പോര് വ്യക്തമാക്കി മാറി മറിഞ്ഞ് ലീഡ്

Wednesday 05 June 2024 2:43 AM IST

ന്യൂഡൽഹി: കാലത്ത് എട്ടുമണിക്ക് ആദ്യം എണ്ണിയ തപാൽ വോട്ടുകൾ മുതൽ രാജ്യത്ത് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയ്‌ക്കായിരുന്നു മുൻതൂക്കം. എക്‌സിറ്റ് പോൾ ഫലം ആവർത്തിക്കുകയാണെന്ന് തോന്നിച്ച് എൻ.ഡി.എ പെട്ടെന്ന് 300ന് മുകളിലേക്ക് കുതിച്ചു.

വൈകാതെ ലീഡുകൾ മാറി മറഞ്ഞു. 2019ൽ ബി.ജെ.പി ആധിപത്യം നേടിയ മണ്ഡലങ്ങളിൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടികൾ മുന്നേറിയതോടെ 'ഇന്ത്യ' കൂട്ടായ്‌മ കുതിച്ചു. എൻ.ഡി.എ താഴോട്ടും 'ഇന്ത്യ' മുന്നോട്ടും - 244 വീതം. ബി.ജെ.പിയെ ഞെട്ടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരാണസിയിൽ കോൺഗ്രസിന്റെ അജയ് റായ് 6000 വോട്ടിന് മുന്നിലെത്തുന്നതും കണ്ടു. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകൾ ഇടിഞ്ഞത് പിന്നീടുള്ള ലീഡിനെ ബാധിച്ചു.

10 മണിക്ക് ശേഷം എൻ.ഡി.എ സീറ്റുകൾ 300ന് താഴോട്ടിറങ്ങി. ബി.ജെ.പിയുടേത് 240ലേക്കും. ഈ ട്രെൻഡാണ് പിന്നീടുള്ള മണിക്കൂറുകളിൽ തുടർന്നത്. നൂറിനടുത്തെത്തിയ കോൺഗ്രസും 35ൽ കൂടുതൽ നേടിയ സമാജ്‌വാ‌ദി പാർട്ടിയും ബംഗാളിൽ ബി.ജെ.പി മുന്നേറ്റം തടഞ്ഞ തൃണമൂലും 'ഇന്ത്യ' മുന്നണിക്ക് പ്രതീക്ഷ നൽകി. ബി.ജെ.പിയുടെ സീറ്റ് കുറഞ്ഞെങ്കിലും ടി.ഡി.പി, ജെ.ഡി.യു പാർട്ടികളുടെ സഹായത്തോടെ കേവല ഭൂരിപക്ഷവും കടന്ന് 300നടുത്ത് നിലനിർത്തി.

Advertisement
Advertisement