മെക്‌സിക്കോയിൽ വനിതാ മേയറെ വെടിവച്ചു കൊന്നു

Wednesday 05 June 2024 7:29 AM IST

മെക്സിക്കോ സിറ്റി: പടിഞ്ഞാറൻ മെക്‌സിക്കോയിൽ വനിതാ മേയറെ അജ്ഞാതർ വെടിവച്ചുകൊന്നു. മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ഭരണപക്ഷമായ മൊറേന പാർട്ടിയുടെ സ്ഥാനാർത്ഥിയായ ക്ലൗഡിയ ഷെയ്‌ൻബോം തിരഞ്ഞെടുക്കപ്പെട്ടതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമായിരുന്നു സംഭവം.

കോട്ടിഹ നഗരത്തിലെ മേയറായ യോലാന്റ സാഞ്ചസ് ആണ് കൊല്ലപ്പെട്ടത്. 2021 സെപ്തംബറിൽ അധികാരത്തിലെത്തിയ യോലാന്റ കോട്ടിഹയിലെ ആദ്യ വനിതാ മേയർ കൂടിയാണ്. തിങ്കളാഴ്ച ഒരു കൂട്ടം അജ്ഞാതർ റോഡിൽ വച്ച് യോലാന്റയ്ക്ക് നേരെ 19 തവണ വെടിയുതിർക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യോലാന്റയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു. മാഫിയ സംഘത്തിൽപ്പെട്ടവരാകാം കൊലയ്ക്ക് പിന്നിലെന്ന് കരുതുന്നു. ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ സെപ്തംബറിൽ ഹലിസ്കോ സംസ്ഥാനത്ത് വച്ച് യോലാന്റയെ അക്രമികൾ തട്ടിക്കൊണ്ടുപോയിരുന്നു.

മൂന്ന് ദിവസത്തിന് ശേഷമാണ് മോചിതയായത്. മെക്സിക്കോയിലെ കുപ്രസിദ്ധ മയക്കുമരുന്ന് സംഘമായ ഹലിസ്കോ ന്യൂജനറേഷൻ കാർട്ടൽ ആയിരുന്നു സംഭവത്തിന് പിന്നിൽ.

മയക്കുമരുന്ന് മാഫിയകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കും കൊലപാതകങ്ങൾക്കും മെക്സിക്കോയിൽ വർദ്ധിക്കുകയാണ്. കഴിഞ്ഞ ജൂൺ മുതൽ 38 സ്ഥാനാർത്ഥികൾ അടക്കം 200ലേറെ പേരാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ കൊല്ലപ്പെട്ടത്.

Advertisement
Advertisement