കമലദളം പിടിച്ച് വിജയതിടമ്പേറ്റി

Wednesday 05 June 2024 12:55 AM IST

  • തൃശൂരിലും നാട്ടികയിലും മികച്ച നേട്ടം
  • ആറ് മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്ത്

തൃശൂർ: കൊടിയേറ്റവും തലപ്പൊക്കവും കണ്ട തൃശൂരിൽ വിജയത്തിടമ്പേറ്റി സുരേഷ് ഗോപി. സുരേഷ് ഗോപിയെന്ന സുപ്പർസ്റ്റാറിന്റെ വ്യക്തിപ്രഭാവവും ബി.ജെ.പിയുടെ സംഘടനാസംവിധാനവും ഒരുമിച്ചതോടെ തൃശൂരിലൂടെ കേരളത്തിൽ ബി.ജെ.പി ചരിത്രം കുറിച്ചു. ന്യൂനപക്ഷ വോട്ടുകൾ ചിന്നിച്ചിതറിയതോടെ എൻ.ഡി.എ വിജയക്കുതിപ്പിലേറി. എൻ.ഡി.എ നേതൃത്വം പോലും പ്രതീക്ഷിക്കാത്തവിധം അമ്പരിപ്പിക്കുന്ന വിജയമാണ് സുരേഷ് ഗോപി നേടിയത്. 2019ൽ ആദ്യമായി തൃശൂരിൽ എത്തിയപ്പോൾ തൃശൂർ ഞാൻ ' ഇങ്ങെടുക്കുവാ..' എന്ന തകർപ്പൻ വാചകം ഒടുവിൽ യാഥാർത്ഥ്യമാകുകയായിരുന്നു.

  • എല്ലാ മണ്ഡലത്തിലും മുന്നേറ്റം

തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ എല്ലാ അസംബ്ലി നിയോജക മണ്ഡലങ്ങളും കൈവശം വച്ചിരിക്കുന്ന എൽ.ഡി.എഫിനെയും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫിനെയും അക്ഷാർത്ഥത്തിൽ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു സുരേഷ് ഗോപിയുടേത്. പോസ്റ്റൽ വോട്ടിൽ മാത്രമാണ് എൽ.ഡി.എഫിന്റെ സുനിൽ കുമാർ മുന്നിലെത്തിയത്.

പിന്നിടങ്ങോട്ട് സുരേഷ് ഗോപി പടിപടിയായി ലീഡ് ഉയർത്തി. 25,000 കഴിഞ്ഞതോടെ എൻ.ഡി.എ വിജയം ഉറപ്പിച്ചു. ആദ്യ റൗണ്ട് പിന്നിട്ടപ്പോൾ സുരേഷ് ഗോപിയുടെ ലീഡ് 4370 വോട്ടിന്റേതായിരുന്നു. തുടർന്ന് എല്ലാ റൗണ്ടിലും മുന്നേറ്റം തുടർന്ന സുരേഷ് ഗോപി ഒമ്പതാം റൗണ്ടിൽ ഭൂരിപക്ഷം അമ്പതിനായിരം കടന്നു. അവസാനം വോട്ടെണ്ണി തീർന്നപ്പോൾ മുക്കാൽ ലക്ഷത്തിനടുത്ത് ഭൂരിപക്ഷം നേടാൻ സാധിച്ചു.

  • പാർട്ടിയുടെയും സുരേഷ് ഗോപിയുടെയും കഠിനാധ്വാനം

കഴിഞ്ഞ അഞ്ച് വർഷത്തിലേറെക്കാലം ബി.ജെ.പി നടത്തിയ കഠിനാധ്വനത്തിനുള്ള അംഗീകാരമായിരുന്നു തൃശൂരിലെ വിജയം. അതോടൊപ്പം സുരേഷ് ഗോപിയുടെ നിറഞ്ഞ സാന്നിദ്ധ്യവും പാർട്ടിക്ക് നേട്ടമായി. കരുവന്നൂർ സമരം അടക്കം ബി.ജെ.പി ഉയർത്തിയ സമരങ്ങളും സുരേഷ് ഗോപിയുടെ വിവിധ വിഷയങ്ങളിലെ ഇടപെടലുകളും തുണയായി. ഒരു വർഷം മുമ്പ് തന്നെ സുരേഷ് ഗോപി തന്നെയാകും തൃശൂരിലെ സ്ഥാനാർത്ഥിയെന്ന് ഉറപ്പിച്ചതും നേട്ടമായി. കൂടാതെ പതിനായിരക്കണക്കിന് പുതിയ വോട്ടർമാരെ ബി.ജെ.പി ചേർത്തതും നിർണായകമായി. ബി.ഡി.ജെ.എസ് അടക്കമുള്ള എൻ.ഡി.എ സംവിധാനവും എണ്ണയിട്ട യന്ത്രം പൊലെ പ്രവർത്തിച്ചു.


റൗണ്ട് അടിസ്ഥാനത്തിൽ സുരേഷ് ഗോപിയുടെ ലീഡ്
രണ്ടാം റൗണ്ട്: 9,911
മൂന്നാം റൗണ്ട്: 16,974
നാലാം റൗണ്ട്: 21,108
അഞ്ചാം റൗണ്ട്: 28,132
ആറാം റൗണ്ട്: 34,093
ഏഴാം റൗണ്ട്: 40,065
എട്ടാം റൗണ്ട്: 47,560
ഒമ്പതാം റൗണ്ട്: 52,169
പത്താം റൗണ്ട്: 56,237
പതിനൊന്നാം റൗണ്ട്: 61,679
പന്ത്രണ്ടാം റൗണ്ട്: 67,489
പതിമൂന്നാം റൗണ്ട്: 72,796
പതിനാലാം റൗണ്ട്: 74,686

Advertisement
Advertisement