ആദ്യം പിന്നിൽ, പിന്നെ മുന്നേറി കൊടിക്കുന്നിൽ

Wednesday 05 June 2024 1:40 AM IST

മാവേലിക്കര : രാവിലെ 8.30. മാവേലിക്കര കോൺഗ്രസ് ഓഫീസിൽ വിരലിലെണ്ണാവുന്ന ആളുകൾ മാത്രം. ഇന്ത്യാ സഖ്യത്തിന്റെ മുന്നേറ്റത്തെപ്പറ്റി അകത്ത് സംസാരം. മാവേലിക്കരയെ കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല. ഈ സമയം മാവേലിക്കരയിൽ എൽ.ഡി.എഫ് ലീഡ് ചെയ്യുകയായിരുന്നു. ഒൻപതരയോടെ ആദ്യമായി ചാനലിൽ ലീഡ് നില മാറി. മാവേലിക്കരയിൽ കൊടിക്കുന്നിൽ മുന്നിൽ. ഇതോടെ പ്രവർത്തകരുടെ മുഖം തെളിഞ്ഞു. പിന്നീട് ലീഡ് നില മാറി മറിഞ്ഞു. പത്ത് മണിയോടെയാണ് കോൺഗ്രസ് നേതാക്കളിൽ അൽപമെങ്കിലും ഉണർവ് ഉണ്ടായത്. പിന്നീടിങ്ങോട്ട് ലീഡ് നിലനിർത്തി പോകാൻ കൊടിക്കുന്നിലിനായി. ഫലം വന്നപ്പോൾ 10868 വോട്ടുകൾക്ക് യു.ഡി.എഫിലെ കൊടിക്കുന്നിൽ സുരേഷ് എൽ.ഡി.എഫിലെ സി.എ.അരുൺകുമാറിനെ പരാജയപ്പെടുത്തി. പാർലമെന്റിലേക്ക് കൊടിക്കുന്നിലിന്റെ എട്ടാം വിജയം.

ഇന്നലെ രാവിലെ മാവേലിക്കര കോൺഗ്രസ് ഓഫീസിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊടിക്കുന്നിൽ സുരേഷ് വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിയ ശേഷം മാവേലിക്കര ഓഫീസിൽ കയറാതെ നേരിട്ട് ചെങ്ങന്നൂരിലേക്ക് പോയി. വിജയ പ്രഖ്യാപനം വന്ന ശേഷമാണ് മാവേലിക്കരയിലേക്ക് എത്തിയത്. മാവേലിക്കരയിൽ നാലാം തുടർവിജയം നേടിയ സ്ഥാനാർത്ഥിയെ തോളിലേറ്റിയാണ് പ്രവർത്തകർ സ്വീകരിച്ചത്. പിന്നാലെ നഗരത്തിൽ ആഹ്ളാദ പ്രകടനവും നടത്തി.

അരുണിനെ ചതിച്ച് ചങ്ങനാശേരി

സി.പി.ഐയുടെ യുവതുർക്കിയായി എത്തി മികച്ച മത്സരം കാഴ്ചവച്ച സി.എ അരുൺകുമാർ മാവേലിക്കര ട്രാവൻകൂർ റീജൻസിയിൽ ഇരുന്നാണ് വോട്ടെണ്ണൽ ടി.വിയിലൂടെ നിരീക്ഷിച്ചത്. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അടക്കമുള്ള നേതാക്കളും ഒപ്പമുണ്ടായിരുന്നു. ലീഡ് നില മാറിമറിഞ്ഞപ്പോഴും അരുൺ കുമാർ പ്രതീക്ഷയിലായിരുന്നു. കൊടിക്കുന്നിലിന്റെ ലീഡ് എണ്ണായിരം കഴിഞ്ഞപ്പോൾ, എണ്ണാനുള്ള ബാക്കി ബൂത്തുകളുടെ വിവരങ്ങൾ ശേഖരിക്കുയും അത് ആരോടൊപ്പം നിൽക്കുമെന്ന് വിലയിരുത്തൽ നടത്തുകയും ചെയ്തുകൊണ്ടിരുന്നു. എന്നാൽ പന്ത്രണ്ടരയോടെ ലീഡ് 9000 കടന്നതോടെ സ്ഥാനാർത്ഥി മുറി വിട്ട് പുറത്തിറങ്ങി. പരാജയം ഉറപ്പാക്കിയപോലെ. മറ്റ് മണ്ഡലങ്ങളിൽ മുന്നിലെത്തിയും ഒപ്പത്തിനൊപ്പം നിന്നും മുന്നേറിയപ്പോൾ, ചങ്ങനാശ്ശേരി മണ്ഡലത്തിലെ കനത്ത തിരിച്ചടിയാണ് വിജയപ്രതീക്ഷ ഇല്ലാതാക്കിയതെന്ന് അരുൺ പ്രതികരിച്ചു. 142984 വോട്ട് നേടി എൻ.ഡി.എയിലെ ബൈജു കലാശാലയും മികച്ച പ്രകടനമാണ് മണ്ഡലത്തിൽ കാഴ്ച വച്ചത്. 1,33,546 വോട്ടുകളാണ് കഴിഞ്ഞ തവണ എൻ.ഡി.എയ്ക്ക് മണ്ഡലത്തിൽ ലഭിച്ചത്.

Advertisement
Advertisement