അങ്ങനെ ചോദിച്ച സ്ത്രീയുടെ മുഖം ഇപ്പോഴും ഓർമയുണ്ട്, കോൺഗ്രസുകാരിയാണെന്ന് തോന്നുന്നു; നൽകിയത് മാസ് മറുപടി

Wednesday 05 June 2024 11:59 AM IST

തിരുവനന്തപുരം: തൃശൂരിൽ മുക്കാൽ ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്. തുടർച്ചയായി മൂന്നാം തവണയാണ് അദ്ദേഹം തൃശൂരിൽ നിന്ന് മത്സരിക്കുന്നത്. 2019 ൽ തൃശൂർ ലോക്സഭ മണ്ഡലത്തിലും 2021ൽ തൃശൂർ നിയമസഭാ മണ്ഡലത്തിലും ജനവിധി തേടിയെങ്കിലും ഇത്തവണ വൻ വിജയം തന്നെയാണ് തൃശൂരുകാർ അദ്ദേഹത്തിന് സമ്മാനിച്ചത്.

2019ൽ സ്ഥാനാർത്ഥിയായതിന് പിന്നാല മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയെ സുരേഷ് ഗോപിയെക്കാണാൻ നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. ഈ വേളയിൽ ഒരു സ്ത്രീ ചോദിച്ച കാര്യത്തെപ്പറ്റിയ വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോൾ.

'ഒരു സ്ത്രീ, കോൺഗ്രസുകാരിയാണെന്ന് തോന്നുന്നു. അവരുടെ മുഖം എനിക്കിപ്പോഴും ഓർമയുണ്ട്. നല്ല പൊക്കമുള്ള മെലിഞ്ഞ സ്ത്രീയാണ്. ഈ കൂട്ടമെല്ലാം വോട്ടാകുമെന്ന് വിചാരിക്കുന്നുണ്ടോയെന്ന് അവർ ചോദിച്ചു. ഈ കൂട്ടമെല്ലാം വോട്ടായി മാറുമെന്ന് നമുക്ക് പ്രാർത്ഥിക്കാം എന്നാണ് പറഞ്ഞത്. അത് 2024ൽ സാദ്ധ്യമായിരിക്കുന്നു.'- അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016 മുതൽ 2022 വരെ രാജ്യസഭാംഗമായിരുന്നു സുരേഷ് ഗോപി. ഇന്നലെ എൽ ഡി എഫ് സ്ഥാനാർത്ഥി സുനിൽ കുമാറിനേക്കാൾ 74,​686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ജയിച്ചത്. 4,​12,​338 വോട്ടുകളാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. യു ഡി എഫ് സ്ഥാനാർത്ഥി കെ മുരളീധരനാണ് മൂന്നാം സ്ഥാനത്ത്. അദ്ദേഹത്തിന് 3,​28,​124 വോട്ടുകളാണ് ലഭിച്ചത്.

Advertisement
Advertisement