ലോക്‌സഭ ഇനി ഏകപക്ഷീയമല്ല

Wednesday 05 June 2024 2:41 AM IST

ന്യൂഡൽഹി: ബി.ജെ.പിയുടെ മൂന്നാമൂഴം തടയാനായില്ലെങ്കിലും കോൺഗ്രസ് നേതൃത്വത്തിൽ രൂപീകരിച്ച 'ഇന്ത്യ' കൂട്ടായ്‌മയ്ക്ക് ലോക്‌സഭയിൽ നിർണായക സ്ഥാനം ലഭിച്ചു.

ബി.ജെ.പിയും മുന്നണി കക്ഷികളും പുറത്തു നിന്ന് പിന്തുണച്ചവരും ചേർന്ന് ലോക്‌സഭാ ചേംബറിന്റെ മുക്കാൽ ഭാഗവും കൈയടക്കിയ സ്ഥിതിയായിരിന്നു കഴിഞ്ഞ സഭയിൽ. എൻ.ഡി.എ: 353,യു.പി.എ: 93 മറ്റുള്ളവർ: 97 എന്നതായിരുന്നു സ്ഥിതി.

പക്ഷേ ഇത്തവണ 50: 50 എന്ന തോതിനടുത്തേക്ക് സഭയുടെ രൂപവും ഭാവവും മാറുകയാണ്. പ്രധാന ബില്ലുകൾ പാസാക്കുമ്പോഴും പ്രധാന വിഷയങ്ങളുടെ ചർച്ചകളിലും ഇത് നിർണായകമാകും.

പ്രതിപക്ഷത്തായിരുന്നെങ്കിലും ബി.ജെ.പിയെ മുൻപ് സഹായിച്ച ഒഡീഷയിലെ ബി.ജെ.ഡി, ആന്ധ്രയിലെ വൈ.എസ്.ആർ കോൺഗ്രസ് എന്നിവ കൂടി 'ഇന്ത്യ' കൂട്ടത്തിലേക്ക് ചേരാനുമിടയുണ്ട്.

പ്രതിപക്ഷ കക്ഷി നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള നിരന്തര പീഡനമാണ് 'ഇന്ത്യ'മുന്നണി രൂപീകരണത്തിലേക്ക് നയിച്ച പ്രധാന ഘടകം. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, ശിവസേന, ആംആദ്‌മി പാർട്ടി തുടങ്ങി 28 പാർട്ടികളുടെ കൂട്ടായ്‌മയ്ക്ക് ഏറെ വെല്ലുവിളികൾ തുടക്കത്തിൽ നേരിടേണ്ടി വന്നു.

മുന്നണിയുടെ സ്ഥാപകരിലൊരാളായ ജെ.ഡി.യു നേതാവ് നിതീഷ്‌കുമാർ എൻ.ഡി.എ പാളയത്തിലേക്ക് മാറിയത് ആദ്യ തിരിച്ചടി. സീറ്റ് വിഭജനമായിരുന്നു വലിയ വെല്ലുവിളി. ശക്തികേന്ദ്രങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് പലരും മടിച്ചു. പശ്ചിമ ബംഗാളിൽ കോൺഗ്രസിനെയും സി.പി.എമ്മിനെയും തള്ളി തൃണമൂൽ ഒറ്റയ്‌ക്ക് നിന്നു. പഞ്ചാബ് അടക്കം പല സംസ്ഥാനങ്ങളിലും 'ഇന്ത്യ' കക്ഷികൾ പരസ്‌പരം മത്സരിച്ചു. ഒടുവിൽ കോൺഗ്രസ് നൂറിലേറെ സീറ്റിൽ വിട്ടുവീഴ്ച ചെയ്തു. ഹരിയാന, ഗുജറാത്ത്, ഡൽഹി, ഗോവ സംസ്ഥാനങ്ങളിൽ കോൺഗ്രസും ആംആദ്‌മിയും ഒന്നിച്ചു. ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, ബിഹാർ, തമിഴ്നാട് തുടങ്ങി ബി.ജെ.പിക്ക് തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളിൽ 'ഇന്ത്യ' മുന്നണിക്ക് മിന്നാനായത് ഒത്തൊരുമ കൊണ്ടാണ്.

Advertisement
Advertisement