തുടക്കം പകച്ചു; ബംഗാൾ തൂത്തുവാരി മമത

Wednesday 05 June 2024 2:56 AM IST

കൊൽക്കത്ത: തുടക്കം പതുങ്ങിയെങ്കിലും പിന്നീട് എതിരില്ലാത്ത തേരോട്ടം നടത്തിയ തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാളിൽ എക്‌സിറ്റ് പോൾ സർവെ ഫലങ്ങളെ മറികടന്ന് 42ൽ 29 സീറ്റിന്റെ വിജയം കുറിച്ചു. തൃണമൂലിന്റെ ആധിപത്യം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിച്ച ബി.ജെ.പി 12 സീറ്റിലും കോൺഗ്രസ് ഒരു സീറ്റിലും ഒതുങ്ങി.

ഫലങ്ങൾ സൂചിപ്പിക്കുന്നത് പോലെ തൃണമൂലും ബി.ജെ.പിയും തമ്മിലായിരുന്നു മുഖ്യ പോരാട്ടം. ഇന്ത്യ മുന്നണിക്കു കീഴിൽ കോൺഗ്രസ്-സി.പി.എം പാർട്ടികൾ സഖ്യത്തിലായിരുന്നു. എന്നാൽ പി.സി.സി അദ്ധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയിലൂടെ കോൺഗ്രസ് 1999 മുതൽ കൈവശം വച്ച ബെഹറാംപൂർ മണ്ഡലം നഷ്‌ടമായി. തൃണമൂൽ സ്ഥാനാർത്ഥിയും മുൻ ഇന്ത്യൻ ​ക്രിക്കറ്ററുമായ യൂസുഫ് പഠാനാണ് അധീറിനെ തോൽപ്പിച്ചത്. മാൽഡ സൗത്തിൽ ഇഷാ ഖാൻ ചൗധരിയുടെ ജയം മാത്രമാണ് കോൺഗ്രസിന് ആശ്വാസം.

തൃണമൂലിന്റെ മഹുവ മൊയ്ത്ര,ശത്രുഘ്നൻ സിൻഹ,കീർത്തി ആസാദ്, മമതാ ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി, മാലാ റോയ്, സുദീപ് ബന്ദ്യോപാധ്യായ തുടങ്ങിയ പ്രമുഖരും വിജയിച്ചു.

2019ൽ 42ൽ തൃണമൂൽ 22 സീറ്റുകൾ നേടിയപ്പോൾ ബി.ജെ.പി 18 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഏറ്റവും വലിയ കക്ഷിയാകുമെന്ന് അവകാശപ്പെട്ടിരുന്ന ബി.ജെ.പിക്ക് ആറു സീറ്റുകൾ നഷ്‌ടമായി. കൽക്കട്ട ഹൈക്കോടതിയിൽ നിന്ന് രാജിവച്ച് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യായ തംലുകിൽ വിജയിച്ചു.

Advertisement
Advertisement