രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവ്

Wednesday 05 June 2024 2:42 AM IST

രാഷ്‌ട്രീയ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ വളർച്ചയുടെ നിർണായക ഘട്ടമാണ് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ്. കഴിഞ്ഞ ലോക്‌സഭയിൽ വെറും 52 സീറ്റിലേക്ക് തകർന്നടിഞ്ഞ കോൺഗ്രസിനെ ഇത്തവണ നൂറിൽ എത്തിച്ചതിന്റെയും ഇന്ത്യ സഖ്യത്തെ 200 കടത്തിയതിന്റെയും ക്രെഡിറ്റ് രാഹുൽ ഗാന്ധിക്ക് അവകാശപ്പെട്ടതാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാർട്ടി പ്രസിഡന്റ് സ്ഥാനം രാഹുൽ ഉപേക്ഷിച്ചിരുന്നു. രണ്ടുവർഷമാണ് ആ പദവിയിൽ തുടർന്നത്.

അന്ന് അമേഠിയിൽ തോൽക്കുകയും ചെയ്‌തു. വയനാടാണ് രക്ഷപ്പെടുത്തിയത്. കടന്നുപോയ ഈ അഞ്ച് വർഷം രാഹുലിന്റെ രാഷ്‌ട്രീയ വളർച്ചയുടെ കാലമായിരുന്നു.

നെഹ്രു കുടുംബത്തിന്റെ രാഷ്‌ട്രീയ പൈതൃകംകൊണ്ടു മാത്രം തലയെടുപ്പുള്ള നേതാവാകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞു. സംഘപരിവാറിന്റെ മൂശയിലെ മാരക രാഷ്‌ട്രീയ ബുദ്ധിയുള്ള നരേന്ദ്ര മോദിയോട് പത്തു വർഷം യുദ്ധം ചെയ്താണ് രാഹുൽ ഗാന്ധി എന്ന രാഷ്‌ട്രീയ നേതാവിന് ഇരുത്തം വന്നത്. മോദിയെയും ബി. ജെ. പിയെയും അതേ നാണയത്തിൽ തിരിച്ചാക്രമിക്കാൻ രാഹുൽ ക്രമേണ പഠിച്ചു.

മോദി സർക്കാരിന്റെ നയങ്ങളെയും പ്രതിരോധ ഇടപാടുകളെയും ബി. ജെ. പിയുടെ ഹിന്ദുത്വ അജണ്ടയെയും അദാനി,​ അംബാനി ബന്ധത്തെയുമൊക്കെ രാഹുൽ നിരന്തരം വിമർശിച്ചു.

മോദിയെ ഉന്നംവച്ച് കാവൽക്കാരൻ കള്ളനാണ് (ചൗക്കീദാർ ചോർ ഹേ )​ എന്ന് തുറന്നടിച്ചു. മോദി എന്ന് പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന പരാമർശം കോടതിയിൽ കേസായി. രാഹുലിന് അയോഗ്യത കൽപ്പിക്കപ്പെട്ടു. എം. പി സ്ഥാനം നഷ്ടമായി. സുപ്രീംകോടതി ഇടപെട്ടാണ് എം. പി സ്ഥാനം തിരിച്ചു കിട്ടിയത്. അതിന് ശേഷമാണ് വാക്കുകളിൽ മിതത്വം കൈവന്നത്. തിരിച്ചടികളിലൂടെ രാഹുൽ വളരുകയായിരുന്നു.

കോൺഗ്രസിന്റെ അദ്ധ്യക്ഷൻ അല്ലാതായിട്ടും രാഹുലാണ് മുഖ്യ എതിരാളിയെന്ന് മോദി തിരിച്ചറിഞ്ഞിരുന്നു.

ഈ തിരഞ്ഞെടുപ്പിലും മോദി നിരന്തരം രാഹുലിനെ വിമർശിച്ചു. ഇത്തവണ വയനാട്ടിലും റായ്ബറേലിയിലും വൻ ഭൂരിപക്ഷത്തിൽ ജയിച്ച രാഹുലിന് കഴിഞ്ഞ തവണ അമേഠിയിൽ തന്നെ തോൽപ്പിച്ച സ്മൃതി ഇറാനി തോറ്റത് ത്രിമധുരമായി.

ഈ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കന്യാകുമാരി മുതൽ കാശ്മീ‌ർ വരെ ഭാരത് ജോഡോ യാത്രയും മണിപ്പൂർ മുതൽ മുംബയ് വരെ ഭാരത് ന്യായ യാത്രയും നടത്തി. ജനങ്ങളുമായി നിരന്തരം സംവദിച്ചു. മണിപ്പൂരിൽ വംശഹത്യ നടന്നപ്പോൾ ആദ്യം ഓടിയെത്തിയ രാഷ്‌ട്രീയ നേതാവ്

രാഹുൽ ഗാന്ധി ആയിരുന്നു. മണിപ്പൂർ കലാപത്തെ പറ്റി മൗനം പാലിച്ച മോദിയെ കടന്നാക്രമിച്ചു.

2022ൽ കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് നടന്നപ്പോഴും മത്സരിച്ചില്ല. ദളിത് വിഭാഗക്കാരനായ മല്ലികാ‌ർജുൻ ഖാ‌ർഗെയെ അദ്ധ്യക്ഷനാക്കാൻ പിന്തുണ നൽകി. മോദിക്കെതിരെ 28 പ്രതിപക്ഷകക്ഷികളുടെ വിശാല സഖ്യം ഉണ്ടാക്കാൻ മുൻകൈ എടുത്തതും അതിന് ഇന്ത്യ ( Indian National Developmental Inclusive Alliance ) എന്ന് പേര് നിർദ്ദേശിച്ചതും രാഹുൽ ആയിരുന്നു. സഖ്യകക്ഷികൾക്ക് മാന്യമായ വിഹിതം നൽകാൻ 328 സീറ്റിൽ മാത്രമാണ് കോൺഗ്രസ് മത്സരിച്ചത്. 2019ൽ മത്സരിച്ച 100ലേറെ സീറ്റുകൾ സഖ്യകക്ഷികൾക്ക് വിട്ടു കൊടുത്തു. ആ സഖ്യം തിരഞ്ഞെടുപ്പിൽ ശക്തമായ പ്രതിപക്ഷമായി ഉയർന്നു വന്നു. ശക്തമായ ഒരു മുന്നണി സംവിധാനത്തിന്റെ നേതാവായി രാഹുൽ ഉയരുമോ എന്നാണ് ഇനി അറിയേണ്ടത്.

Advertisement
Advertisement