പോസ്റ്റൽ വോട്ടിൽ തളിർത്തു, പിന്നീടങ്ങോട്ട് ഓട്ടോ സവാരി

Wednesday 05 June 2024 12:03 AM IST

കോട്ടയം : കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ തനിയാവർത്തനമായിരുന്നു ഇക്കുറിയും കോട്ടയത്ത്. പോസ്റ്റൽ വോട്ടിന്റെ ഒരുഘട്ടത്തിൽ മാത്രം എൽ.ഡി.എഫ്, പിന്നീടങ്ങോട്ട് യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് ഓട്ടോറിക്ഷയിലേറി നൂറേ നൂറിലായിരുന്നു.

കേരള കോൺഗ്രസ് ഓഫീസ് പോലെയായിരുന്നു ചാഴികാടന്റെ വീട്. ഫലപ്രഖ്യാപനം അറിയാൻ ചെയർമാൻ ജോസ് കെ.മാണി ആദ്യമെത്തി. പിന്നാലെ നേതാക്കളോരോരുത്തരും. ആദ്യമണിക്കൂറുകളിൽ തിരിച്ചുവരാമെന്ന പ്രതീക്ഷ. പക്ഷേ, ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന ബൂത്തുകളിലെ മണ്ണൊലിപ്പ് ഇനിയൊരു തിരിച്ചുവരവിന് കരുത്തു പകരില്ലെന്ന് തിരച്ചറിവായി. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എത്തിയെങ്കിലും പ്രതീക്ഷയ്ക്ക് വകയില്ലെന്ന് കണ്ടതോടെ മടങ്ങി. ഒന്നരയോടെ പരാജയം ഉറപ്പിച്ച് ജോസും, ചാഴികാടനും മാദ്ധ്യമങ്ങളെ കണ്ടു. എൽ.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിലെ വോട്ടുചോർച്ച സംബന്ധിച്ച് പരിശോധിക്കണമെന്ന ആവശ്യവും ജോസ് ഉന്നയിച്ചു.

 കൊടിപാറിച്ച് ഓട്ടോറിക്ഷ

വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോഴേ ഡി.സി.സി ഓഫീസ് ആവേശക്കടലായിരുന്നു. ലീഡ് നില ഉയരുന്നതനുസരിച്ച് ആരവങ്ങളും കൈയടികളും ഉയർന്നു. പാർട്ടി ഓഫീസിലായിരുന്ന ഫ്രാൻസിസ് ജോർജ് മോൻസ് ജോസഫ് എം.എൽ.എയ്ക്കും പ്രവർത്തകർക്കുമൊപ്പം ഡി.സി.സി ഓഫീസിലെത്തി. വിജയ വഴിയിലേക്ക് നീങ്ങിയ വേളയിൽ മാണി സി. കാപ്പൻ, പി.സി. തോമസ് തുടങ്ങി കൂടുതൽ നേതാക്കളും പ്രവർത്തകരും എത്തി. ഒന്നരയോടെ ലീഡ് 30,000 മുകളിലേക്ക് കയറിയതോടെ സ്ഥാനാർഥിയുടെ മുഖത്ത് ആശ്വാസം. ലഡുവും പായസവും വിതരണം ആരംഭിച്ചു. രണ്ടരയോടെ വോട്ടെണ്ണൽ അവസാനഘട്ട സമയത്ത് പ്രവർത്തകർക്കൊപ്പം കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് പുറപ്പെട്ടു.

 നേതാക്കൾക്കൊപ്പം തുഷാർ

കഞ്ഞിക്കുഴിയിലെ ഹോട്ടൽ പ്രിൻസിൽ ബി.ജെ.പി ജില്ലാ നേതാക്കൾക്കൊപ്പമാണ് എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ലി തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയത്. കഴിഞ്ഞ തവണത്തേക്കാൾ വോട്ടിംഗ് ശതമാനവും വോട്ടും ഉയർത്താനായതിന്റെ ആശ്വാസമുണ്ടായിരുന്നു എൻ.ഡി.എ ക്യാമ്പിൽ.

Advertisement
Advertisement