രാഷ്ട്രീയത്തിന് അതീതമായ പ്രതിഷേധം: വി.ഡി. സതീശൻ

Wednesday 05 June 2024 2:26 AM IST

കൊച്ചി: രാഷ്ട്രീയത്തിനും അപ്പുറമുള്ള അതിശക്തമായ പ്രതിഷേധമാണ് ലോക‌്‌സഭാ തിരഞ്ഞെടുപ്പു ഫലമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ മറുപടിയാണിത്. 55 ലക്ഷം ജനങ്ങൾക്ക് സാമൂഹിക സുരക്ഷാ പെൻഷനും 45 ലക്ഷം പേർക്ക് ക്ഷേമ പെൻഷനും ലഭിച്ചിട്ട് മാസങ്ങളായി. മരുന്ന് കഴിക്കാനും ഭക്ഷണം കഴിക്കാനും പണമില്ലാതെ ഭിന്നശേഷിക്കാർ, അഗതികൾ, വിധവകൾ, വയോധികർ എന്നിവർ എങ്ങനെ ജീവിക്കുന്നുവെന്ന് ആരാണ് അന്വേഷിക്കേണ്ടത്? എല്ലാ വീട്ടിലും ഈ സർക്കാരിന്റെ നടപടികൾക്ക് ഇരകളായ ഒരാളെങ്കിലുമുണ്ടാവും.

നരേന്ദ്ര മോദി സ‌ർക്കാരിന്റെ സമീപനങ്ങൾക്കും എതിരായുള്ള കേരളത്തിലെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം കൂടിയാണ്. തൃശൂരിൽ കെ. മുരളീധരന് സംഭവിച്ചതെന്താണെന്ന് പരിശോധിക്കും. സംഘടനാപരമായ വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കും.

വോട്ട് കുറയാൻ ഒരുപാട് സാഹചര്യങ്ങളുണ്ടായി. തൃശൂർ പൂരം കലക്കിയ പൊലീസ് കമ്മിഷണറെ നിയന്ത്രിക്കാതിരുന്നത് ഗൂഢാലോചനയുടെ ഫലമായിട്ടാണ്.

തൃശൂരിലെ ഏഴ് നിയോജക മണ്ഡലങ്ങളും എൽ.ഡി.എഫിന് അടിത്തറയുള്ളവയാണ്. ഈ മണ്ഡലങ്ങളിലെ ഭൂരിപക്ഷത്തിന്റെ മൂന്നിലൊന്ന് വോട്ട് ലഭിച്ചിരുന്നെങ്കിൽ വി.എസ്. സുനിൽകുമാർ ജയിക്കുമായിരുന്നു.

ആലത്തൂർ കേരളത്തിൽ സി.പി.എമ്മിന് കൂടുതൽ അടിത്തറയുള്ള മണ്ഡലമാണ്. കഴിഞ്ഞ തവണ മറ്റ് ചില സാഹചര്യങ്ങളിലാണ് യു.ഡി.എഫ് ജയിച്ചത്. ഇവിടെയുണ്ടായ വീഴ്ചയും പരിശോധിക്കും.

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഉജ്ജ്വല തിരിച്ചുവരവുണ്ടാകും. അതിനുവേണ്ടിയുള്ള കൃത്യമായ പ്രവർ‌ത്തനങ്ങൾ തുടങ്ങും. യു.ഡി.എഫ് 100 സീറ്റ് കേരളത്തിൽ നേടുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

Advertisement
Advertisement