'തൃശൂരിലെ വിജയം സിപിഎം-ബിജെപി അവിഹിത ബന്ധം, അനുകൂല വികാരത്തിനായി പൂരം കലക്കി'

Tuesday 04 June 2024 6:19 PM IST

തിരുവനന്തപുരം: കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിൽ അവിഹിതബന്ധം ഉണ്ടെന്നും അതിനെ തുടർന്നുണ്ടായ ധാരണയുടെ ഭാഗമാണ് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ്ഗോപിയുടെ വിജയമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേന്ദ്ര ഏജൻസികൾ എടുക്കുന്ന കേസുകൾ വച്ച് മുഖ്യമന്ത്രിയെ വരെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

'കേരളത്തിലെ തിരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന ബിജെപി നേതാവിനെ എന്തിനാണ് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ കണ്ടത്. എന്തിനാണ് മുഖ്യമന്ത്രി, പ്രകാശ് ജാവഡേക്കറുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയത്. ഈ കൂടിക്കാഴ്ചകളിലാണ് ലാവ്‌ലിൻ ഉൾപ്പെടെയുള്ള കേസുകളിലും ഇപ്പോൾ ഇ ഡി അന്വേഷിക്കുന്ന കേസുകളിലും രക്ഷപ്പെടുത്തി കൊടുക്കാം എന്ന വാക്കിന്റെ പുറത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സൗകര്യം സിപിഎം ചെയ്തുകൊടുത്തത്.

ഈ അവിഹിത ബന്ധത്തെ കൂടുതൽ തുറന്നുകാട്ടി ആത്മവിശ്വാസത്തോടെ കോൺഗ്രസ് മുന്നോട്ടുപോകും.

പാർലമെന്റ് തിരഞ്ഞടുപ്പ് പരാജയത്തിന്റെ പേരിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പറയില്ല. പക്ഷെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ ജനരോഷമുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. തൃശൂരിൽ അപ്രതീക്ഷിത പരാജയം ഉണ്ടായി. തൃശൂരിൽ അപകടകരമായ ചില രാഷ്ട്രീയ ചലനങ്ങൾ നടക്കുന്നതായി ഞങ്ങൾ മുൻകൂട്ടി പറഞ്ഞിരുന്നു.

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി. അന്വേഷണം നടക്കുകയും സിപിഎം നേതാക്കളെ നിരന്തരം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഒരു അറസ്റ്റ് പോലും ഉണ്ടായില്ല. അപ്പോൾ ഞങ്ങൾ സംശയം പ്രകടിപ്പിച്ചിരുന്നു. സിപിഎം നേതാക്കൾ അറസ്റ്റിലാകുമെന്ന് അവസാനഘട്ടം വരെ വ്യാപകമായ പ്രചാരണം നടന്നിരുന്നു. സമ്മർദ്ദത്തെ തുടർന്ന് സിപിഎം അവിടെ ഒരു ധാരണ ഉണ്ടാക്കിയിരിക്കുകയായിരുന്നു. അവിഹിതമായ ബന്ധം സിപിഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ ഉണ്ടായതായി ഞങ്ങൾ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. അതാണ് അവിടെ സംഭവിച്ചത്.

തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിക്ക് അനുകൂല സാഹചര്യം ഉണ്ടാക്കാന്‍ തൃശൂർ പൂരം പൊലീസ് ഇടപെട്ട് കലക്കുന്ന സംഭവവും ഉണ്ടായി. ചരിത്രത്തിൽ ആദ്യമായാണ് പൂരം കലക്കുന്നത്. പൂരം കലങ്ങിയതിന്റെ പ്രതിഷേധവും അമർഷവും ബിജെപി സ്ഥാനാർത്ഥിക്ക് അനുകൂലമായെന്നാണ് വിലയിരുത്തൽ. ആലത്തൂരിൽ ചെറിയ മാർജിനിൽ പരാജയപ്പെട്ടതിനെക്കുറിച്ചും പാർട്ടി പഠിക്കും'- വി ഡി സതീശൻ പ്രതികരിച്ചു.

Advertisement
Advertisement