മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യത്തിന് നേട്ടം 'ടർബോ പവറിൽ' ശരദ് പവാർ

Wednesday 05 June 2024 2:47 AM IST

മുംബയ്: പാർട്ടിയുടെ പേരും ചിഹ്നവും നഷ്ടപ്പെട്ടാലും മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ശരദ് പവാർ എന്ന ബ്രാൻഡിന് കോട്ടം തട്ടില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം അടിവരയിട്ടു. മത്സരിച്ച പത്ത് സീറ്റുകളിൽ ആറിലും വിജയക്കൊടി പാറിച്ച് വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് പവാർ. ബി.ജെ.പിയുടെ പ്രതീക്ഷകളെ തകിടംമറിച്ചാണ് സംസ്ഥാനത്ത് മഹാ വികാസ് അഘാഡി സഖ്യം നേട്ടം കൊയ്തത്.

എൻ.ഡി.എയ്ക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിക്കുകയെന്ന ആശയത്തിന്റെയും അഘാഡി സഖ്യത്തിന്റെയും

സൂത്രധാരൻ ശരദ് പവാറായിരുന്നു. അഘാഡി പരീക്ഷണം വിജയിച്ചതിലൂടെ മറാത്താ രാഷ്ട്രീയത്തിലെ പവാറിന്റെ പവർ ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടു.

മഹാരാഷ്ട്രയിലെ പ്രചാരണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശരദ് പവാറിനെതിരെ കടുത്ത ആക്രമണമാണ് നടത്തിയത്. അതൊന്നും 83കാരനായ ശരദ് പവാറിനെ ലവലേശം ബാധിച്ചില്ല. പവാറിനെ സംബന്ധിച്ച്

പാർട്ടിക്കും സ്വന്തം നിലനിൽപ്പിനും നിർണായകമായിരുന്നു ഈ തിരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിലെ ജനങ്ങളെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് തിരഞ്ഞെടുപ്പ് വിജയശേഷം പവാർ പ്രതികരിച്ചു.

തോളോടുചേർന്ന് ഉദ്ധവും

ശിവസേനയും എൻ.സി.പിയും വൻ പ്രതിസന്ധി നേരിട്ടതിനു ശേഷമുള്ള തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ശിവസേന പിളർന്ന് എക്‌നാഥ് ഷിൻഡെ വിഭാഗം ബി.ജെ.പിയിൽ ചേർന്നപ്പോൾ താക്കറെ വിഭാഗത്തിന് പേരും ചിഹ്നവും മാറ്രേണ്ടിവന്നു. എൻ.സി.പിയെ അജിത് പവാറും കൂട്ടരും പിളർത്തിയപ്പോൾ ശരദ് പക്ഷത്തിനും ചിഹ്നവും പേരും മാറ്റേണ്ടിവന്നു. യഥാർത്ഥ ശിവസേന,​ എൻ.സി.പി വിഭാഗങ്ങളാരെന്ന തർക്കത്തിനൊടുവിൽ

താക്കറെയും ശരദ് പവാറും ശക്തിതെളിയിച്ചപ്പോൾ എതിരാളികൾ നിഷ്പ്രഭരായി. മഹാരാഷ്ട്രയിലെ പത്ത് സീറ്റുകളിൽ താക്കറെയുടെ ശിവസേനയും ആറിടത്ത് പവാറിന്റെ എൻ.സി.പിയും വിജയിച്ചു. ഇന്ത്യ സഖ്യം 27 സീറ്റുകളിലും എൻ.ഡി.എ 20 സീറ്റുകളിലും മുന്നിലാണ്. എൻ.ഡി.എയുടെ 13 സീറ്റുകൾ ബി.ജെ.പിയുടെ സംഭാവന. 2019ൽ സഖ്യത്തിലായിരുന്ന ബി.ജെ.പിയും ശിവസേനയും 48ൽ 41 സീറ്റുകളും നേടിയിരുന്നു.

ബാരാമതിയിലെ പോരാട്ടം

പവാർ കുടുംബം നേർപ്പോരിലേർപ്പെട്ട ബാരാമതിയാണ് ആകാംക്ഷ നിലനിറുത്തിയ മണ്ഡലം. ഇവിടെ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ അജിത് പവാറിന്റെ ഭാര്യ സുനേത്രയെ 20,000ലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തി. മൂന്ന് പതിറ്രാണ്ടായി പവാർ കുടുംബം കൈവശംവച്ചിരുന്ന മണ്ഡലത്തിൽ മകളെ വിജയിപ്പിക്കേണ്ടത് ശരദിന്റെയും ഭാര്യയെ ജയിപ്പിക്കേണ്ടത് അജിത്തിന്റെയും അഭിമാനപ്രശ്നമായിരുന്നു. കഴിഞ്ഞ തവണത്തേതിന് വ്യത്യസ്തമായി

ബാരാമതിയിൽ സുപ്രിയയ്ക്കായി ശരദ് പവാർ ഇക്കുറി

പ്രചാരണത്തിനിറങ്ങിയിരുന്നു. 2019ൽ 6,86,714 വോട്ടുകൾ നേടിയാണ് സുലെ ബി.ജെ.പിയുടെ കാഞ്ചൻ രാഹുൽ കുലിനെ പരാജയപ്പെടുത്തിയത്.

Advertisement
Advertisement