ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികൾ പഴയതിനേക്കാൾ ഇരട്ടി പുകവലിക്കുന്നതിന് കാരണമുണ്ട്

Wednesday 05 June 2024 2:10 PM IST

തലമുറ മാറിമാറി വരുമ്പോൾ പലവിധ മാറ്റങ്ങൾക്കും സമൂഹം സാക്ഷിയാകാറുണ്ട്. ജീവിത രീതികളിലും കാഴ്‌ചപ്പാടുകളിലും മറ്റും ഈ മാറ്റങ്ങൾ പ്രകടമാകാറുമുണ്ട്. ഇത്തരത്തിൽ പല മേഖലകളിൽ രാജ്യം അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങൾ നേരിടുകയാണ്. ഇത്തരത്തിലൊരു മാറ്റത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അടുത്തകാലംവരെ സ്‌ത്രീകളും പെൺകുട്ടികളും അധികം എത്തിപ്പെടാത്ത ഒന്നായിരുന്നു പുകവലി. സമ്പന്ന വർഗങ്ങളിലും സിനിമകളിലും മറ്റുമായിരുന്നു പെൺകുട്ടികളും സ്‌ത്രീകളും പുകവലിക്കുന്നതായി കൂടുതലായി കണ്ടിരുന്നതെങ്കിൽ ഇന്ന് കാലംമാറി. കൗമാരക്കാരായ പെൺകുട്ടികൾ പുകവലിയിൽ അടിമപ്പെടുന്നതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുകയില നിയന്ത്രണ റിപ്പോർട്ടിലെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

രാജ്യത്താകമാനമുള്ള പുകയില ഉപയോഗത്തിൽ ഗണ്യമായ കുറവുണ്ടെങ്കിലും കൗമാരക്കാരായ പെൺകുട്ടികളുടെ പുകയില ഉപയോഗം രണ്ടിരട്ടി വർദ്ധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പെൺകുട്ടികളിലെ പുകവലിയുടെ ആധിക്യം സ്ത്രീകളേക്കാൾ വളരെ കൂടുതലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് യുവതലമുറ പുകയിലയിൽ കൂടുതലായി ആകർഷിക്കപ്പെടുന്ന പ്രവണതയെ സൂചിപ്പിക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

പെൺകുട്ടികൾക്കിടെയിൽ വർദ്ധിക്കുന്ന പുകവലിശീലം

കഴിഞ്ഞ പത്തുവർഷത്തിനിടെ കൗമാരക്കാർക്കിടയിൽ പുകവലി ശീലം വലിയതോതിൽ വർദ്ധിച്ചുവെന്ന് റിപ്പോ‌ർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2009 നും 2019നും ഇടയിൽ പെൺകുട്ടികൾക്കിടയിലെ പുകവലി നിരക്ക് 3.8 ശതമാനം ഉയർന്ന് 6.2 ശതമാനത്തിലെത്തി. ഇതേകാലയളവിൽ ആൺകുട്ടികൾക്കിടയിലെ പുകവലി നിരക്ക് 2.3 ശതമാനമാണ് വർദ്ധിച്ചത്.

പ്രായപൂർത്തിയായവർക്കിടയിലെ പുകവലി ഉപയോഗത്തിന്റെ നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് പെൺകുട്ടികൾക്കിടയിൽ ഈ പ്രവണത വർദ്ധിക്കുന്നത്. പുരുഷന്മാരിൽ 2.2 ശതമാനവും സ്ത്രീകളിൽ 0.4 ശതമാനവുമാണ് പുകവലി നിരക്ക് കുറഞ്ഞത്. 2017ൽ മുതിർന്ന സ്ത്രീകളിലെ പുകവലി ഉപയോഗത്തിന്റെ നിരക്ക് 1.5 ശതമാനം ആയിരുന്നപ്പോഴാണ് 2019ൽ കൗമാരക്കാരുടെ നിരക്ക് 6.2 ശതമാനമായി ഉയർന്നത്. യുവതലമുറ പുകവലി ശീലത്തിലേയ്ക്ക് കൂടുതലായി അടിമപ്പെടുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നഗരവാസികളെ അപേക്ഷിച്ച് ഗ്രാമവാസികളായ പെൺകുട്ടികൾക്കിടയിലാണ് ഈ പ്രവണത കൂടുതലെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്തുകൊണ്ട് കൗമാരക്കാരികൾക്കിടയിൽ പുകവലി ശീലം വർദ്ധിക്കുന്നു?

പഴയതലമുറയിൽ കൗമാരക്കാർ കൂടുതലും നിഷ്‌കളങ്കരായിരുന്നുവെങ്കിൽ ഇന്നത്തെ തലമുറയിലെ കുട്ടികൾ പക്വമതികളാണ്. അവർ ലോകത്തിൽ നടക്കുന്ന മാറ്റങ്ങളുമായി വളരെ പെട്ടെന്ന് അടുക്കുന്നു. പണ്ടുകാലത്ത് പാടത്തും പറമ്പിലും കുട്ടികൾ കളിച്ചുതിമിർത്തിരുന്നത് ഇന്ന് ലോകം മുഴുവനും മൊബൈൽ ഫോണുകളിലേയ്ക്കും കമ്പ്യൂട്ടറിലേക്കുമായി ചുരുങ്ങി. അതിനാൽ തന്നെ സ്‌ക്രീനിൽ കാണുന്നത് അപ്പാടെ അനുകരിക്കുന്നതും കൗമാരക്കാർക്കിടയിൽ സാധാരണമായി മാറി.

പുകവലിയും മദ്യപാനവും ദുർശീലങ്ങൾ അല്ലെന്നും സുഹൃത്തുക്കളുടെ ഒത്തുചേരലുകളിൽ സാധാരണമാണെന്നുമുള്ള ബോധം കൗമാരക്കാർക്കിടയിൽ വളർന്നു. ചെറിയ കുട്ടികൾക്കിടയിൽപ്പോലും പ്രണയവും പ്രണയത്തകർച്ചകളും സാധാരണമായി മാറിയപ്പോൾ മിക്കവരും ആശ്വാസം കണ്ടെത്തുന്നത് പുകവലിയിലും മദ്യപാനത്തിലുമായി മാറി. ദേഷ്യവും സങ്കടവുമെല്ലാം നിയന്ത്രിക്കാനിന്ന് മിക്കവാറും കൗമാരക്കാർ ആശ്രയിക്കുന്നത് ഇവയെയാണ്. സമപ്രായക്കാരുടെ സമ്മർദ്ദവും ഈ പ്രവണതയ്ക്ക് കാരണമാകുന്നു. ഇന്നത്തെക്കാലത്ത് പെൺകുട്ടികളിൽ കൂടുതൽ പേരും സ്വന്തം നിലയിൽ നിൽക്കാനും സ്വതന്ത്രരായി ജീവിക്കാനും ഇഷ്ടപ്പെടുന്നവരാണ്. അതിനാൽ തന്നെ പല സിനിമകളിലും ചിത്രീകരിക്കപ്പെടുന്നതുപോലെ ഇൻഡിപെൻഡന്റായ, മോഡേണായ, പ്രതികരണശേഷിയുള്ള പെൺകുട്ടികളുടെ അടയാളമായി പുകവലിയും മാറുന്നു.

പുകവലിക്കെതിരായ മുന്നറിയിപ്പുകൾ 2012 മുതലാണ് സിനിമാ സ്‌ക്രീനുകളിൽ പ്രത്യക്ഷപ്പെടാൻ ആരംഭിച്ചത്. ഇതിനുശേഷം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും മറ്റും പുകവലിക്കുന്നതായുള്ള ദൃശ്യങ്ങൾ കുറഞ്ഞു. എന്നാൽ ഒടിടി പ്ളാറ്റ്‌ഫോമുകൾ എത്തിയതിനുശേഷം പുകവലിക്കുന്നതായുള്ള ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നത് വീണ്ടും വർദ്ധിച്ചുവെന്ന് പബ്ളിക് ഹെൽത്ത് ഫൗണ്ടേഷൻ ഒഫ് ഇന്ത്യയിലെ പ്രൊഫസർ മോണിക്ക അറോറ പറയുന്നു. പുകവലി ഫാഷന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും അടയാളമായി മാറുന്നതിന്റെ മറ്റൊരു കാരണം പുകയില കമ്പനികൾ ഈ മേഖലയിൽ നിന്ന് സ്ത്രീകളെ മാറ്റിനിർത്തുന്നതാണെന്നും പ്രൊഫസർ പറയുന്നു. പുകയിലയുടെ ആധുനിക രൂപങ്ങളായ വേപ്പ്, ഇ- സിഗരറ്റുകൾ ഫാഷൻ ഐക്കണുകളായി ചിത്രീകരിക്കപ്പെടുന്നതും കൗമാരക്കാരികളെ പുകവലി ശീലത്തിലേയ്ക്ക് അടുപ്പിക്കുന്നു.

ഇ-സിഗരറ്റുകൾ സുരക്ഷിതമാണെന്ന് പ്രചരിപ്പിക്കുന്ന പ്രവണതയുമുണ്ട്. അവ പോർട്ടലുകളിലും ഗ്രേ മാർക്കറ്റുകളിലും എളുപ്പത്തിൽ ലഭ്യമാണ്. ഉപഭോക്താവിന്റെ പ്രായം പരിശോധിക്കാതെയാണ് ഇവ വിൽക്കുന്നത് എന്നതുകൊണ്ടും കൗമാരക്കാരെ ഈ ഉത്‌പന്നങ്ങളിലേയ്ക്ക് അടുപ്പിക്കുന്നു. നിയമങ്ങൾ പൂർണ്ണമായും ലംഘിച്ചാണ് ഇവ വിൽക്കുന്നതെന്നും പ്രൊഫസർ വിമർശിച്ചു.

പുകവലി കൗമാരക്കാരായ പെൺകുട്ടികളെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു?

കൗമാരപ്രായക്കാരായ പെൺകുട്ടികളിൽ പുകവലി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ക്രോണിക് ബ്രോങ്കൈറ്റിസ്, ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) എന്നിവയുൾപ്പെടെയുള്ള ശ്വാസകോശ, ഹൃദയ രോഗങ്ങൾ ഇവയിൽ ഉൾപ്പെടുന്നു.

2019ൽ ജേർണൽ ഒഫ് അമേരിക്കൻ കോളേജ് ഒഫ് കാ‌ർഡിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പ്രകാരം പുകവലി ശീലമുള്ള 50 വയസിന് താഴെയുള്ള സ്ത്രീകൾക്ക് പുരുഷന്മാരെ അപേക്ഷിച്ച് ഗുരുതരമായ ഹൃദയാഘാതം വരാനുള്ള സാദ്ധ്യത കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനുകാരണം ഈസ്‌ട്രൊജൻ ഹോർമോണും സിഗരറ്റിലെ ദോഷകരമായ രാസവസ്തുക്കളും തമ്മിലുള്ള പ്രതിപ്രവർത്തനം ആകാമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. സ്ത്രീകളിലെ ലൈംഗിക, പ്രത്യുൽപാദന വികസനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഹോർമോണുകളാണ് ഈസ്‌ട്രൊജൻ.

കൗമാരപ്രായക്കാരായ പെൺകുട്ടികളിലെ പ്രത്യുൽപാദന ആരോഗ്യത്തെയും പുകവലി പ്രതികൂലമായി ബാധിക്കുന്നു. ഇത് ഗർഭധാരണത്തിലെ തടസങ്ങൾ, ഗർഭം അലസൽ എന്നിവയ്ക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ജനിക്കുന്ന കുഞ്ഞുങ്ങളിൽ വൈകല്യങ്ങൾ ഉണ്ടാവുന്നതിനും ഇത് കാരണമാകും. പുകവലിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് പുകവലിക്കുന്ന സ്ത്രീകൾക്ക് 50 വയസ്സിന് മുമ്പുതന്നെ ആർത്തവവിരാമം ഉണ്ടാകാനുള്ള സാദ്ധ്യത 43 ശതമാനം കൂടുതലാണെന്ന് മറ്റ് പല പഠനങ്ങളിലും വ്യക്തമാക്കുന്നു.

Advertisement
Advertisement