാളികൾ. എന്നാൽ ഇരുവരെയും പിന്നിലാക്കി വ്യക്തമായ ഭൂരിപക്ഷമാണ് രാഘവൻ സ്വന്തമാക്കിയത്.

രാഘവന് 'ഏട്ടൻ' എന്ന ഇമേജ് നൽകിയാണ് യുഡിഎഫ് പ്രചരണം കൊഴുപ്പിച്ചത്. അതേസമയം, സിപിഎം ഇളമരം കരീമിന് 'ഇക്ക' എന്ന ഇമേജ് വച്ച് പ്രചരണം നടത്തിയതോടെ കടുത്ത വിമ‌ർശനങ്ങളാണ് നേരിടേണ്ടി വന്നത്. പ്രചരണത്തിന്റെ രണ്ടാം ഘട്ടത്തോടെ 'കരീംക്ക' എന്ന വിളിപ്പേര് കരീം ആയി മാറി. പൗരത്വ ഭേദഗതിക്കെതിരെ കേന്ദ്രത്തിൽ ശക്തമായി നിലപാടുകൾ ഇളമരം കരീം എടുത്തത് സിപിഎമ്മിന് പ്രചരണ ആയുധമായി മാറി. എന്നാൽ 15 വർഷത്തെ വികസനവും ഭാവി വാഗ്ദാനങ്ങളുമായിരുന്നു കോൺഗ്രസിന്റെ പ്രധാന പ്രചരണ ആയുധങ്ങൾ. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വികസനമാണ് രാഘവൻ ചൂണ്ടിക്കാണിച്ചിരുന്ന ഏറ്റവും വലിയ പദ്ധതി.

2009ൽ 800 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മാത്രം കോഴിക്കോട് വിജയിച്ച രാഘവൻ 2014ൽ മത്സരിച്ചപ്പോൾ വിജയിച്ചത് മികച്ച ഭൂരിപക്ഷത്തോടെയായിരുന്നു. 16,​883 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു അന്ന്. എന്നാൽ 2019ൽ അദ്ദേഹത്തിന്റെ ഭൂരിപക്ഷം 85,​225ഉം ആയിരുന്നു. സിപിഎമ്മിലെ എ പ്രദീപ്‌ കുമാറായിരുന്നു കഴിഞ്ഞ തവണ രാഘവന്റെ പ്രധാന എതിരാളി. 2019ൽ 10,76,882 പേർ വോട്ട് ചെയ്‌ത കോഴിക്കോട് മണ്ഡലത്തിൽ രാഘവൻ 493,444 ഉം, എ പ്രദീപ്‌‌ കുമാർ 4,08,219 ഉം വോട്ടുകൾ പിടിച്ചു. ബിജെപി സ്ഥാനാർത്ഥിയായിരുന്ന അഡ്വക്കേറ്റ് പ്രകാശ് ബാബുവിന് 1,61,216 വോട്ടുകൾ കിട്ടി. 2014ൽ ബിജെപി സ്ഥാനാർത്ഥി സി കെ പദ്‌മനാഭൻ 1,15,760 വോട്ടുകളേ നേടിയിരുന്നുള്ളൂ.

ആകെ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലുളളത്.ബാലുശേരി (സിപിഎം), ഏലത്തൂർ (എൻസിപി), കോഴിക്കോട് നോർത്ത് (സിപിഎം), കോഴിക്കോട് സൗത്ത് (ഐഎൻഎൽ), ബേപ്പൂർ (സിപിഎം), കുന്നമംഗലം (സിപിഎം സ്വതന്ത്രൻ), കൊടുവള്ളി (മുസ്ലീം ലീഗ്) എന്നിവയാണ് കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയമസഭ മണ്ഡലങ്ങൾ.

Advertisement
Advertisement