പാലക്കാട്ട് ഷാഫിക്ക് പകരക്കാരനായി എത്തുന്നത് കോൺഗ്രസിന്റെ തീപ്പൊരി നേതാവ്? സ്ഥാനാർത്ഥി നിർണയം ബിജെപിക്ക് തലവേദന

Wednesday 05 June 2024 4:26 PM IST

പാലക്കാട്: വീറും വാശിയും നിറഞ്ഞ രാഷ്ട്രീയ പോരാട്ടത്തിനൊടുവിൽ വട'കര'കയറി ഷാഫി ഡൽഹിയിലേക്കുള്ള ടിക്കറ്റെടുത്തോടെ പാലക്കാട് നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക്. പാലക്കാടിനെ ഇടതുപക്ഷത്ത് നിന്നും അടർത്തിയെടുത്തശേഷം കഴിഞ്ഞ രണ്ടുതവണയും മണ്ഡലം സുരക്ഷിതമായി നിലനിറുത്തി വന്ന ഷാഫി പറമ്പിൽ വടകരയിൽ ജയിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.


2011ൽ ആദ്യ മത്സരത്തിനിറങ്ങിയ ഷാഫി സിറ്റിംഗ് എം.എൽ.എയായിരുന്ന ട്രേഡ് യൂണിയൻ നേതാവുകൂടിയായ സി.പി.എമ്മിന്റെ കെ.കെ.ദിവാകരനിൽ നിന്നാണ് 7403 വോട്ടിന് പാലക്കാട് പിടിച്ചെടുത്തത്. 2016ൽ ഭൂരിപക്ഷം 17,483 ആയി ഉയർത്തി മണ്ഡലം ഷാഫി നിലനിർത്തി. സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി നഗരസഭാ ഭരണം പിടിച്ച പാലക്കാട്, ഇടതുപക്ഷത്തെ മൂന്നാംസ്ഥാനത്തേക്ക് തള്ളിയായിരുന്നു ഷാഫിയുടെ മുന്നേറ്റം. മെട്രോമാൻ ഇ. ശ്രീധരനെ കളത്തിലിറക്കി പാലക്കാട് പിടിക്കാനുള്ള 2021ലെ ബി.ജെ.പിയുടെ ശ്രമവും ഷാഫിയുടെ വ്യക്തിപ്രഭാവത്തിന് മുന്നിൽ തകർന്നടിയുന്ന കാഴ്ചയ്ക്ക് കേരളമാകെ കൈയടിച്ചിരുന്നു.


ഷാഫിയല്ലാതെ മറ്റാരിറങ്ങിയാലും പാലക്കാട് പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് നിലവിൽ ബി.ജെ.പി ക്യാമ്പ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സി.പി.എമ്മിനാകട്ടെ നഗരത്തിൽ സ്വാധീനം കുറഞ്ഞുവരുന്ന സ്ഥിതിയാണ്. ഷാഫിയോളം പോന്ന കരുത്തനെ കളത്തിലിറക്കിയില്ലെങ്കിൽ പാലക്കാട് ബി.ജെ.പി കൊണ്ടുപോകുമെന്ന് കോൺഗ്രസിലെ ചിലർക്ക് ആശങ്കയുണ്ട്. പക്ഷേ പാലക്കാട്ടെ വി.കെ.ശ്രീകണ്ഠന്റെ ഉജ്ജ്വല വിജയം ആ ആശങ്കകളെ അപ്രസക്തമാക്കുന്നു എന്നാണ് കോൺഗ്രസുകാർ തന്നെ ചൂണ്ടിക്കാണിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ ഇറക്കി മണ്ഡലം നിലനിർത്താനാവും ശ്രമം.അടുത്തിടെ ഇടതുപക്ഷവുമായി അടുത്ത മുൻ ഡി.സി.സി പ്രസിഡന്റിന് പാലക്കാട് സീറ്റിൽ ഒരു കണ്ണുണ്ട്. സാദ്ധ്യതാ മണ്ഡലമായതിനാൽ ബി.ജെ.പിക്കും സ്ഥാനാർത്ഥി നിർണയം തലവേദനയാണ്.

Advertisement
Advertisement