കേരളത്തിലെ ഭാവി തലമുറയെ തകർക്കുന്ന തന്ത്രം, മിഠായിയായും മധുരപാനീയമായും കുട്ടികളുടെ അടുത്തെത്താം, ശ്രദ്ധ വേണം

Tuesday 04 June 2024 11:55 PM IST

പാറശാല: സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയാ സംഘങ്ങൾ പിടിമുറുക്കുന്നു. വേനലവധി കഴിഞ്ഞ് സ്‌കൂളുകൾ തുറന്നതോടെയാണ് വിദ്യാർത്ഥികളെ വലയിലാക്കാൻ തന്ത്രങ്ങളുമായി മാഫിയാ സംഘങ്ങളെത്തിയിരിക്കുന്നത്. ലഹരി വസ്തുക്കൾ ഉൾപ്പെടുന്ന മിഠായികളും മധുരപാനീയങ്ങളും സൗജന്യമായി നൽകി വിദ്യാർത്ഥികളെ അവരുടെ ഉപഭോക്താക്കളാക്കി മാറ്റുന്നു. തുടർന്ന് ലഹരി വസ്തുക്കൾ കൈമാറ്റം ചെയ്യുന്നതിനും വിപണനം നടത്തുന്നതിനുമുള്ള ഇടനിലക്കാരായി മാറ്റുന്നു. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂളുകൾ, ഐ.ടി.ഐ, പ്രൊഫഷണൽ കോളേജുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് മാഫിയാസംഘങ്ങളുടെ പ്രവർത്തനങ്ങളും വിപണനവും. നെയ്യാറ്റിൻകര താലൂക്കിലെ വിദ്യാഭ്യാസ മേഖലയായ ധനുവച്ചപുരം കേന്ദ്രീകരിച്ച് മാഫിയാസംഘങ്ങൾ കൂടുതലായി പ്രവർത്തിക്കുന്നു എന്നാണ് വിവരം. ധനുവച്ചപുരത്തെ നിരപ്പിൽ, വൈദ്യൻവിളാകം, പരുത്തിവിള, ബോയ്സ് ഹൈസ്‌കൂൾ, ഗേൾസ് ഹൈസ്‌കൂൾ എന്നിവ പ്രവർത്തിക്കുന്ന സ്‌കൂൾ നട, പാർക്ക് ജംഗ്ഷൻ, ഐ.ടി.ഐ ജംഗ്ഷൻ, പാറശാലയിലെ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, ചെറുവാരക്കോണം ജംഗ്ഷൻ, അയിര, വിരാലി, ആറയൂർ, പൊഴിയൂർ, അതിർത്തി മേഖലയായ പി.പി.എം ജംഗ്ഷൻ എന്നിവിടങ്ങളിൽ വ്യാപകമായി ലഹരി വില്പന തുടരുന്നതായി നാട്ടുകാരിൽ പരക്കെ പരാതിയുണ്ട്. നിരവധി വിദ്യാർത്ഥി സംഘർഷങ്ങൾക്ക് വേദിയായിട്ടുള്ള ധനുവച്ചപുരം മേഖലയിൽ പൊലീസ് സംഘം നോക്കി നിൽക്കെയാണ് കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളുടെ കച്ചവടം നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.


മദ്യം മുതൽ എം.ഡി.എം.എ വരെ


ധനുവച്ചപുരം, പാറശാല, ആറയൂർ, അയിര മേഖലകളിൽ ലഹരിക്ക് അടിമപ്പെട്ട വിദ്യാർത്ഥികളെ എക്‌സൈസ് അധികൃതർ പിടികൂടി അദ്ധ്യാപകർക്ക് കൈമാറിയിട്ടുണ്ടെങ്കിലും പിന്നീട് രക്ഷിതാക്കളുടെ ശുപാർശകൾക്ക് വഴങ്ങി പലപ്പോഴും കേസ് അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ ചില വിദ്യാർത്ഥി സംഘടനകൾ ആളെ കൂട്ടാനുള്ള എളുപ്പവഴിയായി സഹപ്രവർത്തകർക്കിടയിൽ മദ്യം വിളമ്പുന്നതും പതിവാണ്. മുൻപ് മദ്യം, കഞ്ചാവ്, മയക്കുമരുന്ന് എന്നിവയാണ് വിദ്യാർത്ഥികൾക്കായി വിളമ്പിയിരുന്നതെങ്കിൽ ഇപ്പോൾ എം.ഡി.എം.എ പോലുള്ളവയാണ് വിതരണം ചെയ്യുന്നത്.


നിയമത്തിനു മുന്നിൽ കൊണ്ടുവരണം


ലഹരിക്ക് അടിമപ്പെടുന്ന വിദ്യാർത്ഥികൾ പിന്നീട് വിവിധ സംഘങ്ങളായി തിരിഞ്ഞ് ആയുധങ്ങളുമായെത്തി പരസ്പരം സംഘർഷങ്ങളുണ്ടാക്കുന്നതും പതിവാണ്. ലഹരി പകർന്നുനൽകിയ ശേഷം വിദ്യാർത്ഥികളെ അടിമകളാക്കുന്ന മാഫിയാസംഘങ്ങളുടെ പ്രവർത്തനങ്ങൾ തടയുന്നതിനും അവരെ നിയമത്തിന് മുന്നിൽ എത്തിക്കുന്നതിനുമായി ബന്ധപ്പെട്ട എക്‌സൈസ് പൊലീസ് വകുപ്പുകളിലെ ഉന്നതാധികാരികൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് നാട്ടുകാരും രക്ഷകർത്താക്കളും ആവശ്യപ്പെടുന്നു.

Advertisement
Advertisement