കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്, തെലങ്കാനയില്‍ ഒപ്പത്തിനൊപ്പം; ദക്ഷിണേന്ത്യയില്‍ പ്രതീക്ഷിച്ച നേട്ടമില്ലാതെ ബിജെപി

Tuesday 04 June 2024 7:04 PM IST

ബംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നിന്നും തെലങ്കാനയില്‍ നിന്നും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കാതെ ബിജെപി. ദക്ഷിണേന്ത്യയിലെ അവരുടെ ഏറ്റവും വലിയ ശക്തി കേന്ദ്രമായ കര്‍ണാടകയില്‍ എട്ട് സീറ്റുകളുടെ കുറവാണ് 2019നെ അപേക്ഷിച്ച് ബിജെപിക്ക് ഉണ്ടായിരിക്കുന്നത്. 28 സീറ്റുകളില്‍ 17 ഇടത്ത് ബിജെപി വിജയിച്ചു. സഖ്യകക്ഷിയായ ജെഡിഎസ് രണ്ട് സീറ്റില്‍ വിജയിച്ചു. 2019ല്‍ ബിജെപിക്ക് 27 സീറ്റ് കിട്ടിയ സ്ഥലത്താണ് ഇത്തവണ 17 ആയി ചുരുങ്ങിയത്.

ഡികെ ശിവകുമാര്‍, സിദ്ധരാമയ്യ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ തിരിച്ചുവരവാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ വെറും ഒരു സീറ്റില്‍ മാത്രം വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ ഒമ്പത് സീറ്റുകള്‍ നേടി ഗംഭീര വിജയം നേടുകയായിരുന്നു. സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് അവര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചും ഒപ്പം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയും ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലാണ്.

കര്‍ണാടകയില്‍ പരമാവധി അഞ്ച് സീറ്റിനപ്പുറം കോണ്‍ഗ്രസ് നേടില്ലെന്നായിരുന്നു സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ അതിനും മുകളിലാണ് കോണ്‍ഗ്രസ് കുതിപ്പ് നടത്തിയത്. ബിജെപിയെ സംബന്ധിച്ച് യെദിയൂരപ്പ പ്രചാരണ പരിപാടികളുടെ നേതൃത്വം ഏറ്റെടുക്കാത്തത് സാമുധായിക സമവാക്യത്തെ ബാധിച്ചിരുന്നു. സിദ്ധരാമയ്യ സര്‍ക്കാര്‍ നടത്തുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങളും രാഹുല്‍ ഗാന്ധിയോട് സാധാരണക്കാര്‍ക്ക് ജോഡോ യാത്രയ്ക്ക് ശേഷമുള്ള മതിപ്പുമാണ് കോണ്‍ഗ്രസ് ഉപയോഗിച്ചത്. അതോടൊപ്പം തന്നെ ബിജെപിക്കുള്ളിലെ തമ്മിലടിയും കോണ്‍ഗ്രസ് ആയുധമാക്കി.

അതേസമയം, അടുത്തിടെ ഭരണം പിടിച്ച തെലങ്കാനയില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. 17 ലോക്‌സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസിനും ബിജെപിക്കും എട്ട് സീറ്റ് വീതം ലഭിച്ചപ്പോള്‍ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഎംഎ പാര്‍ട്ടി ഒരു സീറ്റില്‍ വിജയിച്ചു.

Advertisement
Advertisement