ഇത് മധുര പ്രതികാരം

Wednesday 05 June 2024 12:36 AM IST

കോട്ടയം : സിറ്റിംഗ് എം.പി തോമസ് ചാഴികാടനെതിരെ വൻ ഭൂരിപക്ഷത്തിൽ ഫ്രാൻസിസ് ജോർജ് നേടിയ വിജയം കോൺഗ്രസിനും, പി.ജെ. ജോസഫിനും മധുര പ്രതികാരമായി. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ 106259 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ചാഴികാടന്റെ ജയം. കേരള കോൺഗ്രസ് (എം) ഇടതുപക്ഷത്തെത്തിയ ശേഷം നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിൽ ആദ്യം സജീവമായത് ചാഴികാടനായിരുന്നു. എന്നിട്ടും വൻ തോൽവി ഏറ്റുവാങ്ങാനായിരുന്നു വിധി.

2019 ൽ കോട്ടയത്ത് പി.ജെ.ജോസഫിന് മത്സരിക്കാൻ താത്പര്യമുണ്ടായിരുന്നെങ്കിലും അവസാന നിമിഷം ചാഴികാടൻ സ്ഥാനാർത്ഥിയാകുകയായിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു പിളർപ്പ്. ജനപ്രതിനിധികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ മാണി വിഭാഗത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗികമായി അംഗീകരിച്ചതോടെ ജോസഫ് വിഭാഗത്തിന് ചിഹ്നമില്ലാതായി. ഒടുവിൽ ഇത്തവണ ഓട്ടോ ചിഹ്നത്തിലാണ് ഫ്രാൻസിസ് ജോർജ് മത്സരിച്ചത്. പത്രികാ സമർപ്പണം പൂർത്തിയായ ശേഷമാണ് ചിഹ്നം ലഭിച്ചത്. ഓട്ടോയിൽ കയറ്റാനുള്ള ആള് ജോസഫ് ഗ്രൂപ്പിനില്ലെന്ന് പരിഹസിച്ചവർക്കുള്ള ചുട്ടമറുപടി കൂടിയായി ജയം.

കരുത്ത് തെളിയിച്ച് ജോസഫ് ഗ്രൂപ്പ്

ജോസ് കെ മാണിയുടെ രാജ്യസഭാ കാലാവധി അടുത്ത മാസം അവസാനിക്കുകയാണ്. ഇടതുമുന്നണി ഇനി സീറ്റ് നൽകുന്നില്ലെങ്കിൽ കേരള കോൺഗ്രസ് (എം) എം.പിമാരില്ലാത്ത പാർട്ടിയാകും. ജോസഫ് ഗ്രൂപ്പിന് എം.പിയെ ലഭിച്ചതോടെ മാണിഗ്രൂപ്പുമായി തിരഞ്ഞെടുപ്പ് കമ്മിഷനിലുള്ള കേസിലും ഗുണകരമായേക്കും. അടുത്ത നിയമസഭാ സീറ്റിൽ യു.ഡിഎഫിൽ കൂടുതൽ വില പേശാനുമാകും. മാണി ഗ്രൂപ്പിനെ യു.ഡിഎഫിലേക്ക് തിരിച്ചു കൊണ്ടുവരാൻ ചില കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നതിനിടയിൽ മദ്ധ്യകേരളത്തിൽ സ്വാധീനം തങ്ങൾക്കെന്ന് അവകാശപ്പെടാനും കഴിയും.

മേൽക്കൈ നഷ്ടപ്പെട്ട് ജോസ്

നിയമസഭ തിരഞ്ഞെടുപ്പിൽ പാലായിൽ നേരിട്ട തോൽവിയുടെ ആഘാതത്തിന് പിന്നാലെ ലോക്‌സഭ സീറ്റും നഷ്ടമായത് ജോസ് കെ മാണിയ്ക്ക് തിരിച്ചടിയായി. വിശ്വസ്തനും ജനകീയനുമായ ചാഴികാടന്റെ വൻതോൽവി കേരള കോൺഗ്രസ് (എം) ക്യാമ്പ് പോലും പ്രതീക്ഷിച്ചിരുന്നില്ല. ഇത് പാർട്ടിയിൽ എതിർ ശബ്ദങ്ങൾക്കും പിളർപ്പിനും ഇടയാക്കുമെന്നാണ് ആശങ്ക. മുന്നണിമാറ്റത്തിൽ പല നേതാക്കളും ആദ്യം മുതൽ അസ്വസ്ഥരായിരുന്നു. എന്നാൽ പരസ്യപ്രതികരണം ആരും നടത്തിയില്ല. തോൽവിയുടെ കാരണം കണ്ടെത്താൻ വിശദമായ ചർച്ചകൾ വേണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്.

Advertisement
Advertisement