കുരുതി കൊടുത്തോയെന്ന് ജനം തീരുമാനിക്കും :കെ.മുരളീധരൻ

Wednesday 05 June 2024 2:24 AM IST

തൃശൂർ: തന്നെ കുരുതികൊടുക്കുകയായിരുന്നോ എന്നത് ജനം ഭാവിയിൽ തീരുമാനിക്കുമെന്ന് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ. അതിന് നിന്നുകൊടുക്കേണ്ടിയിരുന്നില്ല. വടകരയിൽ ജയിക്കുമായിരുന്നു.

ഇനിയൊരു മത്സരത്തിന് ആലോചനയില്ല. പൊതുരംഗത്ത് നിന്നു കുറച്ചുകാലം വിട്ടുനിൽക്കുകയാണ്. കോൺഗ്രസിന്റെ ഒരു കമ്മിറ്റികളിലും പങ്കെടുക്കാൻ പോകില്ല. സാധാരണ പ്രവർത്തകനായി തുടരും. സംഘടനാ പ്രവർത്തനങ്ങളിലേക്കില്ല.

സുരേഷ്‌ഗോപിക്കായി മൂന്നുവട്ടം പ്രധാനമന്ത്രി വന്നു. സുനിൽ കുമാറിനായി പിണറായി വന്നു. തനിക്കായി ഡി.കെ.ശിവകുമാർ മാത്രമേ വന്നിട്ടുള്ളൂ. അടുത്ത തവണ മത്സരിക്കാൻ ചെറുപ്പക്കാർ വരട്ടെ . കോൺഗ്രസ് സംവിധാനം മൊത്തത്തിൽ പ്രയാസത്തിലാണ്. അത് മാറ്റിയെടുക്കണമെന്നേ പറയുന്നുള്ളൂ. അതിനാൽ തോറ്റുവെന്ന് പറഞ്ഞാൽ ശരിയാവില്ല. എൽ.ഡി.എഫ് ജയിച്ചിരുന്നെങ്കിൽ ദുഃഖം ഉണ്ടാകില്ലായിരുന്നു.

അടിയൊഴുക്ക് ഉണ്ടായിട്ടുണ്ട്. ജനിച്ച സ്ഥലത്ത് രാശിയില്ല. ദേശീയ നേതൃത്വത്തോട് പരാതി പറയുന്നില്ല. തൃശൂരിൽ കോ ഓർഡിനേഷൻ ഇല്ലെന്ന് സംസ്ഥാന നേതൃത്വത്തോട് സൂചിപ്പിച്ചിരുന്നു. ന്യൂനപക്ഷ വോട്ടുകളിലെ വിള്ളലാണ് ബി.ജെ.പിയുടെ മുന്നേറ്റത്തിന് കാരണം. മുന്നാക്കവോട്ടുകളും ക്രൈസ്തവ വോട്ടുകളും അവർക്ക് സമാഹരിക്കാനായി. മുസ്‌ളിം വോട്ടുകൾ ചില നിയോജകമണ്ഡലങ്ങളിൽ എൽ.ഡി.എഫിനൊപ്പമായി. സി.പി.എമ്മിന്റെ ഉരുക്കുകോട്ടകളായ പഞ്ചായത്തുകളിൽ ബി.ജെ.പി കടന്നുകയറി. യു.ഡി.എഫിന് ലഭിക്കേണ്ട ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടായപ്പോൾ മൂന്നാമതായി. സി.പി.എം-ബി.ജെ.പി അന്തർധാര ഉണ്ടായിട്ടുണ്ട്. സംഘടനാപരമായ ദൗർബല്യം പാർട്ടിക്കുണ്ട്. നേതാക്കളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. എങ്ങനെ മറികടക്കാമെന്ന് ആലോചിക്കണം. ബൂത്ത് പ്രവർത്തനത്തിലും വോട്ടു ചേർക്കുന്നതിലും വീഴ്ചയുണ്ടായി. തൃശൂർ പൂരം മുതൽക്കാണ് കാര്യങ്ങൾ പാളിയത്. പൂരം സർക്കാരിനെതിരായി. അത് ഉപയോഗപ്പെടുത്താൻ യു.ഡി.എഫിനായില്ല. പൊലീസ് കമ്മിഷണർ എൽ.ഡി.എഫിന്റെ ഡീലിന്റെ ഭാഗമായാണ് പ്രവർത്തിച്ചത്. അതിന്റെ ഗുണം ബി.ജെ.പിക്കുണ്ടായെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

Advertisement
Advertisement