ഇടതും വലതും കേരള കോൺഗ്രസ്; ഒടുവിൽ കോട്ടയം ജോസഫ് ഗ്രൂപ്പിന്, മാണി വിഭാഗത്തിന് കനത്ത തിരിച്ചടി

Tuesday 04 June 2024 5:16 PM IST

കോട്ടയം: കേരള കോൺഗ്രസുകാരുടെ പോരാട്ടം നടന്ന മണ്ഡലമായിരുന്നു ഇക്കുറി കോട്ടയം. 1977ന് ശേഷം കേരള കോൺഗ്രസ് നേർക്കുനേർ വന്ന തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇത്തവണയുണ്ടായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് ജോസ് കെ മാണി മത്സരിക്കുമെന്ന് കരുതിയിരുന്നെങ്കിലും തോമസ് ചാഴിക്കാടനാണ് ഇക്കുറി നറുക്ക് വീണത്. പാർട്ടിയുടെ ഏക ലോക്‌സഭാ സീറ്റ് നിലനിർത്തേണ്ട സമ്മർദമുണ്ടായിരുന്നു. പ്രോഗ്രസ് റിപ്പോർട്ടുൾപ്പെടെ ജനങ്ങൾക്ക് മുന്നിൽ നിരത്തിയെങ്കിലും ഇക്കുറി ചാഴിക്കാടന് അനുകൂലമായില്ല.

കേരള കോൺഗ്രസിന്റെ ജോസഫ് പക്ഷ സ്ഥാനാർത്ഥിയായ ഫ്രാൻസിസ് ജോർജ് ഇത്തവണ മണ്ഡലം കീഴടക്കി. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാവായ കെഎം ജോർജിന്റെ മകൻ കൂടിയാണ് ഫ്രാൻസിസ് ജോർജ്. 1999, 2004 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ഇടുക്കിയിൽ നിന്ന് വിജയിച്ച ചരിത്രവും അദ്ദേഹത്തിനുണ്ട്.

സിറ്റിംഗ് എംപിയായ തോമസ് ചാഴിക്കാടനേക്കാൾ 86,750 വോട്ടുകൾ നേടിയാണ് ഫ്രാൻസിസ് ജോർജ് (358,646) മുന്നിലെത്തിയത്. 271,896 വോട്ടുകൾ നേടിയാണ് ചാഴിക്കാടൻ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 1,61,897 വോട്ടുകൾ ബിഡിജെഎസ് സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി നേടിയതും ചാഴിക്കാടന് തിരിച്ചടിയായി.

മാണി വിഭാഗത്തിന്റെ തട്ടകമായ കോട്ടയത്ത് ഏറ്റ തോല്‍വി മുന്നണിക്കുള്ളില്‍ പാര്‍ട്ടിയുടെ ശക്തിയും കുറയ്ക്കും. എംപി എന്ന നിലയില്‍ മികച്ച പ്രകടനം നടത്തിയ തോമസ് ചാഴികാടന് പക്ഷേ ഒരു ഘട്ടത്തിലും മുന്നിലേക്ക് വരാന്‍ കഴിഞ്ഞിരുന്നില്ല. 2019ല്‍ സിപിഎം സ്ഥാനാര്‍ത്ഥി വി എന്‍ വാസവനെ 1,06,259 വോട്ടുകള്‍ക്കാണ് കോൺഗ്രസ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്‍ പരാജയപ്പെടുത്തിയത്.

ഈ തോല്‍വി മുന്നണിക്കുള്ളില്‍ ജോസ് കെ മാണി വിഭാഗത്തിന്റെ വിലപേശല്‍ ശക്തി കാര്യമായി തന്നെ കുറയ്ക്കും. മുന്നണി മാറ്റത്തില്‍ ജോസ് കെ മാണിയെ സംബന്ധിച്ച് ഇത് മറ്റൊരു തിരിച്ചടിയാണ്. പിതാവ് കെഎം മാണിയുടെ തട്ടകമായ പാലായില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റ ജോസിന് ഒരേയൊരു സീറ്റില്‍ ലോക്‌സഭയിലേക്ക് വിജയിക്കാന്‍ കഴിയാതെ വന്നതും രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്.

എന്നാൽ, ജയത്തോടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം യുഡിഎഫ് മുന്നണിയില്‍ കൂടുതല്‍ ശക്തരാകും. അഭിമാനകരമായ ജയമാണ് അവരെ സംബന്ധിച്ച് കോട്ടയത്തേത്. വരാനിരിക്കുന്ന രാജ്യസഭാ സീറ്റിലേക്ക് യുഡിഎഫില്‍ അവര്‍ അവകാശവാദം ഉന്നയിക്കും. എന്നാല്‍ ഇടത് മുന്നണിയില്‍ ജോസിന് വീണ്ടും സീറ്റ് നല്‍കാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ പാര്‍ലമെന്റില്‍ പ്രാതിനിധ്യമില്ലാത്ത പാര്‍ട്ടിയായി കേരള കോണ്‍ഗ്രസ് മാണി വിഭാഗം മാറും.

Advertisement
Advertisement