വാരാണസിയിൽ മോദിയുടെ ഭൂരിപക്ഷത്തിൽ വൻഇടിവ്, 1. 52 ലക്ഷത്തിന്റെ ലീഡ് മാത്രം, 3.26 ലക്ഷം വോട്ടുകൾ കുറഞ്ഞു
ന്യൂഡൽഹി : രാജ്യം ഉറ്റുനോക്കിയ വാരാണസിയിലെ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭൂരിപക്ഷത്തിൽ വൻഇടിവ്. 2019ൽ 4,79,505 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നപ്പോൾ ഇത്തവണയത് 1,52,513 വോട്ടുകളായി കുറഞ്ഞു. ഭൂരിപക്ഷത്തിൽ ഉണ്ടായത് 3,26,992 വോട്ടുകളുടെ വ്യത്യാസം.
2019ൽ മോദി 674,664 വോട്ടുകൾ നേടിയപ്പോൾ ഈ തിരഞ്ഞെടുപ്പിലത് 612,970 വോട്ടായി കുറഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ കോൺഗ്രസ് ഉത്തർപ്രദേശ് ഘടകം അദ്ധ്യക്ഷൻ അജയ് റായിയേക്കാൾ 14000ൽപ്പരം വോട്ടുകൾക്ക് മോദി പിന്നിലായി. വാരാണസിയിൽ കഴിഞ്ഞതവണ 152,548 വോട്ടുകൾ മാത്രം പിടിച്ച റായ് ഇത്തവണ 'ഇന്ത്യ' സഖ്യമായി മത്സരിച്ചപ്പോൾ 460,457 വോട്ടുകൾ നേടി. വ്യത്യാസം - 307,909.
വൻഭൂരിപക്ഷം ലക്ഷ്യമിട്ടാണ് മോദി മൂന്നാമതും ഇറങ്ങിയതെങ്കിലും ഉത്തർപ്രദേശിലുണ്ടായ ബി.ജെ.പി വിരുദ്ധ തരംഗം വാരാണസിയിലും പ്രതിഫലിച്ചു.
അതേസമയം ഉത്തർപ്രദേശിലെ റായ്ബറേലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 3,90,000ൽപ്പരം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി സ്ഥാനാർത്ഥി ദിനേശ് പ്രതാപ് സിംഗിനെ തറപറ്റിച്ചത്. 2019ൽ സോണിയാ ഗാന്ധി 167,178 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചത്. വയനാട് മണ്ഡലത്തിലും വിജയിച്ച സാഹചര്യത്തിൽ ഏതു സീറ്റ് രാഹുൽ നിലനിറുത്തുമെന്നതാണ് നിർണായകം. അക്കാര്യത്തിൽ ആലോചിച്ചു തീരുമാനമെടുക്കുമെന്ന് രാഹുൽ പ്രതികരിച്ചു.