കാറഡുക്ക സൊസൈറ്റി തട്ടിപ്പ്: മുഖ്യപ്രതികൾ പിടിയിൽ, അറസ്റ്റിലായത് തമിഴ്‌നാട്ടിൽ നിന്ന്

Wednesday 05 June 2024 3:55 PM IST

കാസർകോട്: സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ സൊസൈറ്റിയിൽ 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി അടക്കം രണ്ടുപേർ കൂടി പിടിയിൽ. സൊസൈറ്റി സെക്രട്ടറി കർമ്മംതൊടി സ്വദേശി കെ രതീശൻ, ഇയാളുടെ റിയൽ എസ്റ്റേറ്റ് പങ്കാളി കണ്ണൂർ സ്വദേശി മഞ്ഞക്കണ്ടി ജബ്ബാർ എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ നാമക്കല്ലിൽ നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. രതീശനെ പിടികൂടാൻ ബേക്കൽ ഡിവൈ.എസ്.പി ജയൻ ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘത്തെ കൂടി കാസർകോട് ജില്ലാ പൊലീസ് മേധാവി പി.ബിജോയ് നിയോഗിച്ചിരുന്നു. ആദൂർ ഇൻസ്‌പെക്ടർ സഞ്ജയ് കുമാർ അടക്കം ആറ് പൊലീസ് ഉദ്യോഗസ്ഥർ അടങ്ങിയതായിരുന്നു പുതിയ അന്വേഷണ സംഘം.

കോടികൾ വെട്ടിച്ച സെക്രട്ടറി
കഴിഞ്ഞ മേയ് 13നാണ് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ സൊസൈറ്റിയിലെ തട്ടിപ്പ് സംബന്ധിച്ച് ആദൂർ പൊലീസിൽ പ്രസിഡന്റ് മുഖേന പരാതി നൽകിയത്. സഹകരണ വകുപ്പിന്റെ പരിശോധനയിൽ നേരത്തെ ക്രമക്കേട് ബോദ്ധ്യപ്പെടുകയും സെക്രട്ടറിയോട് തുക തിരിച്ചടക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.എന്നാൽ സെക്രട്ടറി രതീശൻ മുങ്ങിയ ശേഷം മാത്രമാണ് പരാതി പൊലീസിൽ എത്തിയത്.

തട്ടിയെടുത്ത സ്വർണം കണ്ടെടുത്തു
സൊസൈറ്റിയിൽ നിന്ന് കടത്തിക്കൊണ്ടുപോയി വിവിധ ബാങ്കുകളിൽ പണയം വച്ച 1.25 കോടി രൂപയുടെ സ്വർണ്ണം ക്രൈംബ്രാഞ്ച് കണ്ടെടുത്തുകഴിഞ്ഞു.എന്നാൽ തട്ടിയെടുത്ത മൂന്നരകോടിയിലധികം രൂപയെക്കുറിച്ച് ഇതുവരെ അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടില്ല. വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്നാണ് സൊസൈറ്റിയിൽ നിന്ന് കടത്തികൊണ്ടുപോയി പണയപ്പെടുത്തിയ സ്വർണം കണ്ടെടുത്തത്. കേസിൽ അറസ്‌റ്റിലായ മൂന്ന് പ്രതികളുമായി നടത്തിയ വിവിധ ബാങ്കുകളിൽ നടത്തിയ തെളിവെടുപ്പിലാണ് പണയ സ്വർണം പിടിച്ചെടുത്തത്.

തട്ടിപ്പിന്റെ നാൾവഴികൾ

ഏപ്രിൽ 30 - സഹകരണ വകുപ്പ് ഓഡിറ്റിംഗിൽ സ്വർണപ്പണയത്തിൽ നടത്തിയ തട്ടിപ്പ് പുറത്താകുന്നു.

മേയ് 9 സൊസൈറ്റിയിലെത്തിയ രതീശൻ ലോക്കറിലെ സ്വർണം എടുത്ത് പോകുന്നു.


മേയ് 13 ലോക്കൽ കമ്മിറ്റിയംഗമായ രതീശനെ സി.പി.എം സസ്പെൻഡ് ചെയ്യുന്നു.

മേയ് 13 തുക തിരിച്ചടക്കാത്തതിനെ തുടർന്ന് ആദൂർ പൊലീസിൽ സൊസൈറ്റി പ്രസിഡന്റിന്റെ പരാതി.

മേയ്15 അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.

മേയ് 16 സൊസൈറ്റിയുടെ സ്വർണം മറ്റ് ബാങ്കുകളിൽ പണയം വെക്കാൻ സഹായിച്ച മൂന്നുപേർ അറസ്റ്റിലായി.

Advertisement
Advertisement