റെക്കാർഡ് തിരുത്തി മോദി, ഇനി മുന്നിലുള്ളത് രണ്ട് പേർ മാത്രം; ഇത് ചരിത്ര നിമിഷം

Wednesday 05 June 2024 3:49 PM IST

ന്യൂഡൽഹി: ഏഴ് ഘട്ടങ്ങളിലായിട്ടാണ് 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നത്. ഇന്ത്യ സഖ്യത്തിനും എൻ ഡി എയ്ക്കുമെല്ലാം ഒരുപോലെ നിർണായകമായ തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഇന്നലെ വിധി വരികയും ചെയ്തു. ഒരു പാർട്ടിയ്ക്കും കൂടുതലായി സന്തോഷിക്കാൻ കഴിയാത്ത രീതിയിലുള്ളതാണ് ഇത്തവണത്തെ ഫലം.

400 സീറ്റ് ലഭിക്കുമെന്ന ഓവർ കോൺഫിഡൻസോഡെയാണ് മോദിയുടെ നേതൃത്വത്തിലുള്ള എൻ ഡിഎ ഇത്തവണ മത്സരത്തെ നേരിട്ടത്. എന്നാൽ വെറും 294 ​സീ​റ്റാ​ണ് ​ലഭിച്ചത്. എന്തിനേറെപ്പറയുന്ന കുത്തകയായി കണ്ടിരുന്ന ഉത്തർപ്രദേശ് പോലും കൈവിട്ടു. 80 മണ്ഡലങ്ങളിൽ 33 സീറ്റ് മാത്രമാണ് ബി ജെ പിക്ക് ലഭിച്ചത്. സ്‌മൃതിയടക്കം നാല് കേന്ദ്രമന്ത്രിമാർ തോറ്റു.കേ​വ​ല​ ​ഭൂ​രി​പ​ക്ഷ​ത്തി​ന് 272​ ​സീറ്റ് മതി. അതിനാൽത്തന്നെ എൻ ഡി എ സർക്കാർ തന്നെ വീണ്ടും അധികാരത്തിലെത്താൻ പോകുകയാണ്.

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തന്നെ മൂന്നാം തവണയും അധികാരത്തിലെത്തിയാൽ അതൊരു ചരിത്രമാകും. പത്ത് വ‌ർഷത്തിൽ കൂടുതൽ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച ചുരുക്കം പ്രധാനമന്ത്രിമാരിലൊരാളാകും മോദി.പതിനാല് പ്രധാനമന്ത്രിമാരിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ചവരിൽ മൂന്നാം സ്ഥാനത്താണ് മോദി.

ഏറ്റവു കൂടുതൽ കാലം പ്രധാനമന്ത്രിമാരായിരുന്നവർ ആരൊക്കെയാണെന്ന് നോക്കാം...

ജവഹർ ലാൽ നെഹ്റു

പാർട്ടി - കോൺഗ്രസ്

പ്രധാനമന്ത്രിയായത് - 1947 -1964 വരെ (16 വർഷം, 286 ദിവസം)

ഇന്ത്യയുടെ ആദ്യത്തെയും ഏറ്റവും കൂടുതൽ കാലവും പ്രധാനമന്തിയായിരുന്ന വ്യക്തിയാണ് ജവഹർ ലാൽ നെഹ്റു. 1947ൽ അധികാരത്തിലെത്തിയ അദ്ദേഹം 1964 ൽ മരിക്കുന്നതുവരെ പ്രധാനമന്ത്രിയായിരുന്നു.

അണക്കെട്ടുകൾ, ശാസ്ത്ര - വിദ്യാഭ്യാസത്തിന്റെ വളർച്ച എന്നിവ ഉൾപ്പെടെ രാജ്യത്തിന് നിരവധി സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വളർച്ചയ്‌ക്കായി എല്ലാ മേഖലകളിലും അദ്ദേഹത്തിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്.

ഇന്ദിരാഗാന്ധി

പാർട്ടി - കോൺഗ്രസ്

പ്രധാനമന്ത്രിയായത് - 1966 -1977, 1980 - 1984 ( ആകെ 15 വർഷം, 350 ദിവസം

രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധി. ഹരിത വിപ്ലവം, അടിയന്തരാവസ്ഥ (1975-1977), ബാങ്കുകളുടെ ദേശസാൽക്കരണം തുടങ്ങിയവയൊക്കെ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്താണ് നടന്നത്. 1984ലാണ് കൊല്ലപ്പെട്ടത്.

നരേന്ദ്ര മോദി

പാർട്ടി - ബി ജെ പി

പ്രധാനമന്ത്രിയായത് - 2014 മുതൽ (പത്ത് വർഷം, 19 ദിവസം)

തുടർച്ചയായി മൂന്നാം തവണ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുകയാണ് എഴുപത്തിമൂന്നുകാരനായ നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിരവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ഡിജിറ്റലൈസേഷൻ, നൂതന വിദേശനയം അടക്കമുള്ളവ ഇതിൽപ്പെടുന്നു. മാത്രമല്ല വിദേശ രാജ്യങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാനും മോദി ശ്രമിക്കാറുണ്ട്.

'മോദി ഗ്യാരണ്ടി' എന്ന മുദ്രാവാക്യത്തോടെ കഴിഞ്ഞ പത്ത് വർഷം ചെയ്ത ക്ഷേമ പദ്ധതികളും രാമക്ഷേത്രവും അടക്കമുള്ളവ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ പ്രതീക്ഷിച്ച ഭൂരിപക്ഷം കിട്ടിയില്ല.

2019ൽ 4,79,505 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹം വിജയിച്ചത്. എന്നാൽ ഇത്തവണ അത് 1,52,​513 വോട്ടുകളായി കുറഞ്ഞു. 2019ൽ മോദി 674,664 വോട്ടുകൾ നേടിയിരുന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ 612,​970 വോട്ടാണ് കിട്ടിയത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ കോൺഗ്രസ് ഉത്തർപ്രദേശ് ഘടകം അദ്ധ്യക്ഷൻ അജയ് റായിയേക്കാൾ 14000ൽപ്പരം വോട്ടുകൾക്ക് പിന്നിലായിരുന്നു അദ്ദേഹം.


മൻമോഹൻ സിംഗ്

പാർട്ടി - കോൺഗ്രസ്

പ്രധാനമന്ത്രിയായത് - 2004 മുതൽ 2014 വരെ (പത്ത് വർഷം, നാല് ദിവസം)

പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ മൻമോഹൻ സിംഗ് ഒരു പതിറ്റാണ്ട് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. ജിഡിപിയിൽ ഇന്ത്യയുടെ വളർച്ചയെ ത്വരിതപ്പെടുത്തിയ സാമ്പത്തിക മാറ്റങ്ങൾ നടപ്പിലാക്കിയ സർക്കാരായിരുന്നു അദ്ദേഹത്തിന്റേത്.

അടൽ ബിഹാരി വാജ്‌പേയ്

പാർട്ടി - ബി ജെ പി

പ്രധാനമന്ത്രിയായത് - 1996, 1998 - 2004 (ആറ് വർഷവും, 80 ദിവസും)

സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തിനൊപ്പം നിന്ന നേതാവായിരുന്നു വാജ്‌പേയി. 1998ൽ വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെയാണ് പൊഖ്റാൻ 2 ആണവ പരീക്ഷണം നടന്നത്.

Advertisement
Advertisement