''സിപിഎമ്മിന്‍റെ കോട്ടകള്‍ തകര്‍ക്കാന്‍ നമുക്കാവുമെന്ന് ആറ്റിങ്ങല്‍ പറഞ്ഞുതന്നു''

Wednesday 05 June 2024 11:08 AM IST

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ഉദ്വേഗജനകമായ മത്സരം നടന്ന മണ്ഡലങ്ങളിൽ മുൻപന്തിയിൽ കേരളത്തിലെ ആറ്റിങ്ങൽ മണ്ഡലമുണ്ട്. അക്ഷരാർത്ഥത്തിൽ കടുത്ത മത്സരം തന്നെയാണ് ആറ്റിങ്ങലിൽ നടന്നത്. ത്രികോണപ്പോരിനെ തുടർന്ന് ഓരോ നിമിഷവും ലീഡ് മാറിമറിഞ്ഞു. ഒടുവിൽ ആടിയുലഞ്ഞ വഞ്ചിപോലെ അടൂർ പ്രകാശ് 646 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും, എൽഡിഎഫിന്റെ വി. ജോയിയും, എൻഡിഎയുടെ വി. മുരളീധരനും കട്ടയ‌്ക്ക് കട്ടയ‌്ക്ക് നിന്നു.

ബിജെപി വിചാരിച്ചാൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ അക്കൗണ്ടുകൾ ക്ലോസ് ചെയ്യാനാവും എന്നാണ് ആറ്റിങ്ങലിലെ പ്രകടനത്തിൽ മുരളീധരൻ പ്രതികരിച്ചത്. സിപിഎമ്മിന്‍റെ കോട്ടകള്‍ തകര്‍ക്കാന്‍ നമുക്കാവുമെന്ന് ആറ്റിങ്ങല്‍ പറഞ്ഞുതന്നു. അഴിമതിയും അഹന്തയും നിറഞ്ഞ പിണറായി ഭരണത്തിനുള്ള അടികൂടിയാണ് ആറ്റിങ്ങലിലെ പ്രബുദ്ധരായ മനുഷ്യര്‍ നല്‍കിയതെന്ന് മുരളീധരൻ കുറിച്ചു.

മുരളീധരന്റെ കുറിപ്പ്-

ഒരായിരം നന്ദി, ആറ്റിങ്ങല്‍.

ജയത്തോളം മധുരമുള്ള

പരാജയമാണിത്.

പ്രതീക്ഷിച്ചതിലും വലിയ സ്നേഹമാണ് ആറ്റിങ്ങല്‍ നല്‍കിയത്.

മണ്ഡലത്തിന്‍റെ ചരിത്രത്തില്‍ ഭാരതീയ ജനതാ പാർട്ടിയുടെയും എൻഡിഎയുടെയും

ഏറ്റവും മികച്ച മുന്നേറ്റത്തിന് ഒപ്പം നിന്ന വോട്ടര്‍മാര്‍ക്ക് നന്ദി.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനരംഗത്ത് കരുത്തായ ഭാരതീയ ജനതാപാര്‍ട്ടിയുടെ പ്രിയ പ്രവര്‍ത്തകര്‍ക്കും നിറയെ സ്നേഹം.

ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് ഇന്നത്തെ ഫലത്തില്‍ പ്രതിഫലിച്ചത്.

നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ജനപ്രിയപദ്ധതികൾ ആറ്റിങ്ങലിലെ സാധാരണക്കാരെ മാറ്റി ചിന്തിപ്പിച്ചു എന്ന് വ്യക്തം.

സിപിഎമ്മിന്‍റെ കോട്ടകള്‍ തകര്‍ക്കാന്‍ നമുക്കാവുമെന്ന് ആറ്റിങ്ങല്‍ പറഞ്ഞുതന്നു.

ബിജെപി വിചാരിച്ചാൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ അക്കൗണ്ടുകൾ ക്ലോസ് ചെയ്യാനാവും എന്ന് വ്യക്തം.

സിപിഎം – കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ബിജെപിക്കാവുമെന്ന് നമ്മള്‍ തെളിയിച്ചു.

അഴിമതിയും അഹന്തയും നിറഞ്ഞ പിണറായി ഭരണത്തിനുള്ള അടികൂടിയാണ് ആറ്റിങ്ങലിലെ പ്രബുദ്ധരായ മനുഷ്യര്‍ നല്‍കിയത്.

തുടര്‍ന്നും ആറ്റിങ്ങലിനൊപ്പമുണ്ടാവും, സാധാരണ പൊതുപ്രവര്‍ത്തകനെന്ന നിലയിൽ.

നന്ദി.''

ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ ആദ്യ മൂന്ന് സ്ഥാനാര്‍ഥികള്‍ക്ക് നിയമസഭാ മണ്ഡല അടിസ്ഥാനത്തില്‍ ലഭിച്ച വോട്ടുകളുടെ കണക്കുകള്‍

വർക്കല

അടൂർ പ്രകാശ് -39,806
വി. ജോയി -45,930
വി. മുരളീധരൻ -40,816

ചിറയിൻകീഴ്

അടൂർ പ്രകാശ് -47,695
വി. ജോയി -44,874
വി. മുരളീധരൻ -42,929

ആറ്റിങ്ങൽ

അടൂർ പ്രകാശ് -42,006
വി. ജോയി -46,161
വി. മുരളീധരൻ -52,448

നെടുമങ്ങാട്

അടൂർ പ്രകാശ് -50,437
വി. ജോയി -50,042
വി. മുരളീധരൻ -45,180

വാമനപുരം

അടൂർ പ്രകാശ് -50,667
വി. ജോയി -45,617
വി. മുരളീധരൻ -40,170

അരുവിക്കര

അടൂർ പ്രകാശ് -49,607
വി. ജോയി -47,375
വി. മുരളീധരൻ -38,333

കാട്ടാക്കട

അടൂർ പ്രകാശ് -43,055
വി. ജോയി -41,716
വി. മുരളീധരൻ -47,834

ആകെ ഇ.വി.എം വോട്ടുകള്‍

അടൂർ പ്രകാശ് -3,23,273
വി. ജോയി -3,21,715
വി. മുരളീധരൻ -3,07,710

ആകെ പോസ്റ്റല്‍ വോട്ടുകള്‍

അടൂർ പ്രകാശ് -4,778
വി. ജോയി -5,652
വി. മുരളീധരൻ -4,069

Advertisement
Advertisement