ഇടതു കോട്ടയിൽ കൊടി പറത്തി സുധാകരൻ

Tuesday 04 June 2024 10:12 PM IST

കണ്ണൂർ: ധർമ്മടവും മട്ടന്നൂരും തളിപ്പറമ്പും ഉൾപ്പെടുന്ന പാർട്ടി കോട്ടയിൽ അടിതെറ്റി സി.പി.എം. ധർമ്മടത്തും മട്ടന്നൂരും നേരിയ ലീഡ് നിലനിർത്തിയെങ്കിലും തളിപ്പറമ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടത് സി.പി.എമ്മിന് ക്ഷീണമായി. സി.പി.എമ്മിന്റെ ശക്തരായ നേതാവ് ജയരാജന്മാരിൽ ഒരാൾ കെ.സുധാകരനുമായി ആദ്യമായി നേർക്കുനേർ പോരാട്ടത്തിലേർപ്പെട്ട മണ്ഡലമെന്ന നിലയിൽ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ കണ്ണൂരിൽ പതിഞ്ഞിരുന്നു. മണ്ഡലചരിത്രത്തിലെ ഏറ്റവും കടുത്ത മത്സരമെന്ന വിലയിരുത്തലാണുണ്ടായത്. എന്നാൽ എകപക്ഷീയമായ വിജയമാണ് സി.പി.എമ്മിനെ നിലംപരിശാക്കി സുധാകരൻ നേടിയത്.
പാർട്ടിയുടെ വോട്ടുകളിൽ വന്ന ഗണ്യമായ കുറവ് വരും ദിവസങ്ങളിൽ ജില്ലയിലെ സി.പി.എമ്മിനെ പിടിച്ചുകുലുക്കുമെന്നുറപ്പ്.


2019ന്റെ ആവർത്തനം

ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുധാകരൻ കണ്ണൂർ മണ്ഡലം നിലനിർത്തിയത്. 516665 വോട്ടുകൾ സുധാകരൻ നേടിയപ്പോൾ എം.വി.ജയരാജന് ലഭിച്ചത് 408596 വോട്ടുകളാണ്. മൂന്നാം സ്ഥാനത്തെത്തിയ ബി.ജെ.പിയിലെ സി രഘുനാഥ് 119465 വോട്ടുകൾ നേടി. 2019ൽ പി.കെ ശ്രീമതിക്കെതിരേ കെ. സുധാകരന്റെ ഭൂരിപക്ഷം 94559 ആയിരുന്നു. ഇടതുകോട്ടകളെല്ലാം വീഴ്ത്തിയായിരുന്നു സുധാകരന്റെ മുന്നേറ്റം. കണ്ണൂർ, അഴീക്കോട്, പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങളിൽ വമ്പിച്ച ലീഡോടെ സുധാകരൻ മുന്നേറിയപ്പോൾ ചുവപ്പ് കോട്ടകളായ ധർമ്മടത്തും മട്ടന്നൂരും സി പിഎമ്മിന്റെ ലീഡ് ഗണ്യമായി കുറഞ്ഞു.

യു.ഡി.എഫ്.പ്രചാരണം മറികടക്കാനായില്ല

ഭരിക്കുന്ന പാർട്ടിയുടെ ജില്ലാ സെക്രട്ടറി കൂടിയായ എംവി ജയരാജന് സർക്കാരിന്റെ ഭരണപരാജയത്തിന്റെ ഉത്തരവാദിത്വത്തിൽനിന്നും ഒളിച്ചോടാനാകില്ലെന്ന പ്രചാരണമാണ് യു.ഡി.എഫ് നടത്തിയത്. ഭരണവിരുദ്ധവികാരം വോട്ടാകുമെന്ന കണക്കുകൂട്ടലാണുണ്ടായിരുന്നത്. വിലക്കയറ്റം രൂക്ഷം, സർക്കാർ സേവനങ്ങൾ കിട്ടാത്ത അവസ്ഥ, അഴിമതിയും ധൂർത്തും സ്വജനപക്ഷപാതം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഇത്തരം പ്രചാരണങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചു.

ഒരേ ഒരു പേര്

സി.പി.എമ്മിന്റെ സംവിധാനത്തോട് ഏറ്റുമുട്ടാൻ കോൺഗ്രസിന് മുന്നോട്ടുവെക്കാൻ കണ്ണൂരിൽ കെ.സുധാകരൻ അല്ലാതെ മറ്റൊരു പേരില്ലെന്നതു കൂടിയായി തിളക്കമാർന്ന ജയം. നിരവധി പേരുകൾ നേതൃത്വത്തിന്റെ മുന്നിലേക്ക് കടന്നുവന്നെങ്കിലും ഒടുവിൽ കെ. സുധാകരനു തന്നെ നറുക്ക് വീഴുകയായിരുന്നു. സുധാകരൻ കളത്തിലിറങ്ങിയതോടെ ജില്ലയിലെ യു.ഡി.എഫ് സംവിധാനമാകെ ഉണർന്നുപ്രവർത്തിച്ചു.കണ്ണൂരിൽ കഴിഞ്ഞ അഞ്ച് വർഷം എം പിയുടെ സാന്നിധ്യമേ ഉണ്ടായിട്ടില്ലെന്ന പ്രചാരണമാണ് പ്രധാനമായും എൽ.ഡി.എഫ് ഉയർത്തിയത്. എന്നാൽ മണ്ഡലത്തിൽ ഇത് സ്വാധീനമുണ്ടാക്കിയില്ല. സുധാകരൻ ബി.ജെ.പിയിലേക്ക് പോകുമോയെന്ന എന്ന ചോദ്യവും വോട്ടർമാർ ഏറ്റെടുത്തില്ല

Advertisement
Advertisement