കോൺഗ്രസിന്റെ കരുത്തനെ അന്ന് തകർത്തു, ഇന്ന് നെഹ്രു കുടുംബത്തിന്റെ വിശ്വസ്‌തനുമുന്നിൽ തകർന്നടിഞ്ഞു, അമേഠിയിലെ സ്‌മൃതിയുടെ പരാജയത്തിന്റെ കഥ
ലക്‌നൗ: അഞ്ച് വർഷം മുൻപ് പൊതുതിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായിരുന്നു അമേഠിയിലേത്. കോൺഗ്രസിന്റെ ഈ വമ്പൻ കോട്ടയിൽ പതിനഞ്ച് വർഷമായി രാഹുൽ ഗാന്ധി നേടിയ വിജയത്തിന്റെ പ്രഭ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെട്ടിരുന്നു. കേന്ദ്ര മന്ത്രിയായിരുന്ന സ്‌മൃതി ഇറാനി 55,120 വോട്ടിന് രാഹുലിനെ തറപറ്റിച്ചു.
എന്നാൽ ഇത്തവണ നഷ്‌ടമായ അഭിമാനം വടക്കേ ഇന്ത്യയിൽ രാഹുൽ ഗാന്ധി തിരികെപിടിച്ചിരിക്കുകയാണ്. 1,61,266 വോട്ടിനാണ് റായ്‌ബറേലിയിൽ രാഹുലിന്റെ വിജയം. 2014 തിരഞ്ഞെടുപ്പിലും രാഹുലിനെതിരെ സ്‌മൃതിയാണ് മത്സരിച്ചത്. അന്ന് 1,07903 വോട്ടിനാണ് സ്‌മൃതി പരാജയപ്പെട്ടത്. പക്ഷെ രാജ്യസഭാംഗമായതിനാൽ മോദി സർക്കാരിൽ മാനവവിഭവശേഷി മന്ത്രിയായി. 2019ലെ അട്ടിമറി വിജയത്തോടെ രണ്ടാം മോദി സർക്കാരിൽ 43-ാം വയസിൽ വനിതാ-ശിശുക്ഷേമ മന്ത്രിയായി.
പിന്നെ മോദി സർക്കാർ നടപ്പിലാക്കിയ കേന്ദ്ര പദ്ധതികൾ കൊണ്ടുവരുന്നതിന് സ്‌മൃതി മണ്ഡലത്തിൽ സജീവമായി. പതിറ്റാണ്ടുകളായി മണ്ഡലത്തിലെ പിന്നോക്കാവസ്ഥ മാറ്റിയത് ബിജെപിയാണെന്ന് ഈ സമയം മണ്ഡലത്തിൽ വ്യാപക പ്രചാരണം ഉണ്ടായി. ഭയന്നാണ് രാഹുലിന്റെ രണ്ട് മണ്ഡലങ്ങളിലെ മത്സരം എന്നും പ്രസംഗമുണ്ടായി. സുരക്ഷിത മണ്ഡലം തേടിയാണ് രാഹുൽ തെക്കേ ഇന്ത്യയിലെ വയനാട്ടിലേക്ക് വന്നത് എന്നത് ഇക്കാലത്ത് ബിജെപി ശക്തമായി രാഹുലിനെതിരെ ദേശീയതലത്തിൽ ആരോപിച്ചിരുന്നു. ഈ വലിയ പ്രചാരണം നടത്തിയിട്ടും ഇത്തവണ അമേഠിയിൽ ജനങ്ങൾ കോൺഗ്രസിനും നെഹ്രു കുടുംബത്തിനും വിശ്വസ്‌തനായ കിശോരി ലാൽ ശർമ്മയ്‌ക്ക് വിജയം നൽകിയിരിക്കുകയാണ്.
ഉത്തർപ്രദേശിൽ പൊതുവെ ഇന്ത്യ സഖ്യത്തിന് അനുകൂലമായ തരംഗമുണ്ടായപ്പോൾ അതിനൊപ്പം അമേഠിയും നിന്നു. 1,39,450 വോട്ടിന് സ്‌മൃതി തോറ്റു. കിശോരിലാൽ ശർമ്മ ലോക്‌സഭയിലേക്ക് പോകുകയാണ്. വിജയത്തിലായാലും തോൽവിയിലായാലും തന്നോടൊപ്പം നിന്നവർക്ക് നന്ദി പറയുകയും വിജയിച്ചവർക്ക് അഭിനന്ദനം അറിയിക്കുകയും ചെയ്‌തു. ഒപ്പം തന്റെ തോൽവിയിൽ സന്തോഷിക്കുന്നവർക്ക് മറുപടിയും നൽകിയിട്ടുണ്ട്. തുടർന്നും അമേഠിയ്‌ക്കായി പ്രവർത്തിക്കുമെന്നും സ്‌മൃതി കുറിക്കുന്നു.