 പട്നായിക് യുഗാവസാനം -- ഒഡീഷാ ഭരണം പിടിച്ച് ബി.ജെ.പി

Wednesday 05 June 2024 2:50 AM IST

ഭുവനേശ്വർ: ഒഡീഷയിൽ ലോക്സഭാ,​ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജു ജനതാദളിനെ തകർത്ത് ബി.ജെ.പി കുതിച്ചപ്പോൾ അവസാനിച്ചത് 24 വർഷം നീണ്ട പട്നായിക് യുഗം. 147 അംഗ നിയമസഭയിൽ ബി.ജെ.പി 80 സീറ്റുകൾ നേടിയപ്പോൾ ബി.ജെ.ഡിക്ക് 49 സീറ്റു മാത്രം.

നവീൻ മത്സരിച്ച കാന്തബഞ്ചിയിൽ പിന്നിലാണ്. ഹിൻജിലിയിൽ നേരിയ ലീഡുണ്ട്.

നാലു പതിറ്റാണ്ട് നീണ്ട കോൺഗ്രസ് ആധിപത്യം അവസാനിപ്പിച്ച് 2000 മാർച്ചിലാണ് നവീൻ ആദ്യം ഒഡീഷ മുഖ്യമന്ത്രിയായത്. പിന്നീട് 24 വർഷം മുഖ്യമന്ത്രി. ഒരു സംസ്ഥാനം ഏറ്റവും കൂടുതൽ കാലം ഭരിച്ച രണ്ടാമത്തെ നേതാവാണ്.

ജനതാദൾ നേതാവായിരുന്ന പിതാവ് ബിജു പട്നായിക്കിന്റെ മരണശേഷമാണ് രാഷ്‌ട്രീയത്തിൽ സജീവമാകുന്നത്. ജനതാദളിനെ പിളർത്തി 1997ൽ സ്ഥാപിച്ച പാർട്ടിക്ക് പിതാവിന്റെ പേരും നൽകി. വർഷങ്ങളായി ഒഡീഷ രാഷ്‌ട്രീയം നവീൻ പട്നായിക്കിന് ചുറ്റുമായിരുന്നു.

ഒഡീഷയിൽ വളരാൻ സഹായിച്ച ബി.ജെ.പിയെ കേന്ദ്രത്തിൽ നിർണായക സമയങ്ങളിൽ ബി.ജെ.ഡി പിന്തുണച്ചിരുന്നു. എന്നാൽ ഇക്കുറി സീറ്റു തർക്കത്തിൽ ബന്ധം പൊളിഞ്ഞു. ശക്തമായ ഭരണവിരുദ്ധ വികാരവും വികസനപ്രശ്‌നങ്ങളും നവീൻപട്നായിക്കിന്റെ ആരോഗ്യനിലയും ബി.ജെ.പിയും കോൺഗ്രസും പ്രചാരണായുധമാക്കി. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ് എന്നിവരോടൊപ്പം മോദി സംസ്ഥാനത്ത് സജീവമായി.

നവീന്റെ സഹായി വി.കെ. പാണ്ഡ്യന്റെ സർക്കാരിലെ ഇടപെടലുകളും ചർച്ചയായി. പാണ്ഡ്യനെ പിൻഗാമിയാക്കുമെന്നു വരെ പ്രചാരണമുണ്ടായി. ഇത് പാർട്ടിക്കുള്ളിൽ അലോസരമുണ്ടാക്കി.

21ൽ 19 നേടി

താമരക്കുതിപ്പ്

 21 ലോക്‌സഭാ സീറ്റുകളിൽ ബി.ജെ.ഡിയെ കേവലം ഒന്നിലൊതുക്കി 19 സീറ്റ് പിടിച്ചാണ് ബി.ജെ.പി മുന്നേറ്റം. കോൺഗ്രസ് ഒരു സീറ്റു നിലനിറുത്തി.

2019-ൽ ബി.ജെ.ഡിക്ക് 12ഉം ബി.ജെ.പിക്ക് 11ഉം സീറ്റുണ്ടായിരുന്നു. 2014-ൽ ബി.ജെ.ഡി 20ലും ജയിച്ചിരുന്നു.

Advertisement
Advertisement