തലസ്ഥാന മണ്ഡലത്തിൽ ആറിടത്തും നേർക്കുനേർ മത്സരിച്ചത് കോൺഗ്രസും ബിജെപിയും തമ്മിൽ, പോസ്റ്റൽ വോട്ടിലും സമാനസ്ഥിതി

Tuesday 04 June 2024 8:27 PM IST

തിരുവനന്തപുരം: നാലാം അങ്കത്തിലും തീരദേശ വോട്ടിന്റെ ബലത്തിൽ ശശി തരൂർ തിരുവനന്തപുരം മണ്ഡലം തിരികെ പിടിച്ചിരിക്കുകയാണ്. പലഘട്ടത്തിലുംമുന്നിൽ നിന്ന് ലീഡ് ചെയ്‌ത ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ അവസാന റൗണ്ടുകളിലാണ് പിന്നിലായത്. 99,989 എന്ന വമ്പൻ ഭൂരിപക്ഷത്തിൽ നിന്ന് 16,077 എന്ന ചെറിയ സംഖ്യയിലേക്ക് തരൂരിന്റെ ഭൂരിപക്ഷം ഇടിഞ്ഞിട്ടുണ്ട്.

എന്നാൽ ശ്രദ്ധേയമാകുന്നത് മറ്റൊരു കണക്ക് കൂടിയാണ്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ പെടുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ബഹുഭൂരിപക്ഷം നിയമസഭാ മണ്ഡലങ്ങളിലും മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ മാത്രമായിരുന്നു. ഇടതുമുന്നണി ഒരിടത്താണ് രണ്ടാമതെത്തിയത്. പാറശാല മണ്ഡലത്തിലാണത്. മാത്രമല്ല 2019 പൊതുതിരഞ്ഞെടുപ്പിൽ നേടിയ വോട്ട് ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയ്‌ക്ക് നേടാനുമായില്ല.

ബിജെപിക്ക് 2019ൽ നേമത്ത് മാത്രമാണ് മുന്നിൽ വരാനായതെങ്കിൽ ഇത്തവണ സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ട്. അന്ന് കുമ്മനം രാജശേഖരൻ 41.40 ശതമാനം വോട്ടാണ് നേടിയത്. 58,513 വോട്ടുകളാണ് കുമ്മനം സ്വന്തമാക്കിയത്. ഇത്തവണ രാജീവ് ചന്ദ്രശേഖർ ആ നില മെച്ചപ്പെടുത്തി. നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ ഇത്തവണ ബിജെപി മുന്നിലെത്തി. തലസ്ഥാന നഗരമണ്ഡലമായ തിരുവനന്തപുരത്ത് ശശി തരൂർ 4541 വോട്ടിന് ആദ്യമെത്തി. ഇതിനൊപ്പം പാറശാല,നെയ്യാറ്റിൻകര, കോവളം മണ്ഡലങ്ങളിലും ശശി തരൂർ ആദ്യ സ്ഥാനത്തെത്തി വിജയിച്ചു.

ഇടത് മുന്നണിയ്‌ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിലും വോട്ട് കുറഞ്ഞിരിക്കുകയാണ്. മുതിർന്ന സിപിഐ നേതാവ് സി.ദിവാകരൻ കഴിഞ്ഞ തവണ 2,58,556 വോട്ടാണ് നേടിയതെങ്കിൽ മണ്ഡലത്തിലെ മുൻ എം.പി കൂടിയായ പന്ന്യൻ രവീന്ദ്രൻ ഇത്തവണ നേടിയത് 2,44,433 വോട്ടുകൾ മാത്രമാണ്. വിവിധ മണ്ഡലങ്ങളിൽ മൂന്ന് സ്ഥാനാർത്ഥികൾക്കും ലഭിച്ച വോട്ടുകൾ ഇപ്രകാരമാണ്.

കഴക്കൂട്ടം

ശശി തരൂർ 39,602
രാജീവ് ചന്ദ്രശേഖർ 50,444
പന്ന്യൻ രവീന്ദ്രൻ 34,382

വട്ടിയൂർക്കാവ്

ശശി തരൂർ 44,863
രാജീവ് ചന്ദ്രശേഖർ 53,025
പന്ന്യൻ രവീന്ദ്രൻ 28,336

തിരുവനന്തപുരം

ശശി തരൂർ 48,296
രാജീവ് ചന്ദ്രശേഖർ 43,755
പന്ന്യൻ രവീന്ദ്രൻ 27,076

നേമം

ശശി തരൂർ 39,101
രാജീവ് ചന്ദ്രശേഖർ 61,227
പന്ന്യൻ രവീന്ദ്രൻ 33,322

പാറശാല

ശശി തരൂർ 59,026
രാജീവ് ചന്ദ്രശേഖർ 45,957
പന്ന്യൻ രവീന്ദ്രൻ 46,654

കോവളം

ശശി തരൂർ 64,042
രാജീവ് ചന്ദ്രശേഖർ 47,376
പന്ന്യൻ രവീന്ദ്രൻ 39,137

നെയ്യാറ്റിൻകര

ശശി തരൂർ 58,749
രാജീവ് ചന്ദ്രശേഖർ 36,136
പന്ന്യൻ രവീന്ദ്രൻ 35,526

ആകെ ഇ.വി.എം വോട്ടുകൾ

ശശി തരൂർ 3,53,679
രാജീവ് ചന്ദ്രശേഖർ 3,37,920
പന്ന്യൻ രവീന്ദ്രൻ 2,44,433

ആകെ പോസ്റ്റൽ വോട്ടുകൾ

ശശി തരൂർ 4,476
രാജീവ് ചന്ദ്രശേഖർ 4,158
പന്ന്യൻ രവീന്ദ്രൻ 3,215

Advertisement
Advertisement